Time Pass

Saturday, November 17, 2007

തീയെഴുത്ത്

പത്ര വാര്‍ത്തകള്‍
ടെലിവിഷന്‍ കാഴ്ച്ചകള്‍..
നിരത്തിലെ കാഴ്ച്ചകള്‍.
നിവ്രുത്തി ഇല്ലാ‍തെ ഞാന്‍ എഴുതിപ്പോയതാണ് ഇത്


ചാവേറിനാല്‍ ചിതറിപ്പോയ
ചിത്തം കൊണ്ടെഴുതിയ കവിത

സുനാമി കുതിര്‍ത്ത കടലാസ്സില്‍
വെള്ളത്താല്‍ കോറിയ ചിത്രം

കുരിശ്ശില്‍ തറഞ്ഞ മുള്ളിനാല്‍
തുറപ്പിച്ച വായില്‍ അവസാന വാക്ക്

തീ പാറും ചക്രവാളത്തില്‍ നിന്നു വരും
ആലിംഗനത്തിന്‍ ശീല്‍ക്കാരം

മാനഭംഗത്താല്‍ ചീര്‍ത്ത
ചുണ്ടിനാല്‍ ചുംബനം
കത്തിക്കരിഞ്ഞ വിരലുകള്‍
ചേര്‍ത്തു പതിച്ച ഒപ്പ്
മണ്ണിനടിയില്‍ നിന്നും ഉയര്‍ന്നു
നില്‍ക്കും വിരലുകളാല്‍ മംഗളം
വരള്‍ച്ചയാല്‍ വിണ്ടു കീറിയ
ഹ്രുദയം കൊണ്ടൂ സ്വീകരിക്കാന്‍
അപേക്ഷ.....

Monday, November 12, 2007

ഭയം

ജനിച്ച അന്നു മുതലാണ്
ഞാന്‍ മരണത്തെ ഭയക്കാന്‍ തുടങ്ങിയത്
പതിയെ പതിയ വളരുന്തോറും
ഞാന്‍ പ്രായത്തെ ഭയന്നു തുടങ്ങി.
പരിചയങ്ങള്‍ കൂടുംതോറും
ശത്രുതയും വളരുന്നതു ഞാനറിഞ്ഞു.
പ്രേമിച്ച അന്നു തന്നെ
പ്രേമനൈരശ്യത്തിന്റെ ഭീകരതകള്‍
എന്റെ ഉറക്കം കെടുത്തിയിരുന്നു
വിവാഹത്തിനു ശേഷമാണ്
ഞാന്‍ വിവാഹ മോചനത്തെക്കുറീച്ചാലോചിക്കുന്നത്
അച്ഛനായപ്പോള്‍
അപ്പൂപ്പനാകുന്നതിനെ ഞാന്‍ ഭയന്നു തുടങ്ങി
മുടികള്‍ക്കു നിറം വെളുത്തപ്പോള്‍
നിരങ്ങളെയാകെ ഞാന്‍ വെറുത്തു കഴിഞ്ഞിരുന്നു.
വിശ്രമം മാത്രം ബാക്കിയായപ്പോള്‍
ഒരു ജോലിയെക്കുറിച്ചെനിക്കാധി കൂടി
ബലഹീനത പതിയെ എന്നിലെക്കണയുമ്പോള്‍
ബലവാന്മാരെ ഞാന്‍ വെറുത്തു തുടങ്ങി
മരിക്കുമ്പോള്‍
മാത്രമാണ്
ജീവിതത്തില്‍ ഞാനാകെ ഭയക്കാതിരുന്നത്

Sunday, September 23, 2007

സങ്കടന്‍

ഒരിക്കല്‍ ഒരു പോക്കു പോണം

തപ്പി നടക്കണം എന്നെ അവരൊക്കെ

തള്ളി പറഞ്ഞവര്‍, ഇരുട്ടടി അടിച്ചവര്‍

മാറിനിന്നവര്‍,മറുകണ്ടം ചാടിയോര്‍

കരയിച്ചോര്‍, ചിരിച്ചോര്‍

ആരും കണ്ടു പിടിക്കരുത്

ഒരിക്കലും,

ഞാന്‍ മരിച്ചു പോയെന്ന സത്യം

Thursday, September 20, 2007

വെളുപ്പ്

“നിന്റെ വീടെവിടെയാ?”ബ്രോക്കര്‍ വാസുവിന് മുന്നൂറ് രൂപ കൊടുത്ത് പറഞ്ഞു വിട്ട ശേഷം മുറിയുടെ കതക് ഉള്ളില്‍ നിന്നടച്ചു കൊണ്ട് ഞാനവളോ‍ടു ചോദിച്ചു
അവള്‍ ഏതോ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു .ബനിയന്‍ ഊരി കട്ടിലില്‍ ഇടവേ ബനിയന്റെ തൂവെള്ള നിറത്തിനു നേരെ എതിര്‍ നിറമുള്ള എന്റെ ശരീരത്തിലെ ഇല്ലാ‍ത്ത മസിലുകള്‍ ഒന്നു പെരുപ്പിക്കാന്‍ ഞാന്‍ വ്രുഥാ ശ്രമിച്ചു
‘നിക്കാണെങ്കില്‍ സംസ്ക്കാരവും ആഭിജാത്യവും ഇല്ലാത്തവരുമായി ബന്ധപ്പെടുന്നതു പോയിട്ടു സംസാരിക്കുന്നതു പോലും ഇഷ്ടമല്ല” ഒരു സിഗരട്ട് കത്തിച്ച് , പുക അവളുടെ നേരെ ഊതിക്കൊണ്ട് ഞാന്‍ പറഞ്ഞു
വെറുതെ എന്നെ ഒന്നു നോക്കിയ ശേഷം അവള്‍ എനിക്കു പുറം തിരിഞ്ഞു നിന്ന് ചുരിദാര്‍ ഊരി അയയില്‍ വിരിച്ചു
എല്ലുകള്‍ തെളിഞ്ഞതെങ്കിലും അവളുടെ വെളുത്ത ശരീരത്തെ ഞാന്‍ തെല്ലു അസൂയയോടെ നോക്കി
‘സംവരണമാണെങ്കിലും അല്ലെങ്കിലും പ്രീഡിഗ്രി പാസ്സായ ഉടന്‍ തന്നെ എനിക്കു ജോലി കിട്ടി നല്ല ശമ്പളവും കിട്ടുന്നുണ്ട്’
പതിയെ അവളുടെ അരികെ ചെന്ന് അവളെ ഞാനെന്റെ കരവലയത്തിലാക്കി
‘എന്റെ കൂടെ ഒരു രാത്രി കഴിയാന്‍ വന്ന നിന്നോട് വിദ്യാഭ്യാസത്തെ പറ്റിയും കുടുംബ മഹിമയെ പറ്റിയും ഒക്കെ ഞാനെന്തിനു പറയണം?’
ചിരിച്ചു കൊണ്ട് ഞാന്‍ സിഗരെട്ട് തറയില്‍ ഇട്ട് ചവിട്ടി അരച്ചു
“പത്താം ക്ലാസ്സ് വരെയെങ്കിലും പഠിക്കാന്‍ ശ്രമിച്ചോ നീ?”
വെറുതേ ഞാന്‍ ചോദിച്ചു
“ഉവ്വ ശ്രമിച്ചു” അവള്‍ പറഞ്ഞു
“തുടര്‍ന്നു പഠിക്കായിരുന്നില്ലേ? ഈ ഗതി വരില്ലായിരുന്നല്ലോ? ഞാന്‍ ചിരിച്ചു
‘തുടര്‍ന്നും പഠിച്ചു’ അവള്‍ മൊഴിഞ്ഞു
“പ്രീഡിഗ്രി തോറ്റപ്പോ നിര്‍ത്തിക്കാണും” ഞാന്‍ ആത്മഗതം പോലെ പറഞ്ഞു
ഞാന്‍ കിതച്ചു തുടങ്ങിയിരുന്നു
“ഇല്ല എം എസ്സ് സിക്കു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് ,എം എസ്സ് ഡബ്ലിയുവിനു സെക്കന്‍ഡ് ക്ലാസ്സുണ്ട് ,കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്തു“
“ പക്ഷെ ജോലിയൊന്നും കിട്ടിയില്ല ഞാ‍നൊരു സവര്‍ണ്ണയാണ്”
അവജ്ഞ നിറഞ്ഞ ഒരു ചിരി അവള്‍ എന്റെ നേരെ എറിഞ്ഞു
അതു കാ‍ണാതെയിരിക്കാന്‍ ഞാന്‍ മുഖം ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു

Tuesday, September 18, 2007

നാളെ

ഇന്നലെ ഞാനൊരു വര വരച്ചു
വെറുമൊരു നിമിഷത്തിന്‍ അക്ഷര പകുതിയില്‍
ഇന്നലെത്തന്നെ അതു മായ്ച്ചു കളഞ്ഞു
ഇന്നു നീയൊരു വര വരച്ചു
ഇന്നലെയ്ക്കും നാളെയ്ക്കും ഇടയില്‍ പിറന്നൊരു
ഇന്നിന്റെ വരയെ ഞാന്‍ തൂത്തു കളഞ്ഞു
നാളെയൊരു വരയായി പടരാന്‍ തോന്നുമ്പോള്‍
നല്ലൊരു വരയാകാന്‍ ഞാനില്ല നീയില്ല
നന്മ പകര്‍ന്നൊരു ഇന്നിനേം ഇന്നലേം
നിര്‍ലജ്ജം നി‍ഷ്കരുണം മായ്ച്ചവരല്ലെ നാം?

Tuesday, September 11, 2007

പൂഴി

പാഴായ വരികളും
പാഴായ വരകളും
പാഴായ വര്‍ണ്ണവും
പാഴായ സ്വപ്നവും
പാഴായ ദിനങ്ങളും
പാഴായ ചായവും
പാഴായ മോഹവും
പാഴായ ഭൂവിതില്‍
പഴിയായി ഞാനും.......

Saturday, July 21, 2007

ബിസി, പ്രശ്ന പരിഹാരം- രണ്ടു കവിതകള്‍.

ബിസി
ഹേ......അപരിചിതാ....!
ആരോ എന്നെ വിളിച്ചു
ഞാന്‍ ചുറ്റും നോക്കി
ദേ...ഇവിടെ.....
വല്ലപ്പോഴുമെങ്കിലും
ഉള്ളിലേക്കു നോക്കണേ....
(അതെന്റെ മനസ്സായിരുന്നു)
പ്രശ്ന പരിഹാരം
ഉറങ്ങുന്നോന് ഉണരുമെന്ന പ്രശ്നം
ഉണര്‍ന്നവനു ഉണര്‍ന്നതിന്റെ പ്രശ്നം
ഉണരാത്തവനു ഉണര്‍ന്നാലുള്ള പ്രശ്നം
ഉറക്കമേ വരാ‍ത്തവനു അതൊരു പ്രശ്നം
ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിനായി
ഒരു പൊതു താല്പര്യ ഹര്‍ജ്ജി പോയേക്കും

Wednesday, July 18, 2007

പോക്ക് -നുറുങ്ങ് കവിത

വാക്ക് എന്ന വാക്ക്
നോക്ക് എന്ന വാക്ക്
പോലെ
വായിക്കുമ്പൊ വിക്കില്ല
രണ്ടക്ഷരമേ ഉള്ളുവെങ്കിലും
വാക്കാല്‍ പറയാവുന്നതിനതിരില്ല
വായില്‍ കൊള്ളാത്തതു പറയാനും
വീണ്‍ വാക്കു പറയാനും
വിട്ടു വീഴ്ച്ച ചെയ്യാനും
രണ്ടക്ഷരം
വാ-ക്ക്!

Thursday, July 12, 2007

കാവാലം

ദൂരെ ദൂരെയായ് കായലിനപ്രത്ത്॥
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ചമലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം

മുണ്ടും നേര്യതും ഉടുത്തുള്ള പെണ്ണുങ്ങള്‍
തോര്‍ത്തു ധരിച്ചുള്ളോരാണുങ്ങളും
പാടത്തു പണികളും പശുവിനെ മേയ്ക്കലും
വായന ശാലയില്‍ ചര്‍ച്ചകളും

ദുരേ ദൂരേയായ് കാണുന്നൊ കാണുന്നോ
കാവാലമെന്നൊരെന്‍ ഗ്രാമത്തിനെ...

പാടത്തു വരമ്പുകള്‍
വരമ്പിന്മേല്‍ തവളകള്‍
തവളയ്ക്കു പിന്നിലായ്
പരുങ്ങുന്ന ചേരകള്‍

പച്ചില കൊഴിക്കുന്ന
ആല്‍മരം സാക്ഷിയായ്
നിദ്രയേ പൂകുന്ന
പ്രായത്തില്‍ മൂത്തവര്‍

തോട്ടിലെ പായലില്‍
തെളിയുന്ന മീനുകള്‍
ഇഴയുന്ന നീര്‍ക്കോലി
പുരകിലായ് പുളവനും

തോടിനു മുകളിലായ്
തെങ്ങിന്‍ തടി പാലങ്ങള്‍
താഴെയായ് കെട്ട്വള്ളം
തുഴയുന്ന ചെറുമികള്‍

തെച്ചിപ്പൂ മാലകള്‍
കോര്‍ത്തൊരു സന്ധ്യകള്‍
വിളക്കുകള്‍, പിന്നിലായ്
തെളിയുന്ന ദൈവങ്ങള്‍

ഈറനുടുത്തൊരു
ഗ്രാമീണ പെണ്‍കൊടി
അവളുടെ തുളസിതന്‍
ഗന്ധമായ് കേശവും

മുനിയുന്ന തെളിയുന്ന
മങ്ങുന്ന വിളക്കുകള്‍
പാ0ങ്ങള്‍ പഠിക്കവെ
വിശക്കുന്ന പയ്യന്മാര്‍

പുഴുങ്ങിയ നെല്ലിന്റെ
മണം വാര്‍ക്കും മുറീകളില്‍
തൊട്ടിലില്‍ കിടന്നോണ്ടു
കാറുന്ന കുഞ്ഞുങ്ങള്‍

മിറ്റത്തു ചട്ടിയില്‍
പിടയ്ക്കുന്ന ബ്രാലുകള്‍
അടുത്തായി വാലാട്ടി
കുറുകുന്ന പൂച്ചകള്‍

കമുകിന്റെ പാളയില്‍
അനിയനെ ഇരുത്തീട്ടു
മുറ്റത്തു വലിച്ചോണ്ടു
നടക്കുന്ന ചേച്ചിമാര്‍

പൊക്കത്തില്‍ നില്‍ക്കുന്ന
മാങ്ങകള്‍ കല്ലേറില്‍
വീഴ്ത്തീട്ടു മുളകുമായ്
തട്ടുന്ന ബാലന്മാര്‍

പൂവാലിം പാഞ്ചാലീം
വാലാട്ടി നില്‍ക്കുന്ന
തക്കത്തില്‍ പാലു
കവരുന്നോരമ്മമാര്‍

ദൂരെ ദൂരെയായ് കായലിനപ്രത്ത്
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ച മലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം!

Sunday, April 15, 2007

ആഴം രണ്ട്ടാം ഭാഗം

അനൌണ്‍സ് മെന്റിനവസാനം ആ യുവാവ് നീന്തല്‍ക്കുളത്തിലെ ജലപ്പരപ്പിലേക്കു കുതിച്ചു ചാടി।
കൈയടികള്‍ നിലയ്ക്കുന്നതിനു മുന്‍പു തന്നെ ജലപ്പരപ്പില്‍ അയാളുടെ വിളറി വെളുത്ത ചുവന്ന മുഖം ദൃശ്യമായി।കിതച്ചിരുന്ന അയാളുടെ മുഖത്ത് നിരാശയും ജീവന്‍ തിരിക ലഭിച്ചതിലുള്ള സന്തോഷവും ഒരുമിച്ചു തെളിഞ്ഞു।
അയാള്‍ കരയില്‍ കയറുമ്പോഴേക്കു തന്നെ, സമൂഹത്തില്‍ പ്രശസ്തനും മാന്യനുമായ ഒരാ‍ള്‍ കോട്ടും റ്റൈയും അഴിച്ച് രംഗത്തെത്തിയിരുന്നു।
അദ്ദേഹവും ജലപ്പരപ്പിലേക്കു ചാടി।
നിമിഷ നേരത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ അനുയായികള്‍ അതോ സുരക്ഷാ ഉദ്യോഗസ്ഥരോ, നീന്തല്‍ കുളത്തിലേക്കു ചാടുകയും താമസിയാതെ ആ പ്രധാന വ്യക്തിയെ രക്ഷിച്ചു കൊണ്ടു വരികയും ചെയ്തു।
നേരം കടന്നു പോകും തോറും മത്സരത്തിന്റെ രസം നശിച്ചു കൊണ്ടിരുന്നു।ഒരാള്‍ പോലും ഒരു മിനിറ്റു പോലും ആഴമേറിയ ആ ജലാശയത്തില്‍ ചിലവഴിക്കാതെ തിരികെ വന്നു കൊണ്ടിരുന്നു।
ആളൊഴിയവെ പെട്ടെന്നു ഞാന്‍ എന്നെ പറ്റി,എന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയേ പറ്റി,എന്റെ നിസ്സഹായാവസ്ഥയെ പറ്റി ഓര്‍ത്തു....ഞാന്‍ വരുന്നതും കാത്ത്॥വീട്ടില്‍ എത്ര പേര്‍...നിസ്സാരം കടുകു മുതല്‍ ഉടന്‍ വേണ്ട മരുന്നു വരെ എന്തെല്ലാം ആവശ്യങ്ങള്‍!...പത്തു പവന്‍ കിട്ടിയാല്‍ ഒരിക്കലും വിരിയാത്ത പുഞ്ചിരി തന്റെ കുടുംബാംഗങ്ങളുടെ മുഖങ്ങളില്‍ കാണാന്‍ കഴിയും...ആദ്യമായി അമ്മാവന്‍ ഉറക്കെ പറയും....ഓ॥”അനന്തിരവന്‍ കുടുംബത്തിലേക്കു വരുമാനം കൊണ്ടുവന്നിരിക്കുന്നു....’
“സര്‍..ഞാനൊന്നു ശ്രമിച്ചോട്ടെ?” ഒരു മാന്യന്റെ അടുത്തു ചെന്നു ഞാന്‍ പതിയെ ചോദിച്ചു।
അയാള്‍ എന്നെ അടിമുടി നോക്കി.
‘കോട്ടും റ്റൈയും ഒന്നുമില്ല അല്ലേ?”
വെള്ളത്തില്‍ ചാടാന്‍ കോട്ടെന്തിനാ എന്നു ചോദിക്കാതെ ഞാന്‍ വിനയത്തോടെ പറഞ്ഞു..”തിരക്കിനിടയില്‍ എടുത്തില്ല....!”
ആളൊഴിഞ്ഞു തുടങ്ങിയിരുന്നു.ചാടുന്നവര്‍ അപകടത്തില്‍ പെട്ടാല്‍ രക്ഷിച്ച് ചികിത്സിക്കാന്‍ തയ്യാറായി നിന്നവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു.
“ഉം ശരി ..ശ്രമിച്ചു നോക്കിക്കോളോ”‍ അയാള്‍ എന്നേ നോക്കാതെ പറഞ്ഞു.
നീന്തലറിയോ എന്നാരും ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ പതിയെ, മുഷിഞ്ഞ ഷര്‍ട്ടും പാന്റും അഴിച്ച് വച്ച് ഞാ‍ന്‍ നീന്തല്‍ കുളത്തിലേക്കിറങ്ങി.
ഇരുട്ടി തുടങ്ങിയിരുന്നു.ആഴത്തില്‍ ഒന്ന് ശ്വാസമെടുത്ത് വെള്ളത്തിലേക്കൂളിയിടുമ്പോള്‍ എന്റെ ലക്ഷ്യം സ്വര്‍ണം മാത്രമായിരുന്നു.
താഴെ, ചങ്ങലയില്‍ പൊതിഞ്ഞ പെട്ടി തുറക്കുമ്പോള്‍ പുറത്തേക്കു വീടാനിനി ഇല്ലാത്ത വിധം ശ്വാസം ഞാന്‍ നിശ്വസിച്ചു കഴിഞ്ഞിരുന്നു.
ചങ്ങലയില്‍ നിന്നും വിമുക്തമാക്കപ്പെട്ട സ്വര്‍ണ്ണമാല, തണുത്ത ജലത്തില്‍ വിറച്ചിരുന്ന എന്റെ കൈയ്യില്‍ ഇരുന്നു തിളങ്ങി..
‘മോനേ..നീ ഒരു കുടുംബത്തെ രക്ഷിച്ചു...’ അമ്മയുടെ ശബ്ദം ഞാന്‍ കേട്ടു.
“അവന്‍.....ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ..അവന്‍ നല്ല മനസ്സുള്ളവനാ” അമ്മ അച്ചനോടു അഭിമാനത്തോടെ പറയുന്നതു ഞാന്‍ കേട്ടു.
തിരികെ മുകളിലേക്ക് ഉയരാന്‍ ആഞ്ഞ എന്റെ കാലില്‍ ഭാരിച്ച ചങ്ങല ചുറ്റിയതു ഞാന്‍ കണ്ടു
34വയസ്സായി നിന്റെ പെങ്ങള്‍ക്ക്.ആദ്യം അവളുടെ കല്യാണം നടത്തണം.എന്നിട്ടു മതി എന്റെ കണ്ണ് ഓപ്പറേഷനൊക്കെ....” അമ്മൂമ്മ തന്റെ തൊലി പോലെ ചുളുങ്ങിയ വെറ്റിലയുടെ ഞെട്ട് അടര്‍ത്തി മാറ്റുകയായിരുന്നു.
സ്വര്‍ണ്ണം....കയ്യില്‍...മുകളിലേക്കുയരാന്‍ പറ്റുന്നില്ല...ശ്വാസം നിലയ്ക്കുന്നു...ഞാന്‍ പിടഞ്ഞുകൊണ്ടിരുന്നു.
കൂടുതല്‍ കൂടുതല്‍ കുരുങ്ങിക്കൊണ്ടിരുന്ന ചങ്ങലയില്‍, തണുത്ത ജലത്തില്‍ , എന്റെ കണ്ണില്‍ നിന്നുമടര്‍ന്ന രണ്ടു തുള്ളി കണ്ണുനീര്‍ കൂടി കലര്‍ന്നു...
“ ഓ!ഇനി അവന്‍ അപ്രത്തു കൂടിയെങ്ങാനും സ്വര്‍ണ്ണവുമായി കടന്നു കാ‍ണും...”
മുകളില്‍ എന്നെ കാത്തു മടുത്ത മാന്യന്‍ പതിയെ തിരിഞ്ഞു നടന്നു....

Saturday, March 17, 2007

ആഴം

അസ്തമിച്ച സൂര്യനുപേക്ഷിച്ചു പോയ രക്തക്കറയുടെ ശേഷിപ്പുകള്‍ ചക്രവാളത്തില്‍ മായാതെ കിടന്നിരുന്നു.
തിരക്കില്‍ വീര്‍പ്പു മുട്ടിയ വീഥിയിലൂടെ നിര്‍വികാരത അനിവാര്യതയാക്കിയ മുഖഭാവത്തോടെ യാത്രികര്‍ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരുന്നു.
അകലെ കാണപ്പെട്ട വലിയ നക്ഷത്ര ഹോട്ടലിന്റെ ചാരത്ത് നീന്തല്‍ കുളത്തിനരികെ ചെറിയൊരു ആള്‍ക്കൂട്ടം കാണാമായിരുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അങ്ങോട്ടേക്കു നടന്നു.
കാഴ്ച്ചയില്‍ മലയാളിയെന്നു തോന്നുന്ന ഒരാള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഈ നക്ഷത്ര ഹോട്ടലിന്റെ പുതുതായി പണിത, ഏറ്റവും വലുതും ആഴമേറിയതുമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനമാണിന്ന്...”
ഉദ്യാനത്തില്‍ മദ്യ ഗ്ലാസ്സുകള്‍ കൈയില്‍ തിരുകി , ഇരിക്കയും സംസാരിക്കയും ചെയ്തിരുന്നവര്‍ അയാള്‍ പറയുന്നതിനു കാതോര്‍ക്കാന്‍ നിശ്ശബ്ദരായി.
“ മനോഹരമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്രത്യേക മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്”ഹോട്ടലിന്റെ ഉടമയെന്നു തോന്നിച്ച അയാള്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല.
“ഈ നീന്തല്‍ കുളത്തിന്റെ അടിയില്‍ ചരടുകളാല്‍ ബന്ധിക്കപ്പെട്ട ഒരു പെട്ടിയില്‍ 15 പവന്റെ ഒരു സ്വര്‍ണ്ണ മാല ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്..ധൈരമുള്ളവര്‍ക്കു ചാടി ആ ആഭരണം സ്വന്തമാക്കാം..”
നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു വെളുത്തു ചുവന്ന ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.
“ഇതാ..ധൈര്യശാലിയായ ഒരു യുവാവ് കടന്നു വന്നിരിക്കുന്നു....ചാടിക്കോളു..റെഡി ..വണ്‍...ടു....”

Thursday, March 1, 2007

മെട്രോ

മീറ്റിങ്ങുകള്‍ ..സെമിനാറുകള്‍..ഡിസ്കഷനുകള്‍...പാര്‍ട്ടികള്‍..തിരക്കില്‍ നിന്നും തിരക്കിലേക്ക്...
നിന്നു തിരിയാന്‍ സമയമില്ല..എത്ര ലക്ഷമാണ് ബാങ്കിലേക്കൊഴുകുന്നതെന്നു നോക്കാന്‍ പോലും സമയമില്ല...
ഹോ..മറ്റൊരു ദിവസത്തിന്റെ അവസാനമെത്തിയതില്‍ ആശ്വസിച്ചു, നെടുവീര്‍പ്പിട്ട് ഞാന്‍ കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്ത് എ സി ഓണ്‍ ചെയ്ത് അല്‍പ്പനേരമിരുന്നു.
നേരെ ക്ലബ്ബില്‍ പോയി രണ്ടു ലാര്‍ജ്ജടിച്ച് ഫ്ലാറ്റില്‍ ചെന്ന് പോപ്പി മോനെയും ശൂശുമോളെയും ഓമനിച്ചെന്നു വരുത്തി ചൂടു വെള്ളം നിറച്ച ടബ്ബില്‍ അല്‍പ്പം കിടക്കണം...ഞാന്‍ തീരുമാനിച്ചു.
നഗര വീഥിയിലും തിരക്ക്...അവിടെയും ഇവിടെയും ചറ പറാന്നു നീങ്ങുന്ന ജനങ്ങള്‍...
എന്നെപ്പോലെ തിരക്കുള്ള വി ഐ പി കള്‍ക്കു തടസ്സമായി റോഡു മുറിച്ചു കടക്കുന്ന, ചിരിക്കുന്ന, കരയുന്ന, പൊതു ജനം...എനിക്കറപ്പു തോന്നി..
പ്രഥാന വീഥിയില്‍ നിന്നും ചെറിയൊരു എളുപ്പ വഴിയിലേക്കു കയറുമ്പോള്‍ പതിയെ റോഡു മുറിച്ചു കടക്കുന്ന ഒരു മെലിഞ്ഞ മദ്ധ്യ വയസ്കനെ ഞാന്‍ കണ്ടു.
ഓരോന്നാലോചിച്ച് പരിസര ബോധമില്ലാതെ നടക്കുന്ന ഇവരേയൊക്കെ എന്തു ചെയ്യുമെന്നാലോചിച്ച് കാര്‍ മുന്നോട്ടെടുക്കുമ്പോഴാണ് അയാളുടെ മുഖം കണ്ടു നല്ല പരിചയം ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.
കാര്‍ അല്പം മുന്നോട്ട് പോയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഫീസ്സില്‍ നിന്നു റിട്ടയര്‍ ചെയ്തു പോയ അലിയാണോ? അതൊ ഡ്രൈവര്‍ കുട്ടന്‍പിള്ളയുടെ പിതാവാണൊ? ആര്‍ക്കറിയാം...? ഞാന്‍ കാര്‍ വീണ്ടും മുമ്പോട്ടെടുക്കുവാനാഞ്ഞു.
എന്തോ ഒരു സംശയ നിവാരണം വരുത്തല്‍ അനിവാര്യമാണെന്നു തീരുമാനിച്ച ഞാന്‍ കാര്‍ നിര്‍ത്തി.
കൈയ്യിലൊരു മുഷിഞ്ഞ പ്ലാസ്റ്റിക് ബാഗുമായി പതിയെ നടന്നു വരുന്ന മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്റെ മുഖത്തു നോക്കി ഞാന്‍ വിളിച്ചു....
“എക്സ് ക്യൂസ് മി...താങ്കളെ എവിടെയോ കണ്ടു മറന്ന പോലെ..ആരാണ്..താങ്കള്‍..?”
“ഓര്‍ക്കാന്‍ വഴിയില്ല ..” ഞരമ്പുകളും വിയര്‍പ്പുചാലുകളും ഇടകലര്‍ന്ന മുഖത്തെ തീക്ഷ്ണമായ രണ്ടു കണ്ണുകളാല്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു....
“ഞാന്‍...ഞാന്‍ നിന്റെ..പിതാവാണ്...”

Friday, February 16, 2007

ആത്മഹത്യകളുണ്ടാകുന്നത്...

“കുടുംബം ആത്മഹത്യ ചെയ്തു...ഗൃഹനാഥനും ഭാര്യയും മകളും മകനും അടങ്ങുന്ന കുടുംബം കെട്ടിത്തൂങ്ങി മരിച്ചു.സാമ്പത്തിക ബാധ്യതയാവും കാരണമെന്നു സംശയിക്കുന്നു..” പത്ര വാര്‍ത്ത വായിച്ചു, പല്ലി കരയുന്ന ശബ്ദമുണ്ടാക്കി നിങ്ങള്‍ മറ്റു വാര്‍ത്തകളിലേക്കു കടന്നു പോയിരിക്കാം. പക്ഷെ എനിക്കതിനാവുന്നില്ല..ഞാനീ വാ‍ര്‍ത്തയില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. എന്തായിരിക്കാം അവര്‍ക്കു സംഭവിച്ചത്?
ഫ്ലാഷ് ബാക്ക്......
ഉറക്ക ഗുളിക രണ്ടെണ്ണം കഴിച്ച്, ഏസി ഓണാക്കി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ടെലിഫോണ്‍ ബെല്ലടിച്ചത്.
‘ശല്യം..!” പിറുപിറുത്തു കൊണ്ട് ഭാര്യ തിരിഞ്ഞു കിടന്നു.
ഞാന്‍ കൈയെത്തി ഫോണെടുത്തു.
‘ആരാ?”
‘സാര്‍..ഞാന്‍ ബാലചന്ദ്രനാണ്..പലിശയ്ക്കു..2 ലക്ഷം രൂപ കടം വാങ്ങിയിരുന്ന ബാലചന്ദ്രന്‍..തിരികെ തരേണ്ട തീയതി കഴിഞ്ഞ് അഞ്ചാറ് അവധിയും കഴിഞ്ഞൂന്നറിയാം...സര്‍..ഒരു തവണത്തേക്കു കൂടി ഒരവധി തരുമോ സര്‍..ഞാ‍ന്‍ കാലു പിടിക്കാം സര്‍..മകള്‍ക്കു സുഖമില്ല..അവളുടെ ഹാര്‍ട്ടിന്.....”
വിയര്‍ത്തു വിളറിയ, ചിലമ്പിച്ച, വിവശമായ ഒരു ശബ്ദമായിരുന്നു അത്.
നിദ്രയ്ക്കു ഭംഗം വന്ന ദേഷ്യവും നൂറ്റുക്ക് പത്ത് പലിശയ്ക്ക് കാശു കൊറ്റുത്തിട്ട് സമയത്തിനു തിരികെ തരാത്തവനോടുള്ള അമര്‍ഷവും എന്നില്‍ പതഞ്ഞു പൊങ്ങി.
“കാശിനാവശ്യം വന്നപ്പൊ.കാലു പിടിച്ച് .കെഞ്ചി കരഞ്ഞിട്ട് ഇപ്പോ..തെണ്ടിത്തരം കാണിക്കുന്നോടാ നായെ..“ഞാന്‍ അലറി.
“നാളെ രാവിലെ 11 മണിക്ക് ഞാനും എന്റെ ചുണക്കുട്ടമ്മാരും നിന്റെ വീട്ടിലെത്തും...മൊത്തം തുകയും നാളെ വരെയുള്ള പലിശയും കിട്ടിയില്ലെങ്കില്‍..നിന്റെ ശവം നിന്റെ വീട്ടില്‍ തന്നെ തൂങ്ങിയാടും..പിന്നെ ചില കലാപരിപാടികള്‍ക്കു ശേഷം നിന്റെ ഭാര്യേടെം മകടെം ആ കൊച്ചു പയ്യന്റെം ശരീരവും...”
രാവണനെ വെല്ലുന്ന ചിരി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
അപ്പുറത്ത്..അയാളുടെ കരച്ചില്‍ പോലെയെന്തോ കേട്ടെങ്കിലും ഞാ‍ന്‍ ഫോണ്‍ ഡിസ് കണക്റ്റ് ചെയ്തു.
രാവിലെ 11 മണി.
രണ്ടു ജീപ്പുകളിലായി ഞാനും എന്റെ സംഘവും ബാലചന്ദ്രന്റെ വീട്ടു പടിക്കലെത്തുമ്പോള്‍ പുറത്തെങ്ങും ആരുമില്ലായിരുന്നു.
ജിപ്പു സഡണ്‍ ബ്രേക്കിട്ടപ്പോള്‍ ഒന്നു കുലുങ്ങിയ ഓലപ്പുര അപ്പോള്‍ തന്നെ ഇടിഞ്ഞു വീണേക്കുമോ എന്നു ഞാന്‍ ഭയന്നു.
“ഇതിനാത്താണൊ..34 കാരി സുന്ദരി ഭാര്യെം 16 കാരി മകളേം ഇയാള് കാത്തു സൂക്ഷിക്കുന്നെ?’ഞാന്‍ പറഞ്ഞതു കേട്ട് ഗുണ്ടകള്‍ ഉറക്കെ ചിരിച്ചു.
“നമ്മടേന്നു കാശും വാങ്ങി വിഴുങ്ങീട്ട്..സുഖമായി കിടന്നുറങ്ങുവാ കള്ളന്‍...”
ഞാന്‍ മുന്‍ വശത്തെ പലക വാതിലില്‍ ശക്തിയായി തട്ടി.
മറ്റുല്ലവരെ വിലക്കിയിട്ട് അല്പം തുറന്ന വാതിലിലൂടെ, ഞാന്‍ പതിയെ അകത്തു കടന്നു.
ഒരിക്കലെ കണ്ടിട്ടുള്ളുവെങ്കിലും ബലചന്ദ്രന്റെ ഭാര്യെടെ എല്ലിച്ചതെങ്കിലും വടിവൊത്ത ശരീരം, ന്റെ ഭാര്യേടെ 4 ടണ്‍ എങ്കിലും വരുന്ന ഫാറ്റ് മൂടിയ ശരീരത്തേക്കാള്‍ ആകര്‍ഷകമായിരുന്നെന്നു ഞാന്‍ ഒര്‍ത്തു.
അകത്ത് ഇരുട്ടായിരുന്നു. മുന്നോട്ടു നടക്കവെ എന്തോ എന്റെ തോളില്‍ തട്ടി.
പതിയെ ഞാനതില്‍ തൊട്ടു.അതൊരു തണുത്തു മരവിച്ച കാല്പാദമായിരുന്നു...തുടര്‍ന്ന് അത്തരം വലുതും ചെറുതുമായ 7 മരവിച്ച കാല്‍പ്പാദങ്ങള്‍ കൂടി അന്തരീക്ഷത്തില്‍ ഞാന്‍ തൊട്ടു.
ഞാന്‍ പൊട്ടിപ്പൊളിഞ്ഞ ജനാലകളുടെ പാളി വലിച്ചു തുറന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടു..
മച്ചില്‍ നിന്നും തൂങ്ങി നിന്നാടുന്ന നാലു ശരീരങ്ങള്‍..ഉമിനീരും രക്തവും വായില്‍ നിന്നൊലിപ്പിച്ച്, കണ്ണു തുറിച്ച് ബാലചന്ദ്രനും അവന്റെ ഭാര്യയും....അരികെ , കീറിയ പാവാടയും ബ്ലൌസുമണിഞ്ഞ് അവന്റെ മകള്‍..തൊട്ടടുത്ത്, അപ്പോഴും മുഖത്ത് പരിഭ്രമം മാറാതെ ഒരു ഏഴു വയസ്സുകാരന്‍ പയ്യന്‍....
കനമില്ലാത്ത മെലിഞ്ഞ ശരീരങ്ങള്‍ ജനാല തുറന്നപ്പോഴുണ്ടായ കാറ്റിലാടി.
മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കല്‍ പണി ചെയ്തുണ്ടാ‍ക്കിയ കാശെല്ലാം ചിലവാക്കിയ ക്ഷയരോഗിയായ ബാലചന്ദ്രന്‍...സ്വപ്നങ്ങളുടെ ഒരു കൊച്ചു ശേഖരവുമായി അയാളോടൊപ്പം ഇറങ്ങിത്തിരിച്ച ഭാര്യ....എല്ലാവിഷയങ്ങള്‍ക്കും ക്ലാസ്സില്‍ ഒന്നാമതായിരുന്ന, ഹൃദ്രോഗിയായിരുന്ന മകള്‍...കളിച്ചു നടക്കേണ്ട, കളിച്ചു പഠിക്കേണ്ട പ്രായക്കാരനായ മകന്‍.....
ഗുണ്ടകള്‍ അകത്തേക്കു കടക്കവെ..ഞാന്‍ പുറത്തേക്കിറങ്ങി.
“റാസ്ക്കല്‍...2 ലക്ഷം പോയി...”
ഗുണ്ടകള്‍ കേള്‍ക്കാനായി അതു പറയവെ കണ്ണില്‍ നിന്നും തെറിച്ചു പോയ ചൂടുള്ള എന്തോ തുള്ളി എന്തായിരുന്നുവെന്നു ഞാന്‍ ശ്രദ്ധിച്ചില്ല....

written on february 18th after reading the news in a news paper about a family committed suicide in kerala.

Sunday, February 11, 2007

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം.

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡെ..
എല്ലാത്തിനും ഒരു പരിഹാര ദിനം
നോക്ക്, വാക്ക്, വാചാലമായ മൌനം
മനസ്സ്, ഹൃദയം, സ്നേഹം, ചൂട്, ചൂര്..
ഇവയെല്ലാം മറന്നവര്‍ക്കൊരൊറ്റ മൂലി..
അന്തര്‍ദ്ദേശീയ കാര്‍ഡുകള്‍ വാങ്ങുക്
(അന്തര്‍ദ്ദേശീയ സംഘങ്ങളാണീ
സഹായം ചെയ്യുന്നതെന്നു മറക്കരുതേ)
കാര്‍ഡിലൊന്നും എഴുതി വൃത്തി-യാക്കരുത്..
അതു വെറൂതെ കവറിലിട്ടു തുപ്പല്‍ തേച്ച്
ബൊക്കേക്കുള്ളില്‍ ഒളിപ്പിക്കും വിധം
പ്രദര്‍ശിപ്പിക്കുക.
ചുവന്ന റിബ്ബണ്‍ മറക്കരുതേ!
കുളിച്ചെന്നു വരുത്തുക..ഗന്ധങ്ങള്‍ പൂശുക..
വാതില്ക്കലെത്തുക..വിളി ബെല്ലമര്‍ത്തുക..
വാതില്‍ തുറക്കുന്നതാരായാലും
(വാലന്റൈന്‍സ് ഡേയ്ക്കാരെന്നൊന്നുമില്ലെന്നെ!)
കുലടേന്നു വിളിക്കുന്നതു കേള്‍ക്കാത്ത വിധം
പ്രിയതമേന്നു വിളിക്കുക.
കൈയ്യിലുള്ളതു വച്ചു നീട്ടുക.
ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടവളെങ്കില്‍
തീര്‍ച്ചയായും ഒരു ചുംബനം ഉറപ്പ്..
അത്രയെങ്കിലത്രയുമായില്ലേന്നു കരുതുക.
തിരിഞ്ഞു നടക്കുക.
വാലന്റൈന്‍സ് ഡേ ഫലിച്ചാല്‍
പുറകില്‍, നിന്റെ നിഴലിനു മുന്നിലായി
അവള്‍ കാണും.
വാലന്റൈന്‍സ് ഡേയല്ലെ..ഫെബ്രുവരി 14?
നാണം മറക്കുക..പരസ്പരം സ് നേഹിക്കുക.
മറക്കരുത്! പിന്നിനി ഒരു വര്‍ഷം..
പ്രേമത്തെ പറ്റി ഓര്‍ക്കാന്‍
നമുക്കു സമയം കിട്ടിയെന്നു വരില്ല..
(എന്റെ, നുള്ള് എന്ന കവിതാ പുസ്തകത്തില്‍ നിന്നും)

ആ-മുഖം

ആ-മുഖം
പോസ്റ്റുമാന്‍ നല്‍കിയ കത്തിലെ പരിചയമില്ലാത്ത കൈപ്പട നോക്കിക്കൊണ്ടു കത്തിന്റെ അരികുകള്‍ അവള്‍ ചൂണ്ടു വിരലാല്‍ അടര്‍ത്തി.
രണ്ടാമതൊന്നു കൂടി കത്തു വായിച്ച ശേഷമാണ് അവള്‍ക്കു കത്തെഴുതിയതാരാനെന്നു മനസ്സിലായത്.
അതയാളുടെ കത്തായിരുന്നു.
കേശവേട്ടന്‍ എന്നു വിളിച്ചു തുടങ്ങുമ്പൊഴേക്കും തന്നെ വിട്ടു പോയ തന്റെ ഭര്‍ത്താവിന്റെ..
ഇന്നു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അപ്പു , തന്റെ വയറ്റില്‍ അവന്റെ വരവറിയുക്കുമ്പഴേക്കും പോയിക്കഴിഞ്ഞിരുന്നയാള്‍ടെ..
പത്താം തീയതി..അതായത് ഇന്ന് ഇങ്ങോട്ടു വരുന്നത്രെ..
യാന്ത്രികമായി കുറച്ചു വിഭവങ്ങള്‍ ചേര്‍ത്തൊരു ഊണു തയ്യാറാക്കാനവള്‍ ഒരുമ്പെട്ടു.
--------------------------------------------------------------------------------------
അകലെ നിന്നും നടന്നടുക്കുന്നയാള്‍ടെ മുഖം വ്യക്തമാകുന്നതെ ഉണ്ടായിരുന്നുള്ളു.
പടി കടന്നു വരുന്ന ഭര്‍ത്താവിനെ നോക്കി, കതകു ചാരി അവള്‍ നിന്നു.
ഉമ്മറത്തു ചാരു കസേരയില്‍ ഇരുന്ന്‍ തോര്‍ത്തു കൊണ്ടയാള്‍ വിയര്‍പ്പകറ്റി.
“നിനക്കു സുഖല്ലേ..?”അയാള്‍ തിരിഞ്ഞ് അവളെ നോക്കി.
“പരമ സുഖം ...ങ്ങക്കൊ?” അവള്‍ തിരികെ ചോദിച്ചു.
അയാള്‍ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു.
അകലെ കിണറ്റിന്‍ കരയില്‍ , വരണ്ടുണങ്ങിയിരുന്ന ചളുങ്ങിയ ഇരുമ്പു തൊട്ടിയും നനയ്ക്കുന്ന കല്ലും ആ കണ്ണുകളില്‍ പ്രതിഫലിച്ചു.
“ഒന്നും അങ്ങട്ട് കരുതീതു പോലെ ശരിയായില്യ. ചെയ്തതൊക്കെ തെറ്റി...”ആരോടെന്നില്ലാതെ അയാ‍ള്‍ പിറുപിറുത്തു.
“സുമിത്രക്കെത്ര കുട്ട്യോളാ..” തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ തിരക്കാന്‍ തെല്ലു സങ്കോചം തോന്നി..അവള്‍ക്ക്.
“ഇല്ല്യ..ഒന്നൂണ്ടായില്ല്യ..കെട്ടു കഴിഞ്ഞു മുന്നു മാ‍സാ കഴിഞ്ഞപ്പോ...ഓളു പോയി...”
തല കുമ്പിട്ടിരുന്ന് കാലുകള്‍ അലസമായി ആട്ടിയിരുന്ന അയാളോട് അവള്‍ക്കു ദയ തോന്നി.
“വിസ്സിനസോ?”
“അതൊക്കെ ഓള്‍ടെ അനിയന്‍ ചെക്കന്‍ കൈക്കലാക്കി..ങാ..അതു പോട്ടെ..എന്റെ മോനെന്തിയേ?”
ആദ്യമായി അയാളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ,നൊംബരത്തിന്റെ, വിരഹത്തിന്റെ ഈര്‍പ്പം പ്രത്യക്ഷമായി.
“ഇസ്കൂളില്‍ പോയിരിക്യാ..”
“എത്രേലാ അവന്‍..?”
“മൂന്നില്..” അതു പറഞ്ഞ് അവള്‍ അടുക്കളയിലേക്കു നടന്നു.പുറകെ അയാള്‍ എത്തുമായിരിക്കും എന്നവള്‍ കരുതി.
“ന്താപ്പൊ? ഞാന്‍ പോയിട്ട്..ഏഴു വര്‍ഷായെക്കണു..!”
ആരോടെന്നില്ലാതെയാണിത്തവണയും അതയാള്‍ പറഞ്ഞത്.
അയാള്‍ അകത്തേക്കു വരുന്നില്ലായെന്നുറപ്പായപ്പോള്‍ കഴുകിയ വാഴയില നിലത്തു‍ വിരിച്ച്, അവള്‍ ഉമ്മറത്തേക്കു തല നീട്ടി.
“ഊണു കാലായി...വന്നോളു..!”
ചക്കയുടെ പൂഞ്ഞിയും കുരുവും കൊണ്ടുള്ള തുവരനും,ഭരണിയില്‍ ബാക്കിയുണ്ടായിരുന്ന കാളനും,കൊഴിഞ്ഞു വീണ കണ്ണിമാങ്ങ അരിഞ്ഞതും കൂട്ടി, ചുവന്നുരുണ്ട കുത്തരിച്ചോരുളയാക്കി ഉരുട്ടി അയാള്‍ നിറയെ ഉണ്ടു.
കൈ കഴുകി, മുറ്റത്ത് അയയില്‍ കാറ്റിലനങ്ങി കിടന്നിരുന്ന കരിമ്പനടിച്ച തോര്‍ത്തിലെ അവളുടെ ഗന്ധത്തില്‍ തുടച്ച്, അയാല്‍ കോലായില്‍ കിടന്നിരുന്ന ചാരു കസാലയില്‍ ഇരുന്നു.
പനാമ സിഗരട്ടെടുത്ത്, അതിന്റെ ഒരറ്റം കസാ‍ലയുടെ കാലില്‍ രണ്ടു തവണ തട്ടി,കത്തിച്ചു വലിക്കേ, അയാളുടെ കണ്ണുകള്‍ പടിക്കലേക്കു നീണ്ടു.
“എപ്പളാ അവന്‍ വര്യാ?” അയാള്‍ അകത്തേക്കു നോക്കി.
“മൂന്നു മണ്യാവും..”
“ഹായ്..ഒരു മണിക്കൂറുണ്ടിനീ..” അസ്വസ്ഥതയോടെ അയാള്‍ കസാലയുടെ കാലില്‍ കാല്‍ കയറ്റി വച്ച് ധൃതിയില്‍ ആട്ടി.
അവള്‍ ചിന്തിക്കയായിരുന്നു.....ഒരു മണിക്കൂര്‍ അവനേ കാത്തിരിക്കാന്‍ അയാള്‍ക്കു ബുദ്ധി മുട്ട് ! .പീടികത്തിണ്ണയിലോ ബസ്സ് സ്റ്റോപ്പിലോ ഇരിക്കേണ്ടി വന്നതു പോലെ...
‘ങ്ങക്കെന്നെ കാണാനും സംസാരിക്കാനും ഇപ്പളും തീരെ ഇഷ്ട്ടല്യാ ല്യേ കേശവാ..“ ധൈര്യം സംഭരിച്ചവള്‍ ചോദിച്ചു.
‘കേശവാന്നാ നീയെന്നേ വിളിക്യാ? ഇദന്നെ നെന്റെ കൊഴപ്പം..’ ആത്മഗതം പോലെ അയാള്‍ പറഞ്ഞു.
“ഒരു തവണ കേശവേട്ടാന്നു ഞാന്‍ വിളി തുടങ്ങിയപ്പൊ നിങ്ങളു പോയി...നീക്ഷ് കേശവേട്ടാന്നു വിളിച്ചാ..ഓനെ കാണാനും കൂടി നിക്കാണ്ട് ങ്ങളു പിന്നേം പോയാലോ?”
നിഷ്കളങ്കതയില്‍ ചാലിച്ചതായിരുന്നു അവളുടെ സംശയം.
---------------------------------------------------------------------
അകലെ, പടി കടന്നു വരുന്ന, തന്റെ കൊച്ചു പ്രതിരൂപത്തെ അയാള്‍ കണ്ടു.
അവന്‍ കൂടെ വന്നാ...ഞാ‍ന്‍ കൊണ്ടോവും..നീ തടുക്കരുത്..!”
അടുത്തു വരുന്ന അപ്പൂന്റെ നേര്‍ക്കു കൈ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനേ...!” മുഖമുയര്‍ത്തിയ അപ്പൂന്റെ, ഒട്ടിയ കവിളിനു മീതെ, കുഴിഞ്ഞ കണ്‍ തടങ്ങളില്‍, പ്രകാശിക്കുന്ന രണ്ടു കണ്ണുകള്‍ അയാള്‍ കണ്ടു.ആ പ്രകാശം തടുക്കാനാവാതെ ഒഴിഞ്ഞ്, കുനിഞ്ഞ്, അയാള്‍ തന്റെ ബാഗെടുത്തു.
“കുട്ടാ..ന്നെ മനസ്സിലായോ..നെനക്ക്..?”
അയാള്‍ അവന്റെ താടിയില്‍, താടിയെല്ലില്‍, മെല്ലെ പിടിച്ചു.
“ദാഡാ...നെനക്കായി കൊണ്ട്വന്നതാ..!”
ബാഗില്‍ നിന്നും മിട്ടായി എടുത്തയാള്‍ അവനു നേരെ നീട്ടി.
‘വാങ്ങിക്കോടാ..കാഡ്ബറീസ്സാ...”പകച്ചു നില്‍ക്കുന്ന അവനോടയാള്‍ പറഞ്ഞു.
“എന്നു വച്ചാലെന്താ?” ആദ്യമായി അവന്റെ ശബ്ദം അയാള്‍ കേട്ടു.
‘ന്ന്വച്ചാ...കാഡ്ബറീസ്സ്..ന്റെ ചോക്ലേറ്റ്...”
“ന്ന്വച്ചാലോ?”അപ്പൂന്റെ മുഖത്ത് അമ്പരപ്പു നിറഞ്ഞു.
ആ അമ്പരപ്പു മായും മുന്‍പേ തിരിഞ്ഞ് അവന്‍ അയാളെ നോക്കി.
മനസ്സിലാകാത്ത കാഡ്ബറീസ് എന്ന സാധനവും നീട്ടി നില്‍ക്കുന്ന അപരിചിതനെ അവന്‍ തുറിച്ചു നോക്കി.
“ങ്ങളാരാ?”
തന്നെ തന്നെ നോക്കി നില്‍ക്കുന്ന അപരിചിതന്റെ കണ്ണുകളില്‍ നിന്നും കുടു കുടാന്നു കണ്ണീര്‍ ഒഴുകിയിറങ്ങുന്നത് അവന്‍ കണ്ടു.
‘നെനക്കെന്നേ അറിയില്ലേ..?”തകര്‍ന്ന ഹൃദയത്തോടെ അയാള്‍ നിന്നു.
“പരിചയമില്ലാത്തോരോടൊന്നും മിണ്ടരുത്..അവരു തരുന്നതൊന്നും വാങ്ങരുത് എന്നു പറഞ്ഞിട്ട്..അംമ് ങ്ങന്യെ..നോക്കി നില്‍ക്യാ?അകത്തു കയറി വാതിലു പൂട്ടമ്മേ”
വിറയ്ക്കുന്ന ശബ്ദത്തില്‍ അതു പറഞ്ഞ്, തന്റെ എലുമ്പന്‍ ശരീരം ഉലച്ചുകൊണ്ടോടി അവന്‍ അകത്തു കയറി.
വേഗം തിരികെ അടുക്കളയിലേക്കു വന്ന്, ചുവന്ന കണ്ണുകളുമായി വിശ്രമിക്കുന്ന അടുപ്പിലേക്കു നോക്കി അവള്‍ നിന്നു. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ടെന്നോണ0 മൂടിക്കെട്ടി നിന്ന്, പെട്ടെന്നു പെയ്യുന്ന ഒരു മഴ പോലെ അവള്‍ പെയ്തിറങ്ങി....

വനിത മാസികയില്‍ പ്രസിദ്ധീകരിച്ചത്.

Friday, February 2, 2007

പുതിയ കവിതകള്‍

പിള്ളയും കള്ളവും
പിള്ള മനസ്സില്‍ കള്ളമില്ലെന്നൊരു
പിള്ള പറഞ്ഞു.
കള്ള മനസ്സില്‍ പിള്ളയില്ലെന്നങ്ങു
ഞാനും പറഞ്ഞു.

മൂര്‍ദ്ധന്യം
വളഞ്ഞു പുളഞ്ഞു..
കെട്ടി പുണര്‍ന്ന്‍
വിയര്‍ത്തൊലിച്ചു..
ശീല്‍ക്കാരമുയര്‍ത്തി
കരഞ്ഞും ചിരിച്ചും..
ആലിംഗനത്തിലമര്‍ന്ന്
ഉശ്ച്വസിച്ചു നിശ്വസിച്ച്..
തളര്‍ന്നു..കണ്ണടച്ച്
“മതി മതി..വൃത്തികേട്...!
മൂക്കത്തു വിരല്‍ ചേര്‍ത്തവള്‍
പുളഞ്ഞു

‘മലയോരപാതയിലൂടെ..
മഴയത്തുള്ള യാത്രയെ
ക്കുറിച്ചാ ഞാന്‍ പറഞ്ഞെ..“
ഞാന്‍ ആശ്ചര്യം കൂറി..
“ഉവ്വ ഉവ്വ...“
അവള്‍ടെ കവിള്‍ തുടുത്തു..
“എങ്കില്‍..മലയോരത്തു കൂടി
മഴയത്തു ഒരു യാത്ര പോയാലൊ?“
ഇപ്പോള്‍ എനിക്കാണു നാണo വന്നത്..

(ദുബായില്‍ ഇന്നലെ പെയ്ത മഴ എന്നെ കൊണ്ട് എഴുതിച്ചത്.)
FEBRUARY 3 , 2007

Thursday, February 1, 2007

അരുന്ധതീ വിലാപം

എത്രയും പ്രീയപ്പെട്ട അങ്ങേയ്ക്ക്...
മരുഭൂമിയില്‍ അങ്ങേയ്ക്ദ് സുഖമാണോ?
ഓര്‍ക്കുന്നുണ്ടാവുമൊ എന്നെ?
ആല്‍ വൃക്ഷവും പാലമരവും കനത്ത നിഴല്‍ വീഴ്ത്തിയിരുന്ന കാവിലും, പച്ച നിറം പടര്‍ത്തി നിശ്ചലം കിടക്കും കുളത്തിന്റെ അങ്ങേക്കരയിലെ മറപ്പുരയ്ക്കുള്ളിലും പിന്നെ..യാത്ര പോലും പറയാതെ ചുവന്ന വര പോലെ അകലേയ്ക്കു കോറിയിട്ട മണ്‍ നിരത്തിലൂടെ , തോളില്‍, പുറകിലോട്ടു ചാഞ്ഞു വീണുലയുന്ന ബാഗുമായി അങ്ങു നടന്നു നീങ്ങിയ പുലരിയിലും മാത്രമല്ലെ നമ്മള്‍ തമ്മില്‍ കണ്ടിട്ടുള്ളു?
ആകെയുള്ളതെല്ലാം നല്‍കി, സഹോദരിമാരുടെ മംഗല്യം കഴിക്കുമ്പോള്‍, മണിയറയിലേക്കൊരു ഗ്ലാസ്സുമായി അവരെ അയയ്ക്കുമ്പോഴൊക്കെയും ഞാന്‍ അങ്ങയെ ഓര്‍ക്കുമായിരുന്നു.
യൌവനം എന്നെ തൊട്ടുണര്‍ത്തി അടക്കം പറയുമായിരുന്നു..”സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണു കുട്ടീ”-ന്ന്
അങ്ങാശിച്ചതായ ജീവിത കര്‍മ്മങ്ങളൊക്കെയും എന്റെ ധനത്താല്‍ നേടുമ്പൊഴും..
അങ്ങാശിച്ച സുഖങ്ങളൊക്കെയും എന്റെ മെയ്യില്‍ കവരുമ്പൊഴും ഞാന്‍ കൊതിച്ചിരുന്നു...
അങ്ങൊരിക്കല്‍ എന്നെപ്പോലെയൊരു മനുഷ്യ ഹൃദയം നേടുമെന്നും സ്ത്രീയെന്ന ധനം ഞാ‍നാണെന്ന് ഉള്ളറിവു നേടുമെന്നും.
ജോലി കിട്ടിയെന്ന് അങ്ങ് അങ്ങയുടെ അമ്മയ്ക് എഴുതിയ കത്തിലും , തുടര്‍ന്ന് വരാതാവും വരെ വന്നിരുന്ന കത്തുകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തുകയൊന്നും കണ്ടില്ലെന്ന് അങ്ങയുടെ അമ്മ വിങ്ങുമ്പോഴും , ആ കത്തിലെവിടെയോ, ന്നെക്കുറിച്ചൊരു വരി, അവര്‍ വായിക്കാന്‍ മറന്ന്, കിടപ്പുണ്ടാവുമെന്ന് ഞാന്‍ നിനച്ചിരുന്നു.
ന്റെതായിരുന്ന എല്ലാം ഞാനങ്ങേക്കു നല്‍കി കഴിഞ്ഞിരുന്നതിനാലും അതു കവരുവാന്‍ അങ്ങു കാട്ടിയ കൌശലം എനിക്കിഷ്ടപ്പെട്ടിരുന്നതിനാലും, നിയൊരാള്‍ക്കു നല്‍കുവാന്‍ എന്നില്‍ യാതൊന്നും ബാക്കിയില്ലത്തതിനാലും ഞാനങ്ങയേ കാത്തിരിക്കുകയാണ്.
ഈയിടെ കൂടി, മനസ്സിലേ ചിത്രത്തിലെ, ചിലന്തി, വല നെയ്ത മറ-വിയിലൂടെ അങ്ങെന്നേ നോക്കുന്നതായി എനിക്കു തോന്നിയിരുന്നു.
ചക്രവാളത്തില്‍ നിന്നും പടരുന്ന, ചുവപ്പു നിറത്തിനിടയിലൂടെ പറന്നടുക്കുന്ന കിളിക്കൂട്ടങ്ങളോടും, കറുത്തിരുണ്ട ആകാശത്തു നിന്നും പ്രത്യാശയുടെ കിരണങ്ങളായി തെളിഞ്ഞു മറയുന്ന കൊള്ളിയാനുകളോടും അങ്ങയേക്കുറിച്ചന്വേഷിച്ചു മടുത്തതിനാലാണ് ഞാനീ കത്തയക്കുന്നത്.
പുതുമഴയുടെ ഗന്ധം ശരീരത്തെ ഉത്തെജിപ്പിക്കുമ്പോള്‍, നഷ്ടപ്പെടുന്ന പ്രായത്തിന്റെ ...ഗദ്ഗദങ്ങളറിയുമ്പോള്‍, അങ്ങെയ്ക്ക്, ഈ കത്ത്, എഴുതാതിരിക്കാനാവില്ലെന്നു ഞാന്‍ തീര്‍ച്ചയാക്കുകയായിരുന്നു.
ഈ കത്ത് അങ്ങേയ്ക്കു കിട്ടിയിരിക്കുന്നുവെന്നും(അധികം ) വൈകാതെ എനിക്കയി അങ്ങ് യാത്ര തിരിക്കുമെന്നും പ്രതീക്ഷിച്ചു കത്തു ചുരുക്കട്ടെ...
മറക്കരുതേ...
സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണ്.....പ്രായവും...

(ഈ കത്തിനു ഞാനെന്തു മറുപടിയാണെഴുതുക?)
നുള്ള് ..കവിതാ സമാഹാരത്തില്‍ നിന്നും.......

Saturday, January 27, 2007

കുമിളകള്‍


രാത്രി പന്ത്രണ്ടു മണി.
കത്തി നിന്ന ഒരു പകലിന്റെ കത്തിയമരലില്‍ നിന്നുയര്‍ത്തെഴുന്നേറ്റ്, റൂമിലെത്തി, വിയര്‍ത്തു നനഞ്ഞ ബനിയനും മുഷിഞ്ഞു നാറിയ പാന്റും മാറ്റി ലുങ്കി ഉടുക്കവെ ഫോണ്‍ ശബ്ദിച്ചു.
“നാട്ടീന്നാണല്ലൊ...ഓ..അവളാണ്...എന്റെ പുതു മണവാട്ടി....വിവാഹത്തിന്റെ അഞ്ചിന്റന്നു പോന്നതല്ലേ?ആറു മാസം കഴിഞ്ഞിട്ടും പുതു മണവാട്ടി തന്നെ.”
“ഇവിടെ....മഴയാ....നല്ല തണുപ്പാ...എന്തു ചെയ്യുകാ അവിടെ..?”
പുറത്ത്, അര്‍ദ്ധ രാത്രിയിലും കത്തുന്ന ചൂടാണെന്നും മുറിക്കുള്ളില്‍ പേരിന് ശബ്ദം മാത്രമുണ്ടാക്കുന്ന ഏസിക്ക് എന്നേക്കാള്‍ പ്രാരബ്ധങ്ങളാണെന്നും എണ്ണം പ0)ക്കും പോലെ കറങ്ങുന്ന ഫാനിന് ആലസ്യമാണെന്നും അവളോട് ഞാന്‍ പറഞ്ഞില്ല.ഞാനിങ്ങനെയാണു പറഞ്ഞത്.
“ഞാന്‍..നിന്നെ ഓര്‍ത്തിരിക്ക്യാ..ഇവിടെയും മുറിയില്‍ തണുപ്പു തന്നെ..’
“ഉച്ചക്കു തുടങ്ങിയ മഴയാ.ഇവിടെ മുറിയില്‍ ഞാന്‍ മാത്രം...” രഹസ്യം പറയുമ്പോലെ അവള്‍ മൊഴിഞ്ഞു.
“നീ...ഫോണ്‍..ഒന്ന് ആ ജനാലയ്ക്കല്‍ കൊണ്ടു പോവോ..?” ഞാന്‍ ചോദിച്ചു.
എന്തിനാണ്..എന്നവള്‍ ചോദിച്ചില്ല. അവള്‍ ഫോണ്‍ ജനാലയ്ക്കരുകില്‍, പുറത്തേക്കു പിടിച്ചു.
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ മഴയുടെ സംഗീതം ഉയര്‍ന്നു. ഓടിന്‍ മുകളില്‍ വീണു തുള്ളിച്ചാടി താഴേയ്ക്ക് ഒഴുകുന്ന മഴവെള്ളം...നനഞ്ഞ ഓടിന്റെ മണം...താഴെ വൃത്താകൃതിയില്‍ വെള്ളം വരച്ച ചിത്രത്തില്‍ കുമിളകള്‍..പൊട്ടുന്തോറും വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ , ആര്‍ക്കോ വേണ്ടി..അതോ സ്വന്തം സന്തോഷത്തിനായോ ജനിച്ചു പൊലിയുന്ന കുമിളകള്‍...
അപ്പോഴെപ്പഴോ പതിയെ ഫോണിലൂടെ മഴയുടെ ഈര്‍പ്പം എന്നിലേക്കരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു...ഇപ്പോള്‍..ദാ..അവളുടെ കൈവിരലുകള്‍..ഫോണിലൂടി എന്റെ നെഞ്ചിലേ രോമരാജികളില്‍...പതിയെ..എന്തോ തിരയും പോലെ..
മഴവെള്ളം ലക്ഷ്യമില്ലാതൊഴുകി..അറിയാതെ വെള്ളത്തില്‍ പെട്ടു പോയ കട്ടുറുമ്പ് പുല്‍ത്തുമ്പിലഭയം തേടി.
ഒറ്റപ്പെട്ടു പോയ, തണുത്തു വിറച്ച എലിക്കുഞ്ഞ് വളഞ്ഞൊഴുകിയ മഴവെള്ളത്തിനെതിരെ നീന്തിക്കൊണ്ടിരുന്നു.
മഴയുടെ തലൊടലില്‍ മനം കുളിര്‍ത്ത് പ്രകൃതി നനഞ്ഞു നിന്നു.
തണുപ്പിന്റെ പുതപ്പില്‍ അങ്ങേത്തലയ്ക്കല്‍ അവളും ചൂടിന്റെ മേട്ടില്‍ ഇങ്ങേത്തലയ്ക്കല്‍ ഞാനും എപ്പഴോ..ഉറങ്ങിപ്പോയിരുന്നു....
ചന്ദ്രിക ആഴ്ചപ്പതിപ്പ്...2006

Tuesday, January 23, 2007

അഞ്ജലി....



അഞ്ജലി ഒറ്റയ്ക്കായിരുന്നു താമസം.
അവളുടെ ഭര്‍ത്താവു മരിച്ചു പോയിരുന്നു.
അവളുടെ വീടിനു മുന്നില്‍ വലിയൊരു പുളിമരം നിന്നിരുന്നു.
അതിരാവിലെ കുളിച്ച്, തലമുടിയില്‍ ഈറന്‍ തോര്‍ത്തു ചുറ്റി, വെള്ള വസ്ത്രം ധരിച്ച് അവള്‍
ആ പുളിമരത്തിന്റെ കീഴില്‍ വന്ന് മുകളിലേക്കു നോക്കി നില്‍ക്കുമായിരുന്നു.
ആര്‍ക്കും തന്നെ അവള്‍ എന്തിനാണ് അങ്ങിനെ നില്‍ക്കുന്നതെന്ന് അറിയില്ലായിരുന്നു.
അവളുടെ തൊട്ടടുത്ത വീടാണ് ജോലിയില്‍ സ്ഥലം മാറ്റം കിട്ടി വന്ന എനിക്കു താമസിക്കാന്‍ കിട്ടിയത്.
ആ പുളിമരത്തിനു തെക്കും പടിഞ്ഞാറുമായി നിന്നിരുന്ന ആഞ്ഞിലിക്കും തമ്പകത്തിനും ഒരു പക്ഷെ അതേക്കുറിച്ചറിയാമായിരിക്കും എന്നു ഞാന്‍ കരുതി.
അവളുടെ വീടിനു പുറകില്‍ കൃഷി ഉപേക്ഷിക്കപ്പെട്ട പാടങ്ങളായിരുന്നു.

അവിടെ, ആകാശത്തിന്റെ നീല നിറത്തെയും അതില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടന്നിരുന്ന വെള്ളി മേഘങ്ങളെയും വരി വരിയായും അടക്കമില്ലാതെയും പറന്നു വന്നും പോയുമിരുന്ന പക്ഷിക്കൂട്ടങ്ങളെയും പ്രതിഫലിപ്പിച്ചു കൊണ്ട് വെള്ളം നിറഞ്ഞു കിടന്നിരുന്നു.

അവളുടെ വീടിന്റെ അടുക്കളയുടെ മുഖം എന്റെ വീടിന്റെ പുറകു വശത്തിനെതിര്‍വശത്തായിരുന്നു.

അടുക്കളയിലേക്കു കയറി നില്‍ക്കുന്ന കിണറിലേക്കു രാവിലെ കൃത്യം ആറു മണിക്ക്, ആദ്യത്തെ തൊട്ടി വെള്ളം അവള്‍ കോരുന്നതു കേട്ടാണു ഞാന്‍ ഉണര്‍ന്നിരുന്നത്.

അടുക്കളയിലവള്‍ ഓരോന്നു ചെയ്യുന്നത് ഞാനെന്റെ അടുക്കളയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി നില്‍ക്കുമായിരുന്നു.

അന്നൊരു ദിവസം, അവള്‍ വരച്ചതായിരിക്കണം എന്നു പറഞ്ഞ്, മതിലിന്നരികില്‍ നിന്നൊരു കടലാസ്സ് , പാലു കൊണ്ടു വരുന്ന പയ്യനെനിക്കെടുത്തു തന്നു.

അതില്‍ അടുക്കള വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു പുരുഷന്റെ പടമുണ്ടായിരുന്നു.

അന്നു മുതല്‍ ഒളിഞ്ഞു നോട്ടം നിര്‍ത്തി നേരെ തന്നെ ഞാന്‍ അവളെ നോക്കി തുടങ്ങി.

അവളാരെന്നു ഞാനൊ ഞാനാരെന്നവളോ ചോദിച്ചിരുന്നില്ല.

ആയിടയ്ക്ക് ചന്ദ്രനു പലപ്പോഴും പല മുഖങ്ങളായിരുന്നു, മനുഷ്യനെപ്പോലെ.

അര്‍ദ്ധ വൃത്താകൃതിയിലും കാല്‍ ഭാഗം മാത്രം കാട്ടിയും, പിന്നെ, പതിവ്രതയുടെ നെറ്റിയിലെ പൊട്ടു പോലെയും ചന്ദ്രന്‍ , അവളുടെ പുളിമരത്തിനിടയിലൂടെ മുറ്റത്തും, പാതി തുറന്നിട്ട ജാലകത്തിലൂടെ എന്റെ മുറിക്കുള്ളിലും നിലാവു പരത്തിയിരുന്നു.

അന്നൊരിക്കല്‍ ഒരു രാത്രിയില്‍ അവളെന്റെ മുറിയില്‍ കടന്നു വന്നു.

ആകാശത്തു തെളിഞ്ഞിരുന്ന പൂര്‍ണ്ണ ചന്ദ്രന്‍, നിലാവു നിര്‍ലോഭം വാരി ചൊരിഞ്ഞിരുന്നു.

അന്നാണ് ആദ്യമായി അവളെന്നോടു സംസാരിച്ചത്.

അവള്‍ക്കൊരു ഭര്‍ത്താവുണ്ടായിരുന്നത്രെ!

അയാള്‍ അവളെ നിസ്തുലം സ്നേഹിച്ചിരുന്നു പോലും.!

ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നു പറയാന്‍ എന്തുകൊണ്ടോ അവള്‍ മനുഷ്യര്‍ക്കു പകരം മൃഗങ്ങളെയാണ് സാ‍മ്യപ്പെടുത്തിയത്.

അവിടവിടെ മിന്നിയ മിന്നാമിനുങ്ങുകളെയും പാതി വഴിയില്‍ ജീവിതം ഹോമിച്ച്

കത്തിയമരുന്ന കൊള്ളിയാനുകളെയും വീക്ഷിക്കാതെ ഞാന്‍ അവളുടെ കഥ കേട്ടിരുന്നു.

അവളുടെ ഭര്‍ത്താവു ഒരു ദിവസം , നിറയെ കായ്ച്ചു നിന്നിരുന്ന പുളി മരത്തില്‍ പുളി പറിക്കാന്‍ കയറി.

അയാള്‍ പറിച്ച പുളികളൊക്കെയും അവള്‍ നീട്ടിയ വട്ടിയില്‍ വന്നു വീണു കൊണ്ടിരുന്നു.

അവളേ സന്തോഷിപ്പിക്കാനായി, അടങ്ങാത്ത വാശിയോടെ, കൂടുതല്‍ കൂടുതല്‍ ഉയങ്ങളിലേക്കു കയറി കയറി പോയി.

അവള്‍ നീട്ടിയിരുന്ന വട്ടിയിലേക്കു ഉയരെ നിന്നും കൈവിട്ടു, ശിഖരങ്ങളിലൊക്കെ തട്ടി.ചതഞ്ഞ്, ഒരു പഴുത്ത പുളി പോലെ അയാള്‍ വന്നു വീണതു പെട്ടെന്നായിരുന്നു.

അതു പറയവെ അവളുടെ കണ്ണുകള്‍ കോളു കൊണ്ട സമുദ്രം പോലെ കാണപ്പെട്ടു.

അവളുടെ മനസ്സിലിനുള്ളിലിരമ്പിയിരുന്ന തിരമാലകളായിരുന്നില്ല എന്റെ ശ്രദ്ധ കവര്‍ന്നത്.

അനുസൃതം ഉയര്‍ന്നു താഴുന്ന, വിയര്‍പ്പു തുള്ളികള്‍ മൊട്ടിട്ടു തുടങ്ങിയ അവളുടെ നെഞ്ചിനരികെ, തോളില്‍ കൈ വച്ചു ഞാന്‍ അവളേ സമാധാനിപ്പിച്ചു.

അഭിനയം എന്നത് നഗരം എനിക്കു പഠിപ്പിച്ചു തന്ന ഒരു ക്രൂര വിനോദമായിരുന്നു.

അവള്‍ ജീവിക്കയും ഞാന്‍ അഭിനയിക്കയും ചെയ്ത ആ രാത്രിയുടെ അവസാനം അതി ശക്തമായ ഇടി മുഴക്കമുണ്ടായി.

ആകാശം കറുത്തിരുളുകയും അതി ശക്തമായ മിന്നല്‍ പിണരുകള്‍ ഇരുളില്‍ നിന്നും പിറവിയെടുക്കുകയും ചെയ്തു.

അഞ്ജലി ഞെട്ടി ഉണരുകയും, തന്റെ ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയുടുക്കുകയും ചെയ്തു.

അജ്ഞാതമായ അര്‍ത്ഥമേതോ ഉള്‍ക്കൊള്ളുന്ന ഒരു നോട്ടം എന്റെ നേരെയെറിഞ്ഞ് അവള്‍ വേഗം പുറത്തേക്കോടി.

ആ വലിയ പുളിമരത്തിന്റെ ചുവട്ടിലേക്കവള്‍ ഓടിച്ചെല്ലുന്നതും , പുളിമരത്തിനടിയില്‍ മുകളിലേക്കു നോക്കി അവള്‍ നില്‍ക്കുന്നതും , പെട്ടെന്ന് ശക്ത്യായി വീശിയ ഒരു കാറ്റില്‍, അസാമാന്യ വലുപ്പത്തിലുള്ള ഒരു പുളി, അവളുടെ മേലേക്ക് ആഞ്ഞു പതിക്കുന്നതും ഞെട്ടലോടെ ഞാന്‍ കണ്ടു.

ആ പുളിക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് അവള്‍ കിടന്നു.

അപ്പോഴും തോരാതെ തകര്‍ത്തു പെയ്തിരുന്ന മഴയിലേക്ക് ഒരു ഉള്‍പ്രേരണയാലെന്ന പോലെ ഞാന്‍ ഇറങ്ങി നിന്നു.

ആകാശത്തിന്റെ അനന്തതയില്‍ നിന്നും പെയ്തിറങ്ങിയ മഴത്തുള്ളികള്‍ എന്റെ മനസ്സിലെ മാലിന്യങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞു.

അങ്ങിനെ, ഞാന്‍ ദുഖത്തെ കുറിച്ചറിയാന്‍ തുടങ്ങി.

അരണ്ട വെളീച്ചത്തില്‍, കണ്ണീരും മഴത്തുള്ളികളും കൂടിച്ചേര്‍ന്നൊഴുകുന്നതു നോക്കി നില്‍ക്കവേ, എന്റെ കണ്ണുകളീലാ‍ദ്യമായി നനവു പടരുന്നതു ഞാന്‍ അറിഞ്ഞു.
അഞ്ജലിയുടെ, പരന്നൊഴുകിയ രക്തത്തില്‍ അങ്ങിനെ എന്റെ കണ്ണീരും കൂടി കലര്‍ന്നു.
(അലച്ചു തല്ലിയൊഴുകുന്ന മഴ വെള്ളം ഇങ്ങിനെ എത്രയെത്ര വിതുമ്പലുകളുടെ ആകെത്തുകയായിരിക്കും?)
(ഇതിലേ എല്ലാ വരികളും അ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.)
അഞ്ജലി--- ദുബായ് കൈരളി കലാകേന്ദ്രം 2003ല്‍ ജി സി സി യില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി.എന്റെ മനസ്സില്‍ തട്ടി പോറലേല്‍പ്പിച്ച് ഇന്നും സങ്കടപ്പെടുത്തുന്നു ...ഈ രചന.

Sunday, January 21, 2007

പകലിന്റെ കനവുകള്‍


കനത്ത വെയില്‍ തിളക്കം നല്‍കിയിരുന്ന ടാറിട്ട നിരത്തിന് അരുകില്‍ ആല്‍ മരത്തിനു ചുവട്ടിലായി ഞാന്‍ നിന്നു.
ബസ് വരാന്‍ സമയമായിട്ടുണ്ടാവുമൊ, അതോ പോയിട്ടുണ്ടാവുമൊ, അതോ ഇനി വരാതിരുന്നേക്കുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു.
നിരത്തിന്റെ വശം ചേര്‍ന്നു പതിയെ നടന്നു വന്നിരുന്ന യുവതിയെ ഞാന്‍ കണ്ടിരുന്നില്ല.
എന്നെ കടന്നു പോകവെ തിരിഞ്ഞ് എന്റെ മുഖത്തേക്കവള്‍ നോക്കി.
“നന്ദുവല്ലേ..?”
“അതേ” തെല്ലമ്പരപ്പോടെ ഞാന്‍ തലയാട്ടി.
“നന്ദുവിനെന്നേ മനസ്സിലായില്ലേ?” അതു ചോദിക്കുമ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു.
“ആര്‍ദ്ര..1 ഓ..എത്ര നാളായി കണ്ടിട്ട്..! വര്‍ഷങ്ങള്‍!!” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയത്തിലെ നായികയായിരുന്നു ആര്‍ദ്ര.
“എവിടെയായിരുന്നു നന്ദു...ഇത്ര നാള്‍..?” പരിഭവത്തിന്റെ ഈണമുണ്ടായിരുന്നു ആ ചോദ്യത്തിന്.
“ജ്യേഷ്ടനുണ്ടാക്കി വച്ച കുറെ കടങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു..“ ഞാന്‍ മറുപടി പറഞ്ഞു.
“ഞാന്‍ കുറെ തിരഞ്ഞിരുന്നു..”
ഞാന്‍ മറുപടി പറഞ്ഞില്ല. പ്രണയകാലത്തെ മധുരിമ എന്റെ വാക്കുകള്‍ക്കു നഷ്ടം വന്നിരുന്നു.
“ഒന്ന് ഓര്‍ക്കുവാന്‍ പോലും ശ്രമിക്കാതെ..ഇത്ര നാള്‍..എങ്ങിനെ കഴിഞ്ഞൂ..നന്ദൂന്..?”
“നീയെന്നേ തിരഞ്ഞിരുന്നൂന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ..?”നിര്‍വികാരത അനിവാര്യതയാക്കി മാറ്റിയ മുഖാവരണമണിഞ്ഞ് അരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.
“വിവാഹമൊക്കെ?” അറച്ചറച്ചാണ് അവള്‍ അതു ചോദിച്ചത്.
പ്രസരിപ്പു കൈമോശം വന്ന മുഖത്തോടെ ചക്രവാളം ഞങ്ങളെ നോക്കി നിന്നു.
“മറ്റൊരു വിവാഹം ..ഞാനാഗ്രഹിച്ചില്ല....നീയോ...?”
ആ നീ എന്ന വിളിയിലേ അതിരു കടന്നിരിക്കാവുന്ന സ്വാതന്ത്ര്യം അവള്‍ക്കിഷ്ടമായേക്കില്ല എന്നു ഞാന്‍ ഭയന്നു.
“ഇല്ല്യ...” ഇത്തവണ എന്തൊ കളഞ്ഞു പോയതു പോലെ താഴേക്കു നോക്കിയണത് അവള്‍ പറഞ്ഞത്.
എന്തു പറയണം എന്നറിയാതെ വിങ്ങുന്ന മനസ്സുമായി നിന്ന ഞങ്ങളുടെ മുന്നില്‍ അപരിചിത ഭാവത്തില്‍ ബസ്സു വന്നു നിന്നു.
നിരത്തിലെ പൊടിയാകെ പൊങ്ങി പറക്കുന്ന തിരക്കിലായിരുന്നു.
“കയറണുണ്ടോ..?” കണ്ടക്ടര്‍ ഞങ്ങളെ മാറി മാറി നോക്കി.
“എന്നാല്‍ പിന്നേ...?” ഞാന്‍ അവളെ നോക്കി.
“ആയിക്കോട്ടെ....’ ഒന്നു നിര്‍ത്തി അവള്‍ തുടര്‍ന്നു....” ഇനിയുള്ള യാത്ര..?”
“ബസ്സിലാവാമെന്നു കരുതി..“ പറഞ്ഞയുടന്‍ അതു സന്ദര്‍ഭത്തിനു ചേരാത്ത ഒരു തമാശയായി അവള്‍ കരുതിയേക്കുമോ എന്നു ഞാന്‍ ഭയന്നു.
നീങ്ങിത്തുടങ്ങിയ ബസ്സിന്റെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കടക്കെ, മുന്വശത്തു കൂടെ അവളും ഉള്ളില്‍ കടന്നിട്ടുണ്ടാവും എന്നു ഞാന്‍ വെറുതെ നിനച്ചു..............
മനോരമ വാരിക-2004

Monday, January 15, 2007

ജീവിതത്തിലെ ഗര്‍ത്തങ്ങള്‍..


ജീവിതം കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്...ദിവാകരേട്ടന്‍ ചൂടു ചായ , മുന്‍പില്‍ നടുക്കത്തെ പല്ലിന്റെ വിടവിലൂടെ ഊതിക്കൊണ്ടു പറഞ്ഞു.ശരിയാ..കുറെ നേരം ഒരു കയറ്റം കയറിയാല്‍ ഒരു ഇറക്കം ഉറപ്പ്...അച്ചായന്‍ പല്ലിന്റെ പോടുകള്‍ക്കിടയിലെ ആഹാര ബാക്കികള്‍ കത്തിയ തീപ്പെട്ടിക്കൊള്ളിയുടെ അറ്റം കൊണ്ടു കുത്തി ചോര വരുത്തിക്കൊണ്ടിരുന്നു.“എന്റെ ജീവിതത്തില്‍ മാത്രം കയറ്റങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളു...ബീഡിയുടെ ഒരറ്റം വിരലുകളാല്‍ ഒന്നമര്‍ത്തി ഞെരുടിക്കൊണ്ട് മാരാര്‍ജി പിറുപിറുത്തു.“ഒരു കയറ്റം കയറി തീരുമ്പോള്‍ അടുത്തതു നിന്നങ്ങനെ വെല്ലു വിളിക്കും..അതു കയറുമ്പൊ..അടുത്തതു....” മാരാര്‍ജിയുടെ ശബ്ദത്തിനു ചെറിയൊരു മാറ്റം വന്നതായി ഞങ്ങള്‍ക്കു തോന്നി. മറ്റൊന്നും പറയാനില്ലാതിരുന്നതിനാലും, മറുപടി പറയാനുള്ള ജീവിത പരിചയം കമ്മിയായിരുന്നതിനാലും ടെലിവിഷന്റെ സ്വിച്ചമര്‍ത്തി ഞങ്ങളൊരു സീരിയല്‍ കാണാനാരംഭിച്ചു.

Thursday, January 11, 2007

കര്‍മ്മം ആന്ഡ് ധര്‍മ്മം

എഴുതുക എന്നതു എന്റെ കര്‍മ്മം
വായിക്കുക എന്നതു താങ്കളുടെ ദുഷ്ക്കര്‍മ്മം
എഴുതുക എന്നതു എന്റെ വിധി
അതു
വായിച്ചു മരിക്കുക എന്നതു താങ്കളുടെ ദുര്‍വിധി
സഹിക്കുക തന്നെ അല്ലെ?

Wednesday, January 10, 2007

premam

മരം ചുറ്റാന്‍ മരമില്ല,
ഉണ്ടേലോടാന്‍ ചെരുപ്പില്ല,
പാടാന്‍ തൊണ്ടയില്ല..
കരയാന്‍ കണ്ണീരുമില്ല..
ഞാനെന്നാ ഒരു മെട്രൊ മാന്‍ ആയതു?

Saturday, January 6, 2007

‘നുള്ള്‘ എന്ന കവിതാ സമാഹാരത്തില്‍ നിന്നും..

വട്ടം

വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന ജീവിതം..
നീളത്തില്‍ ചവിട്ടുമ്പോള്‍ വട്ടത്തിലാകുന്ന മാനുഷര്‍..

പെണ്ണ്

കനപ്പെട്ടതെന്തൊ മനസ്സിലുണ്ടെന്ന്
കിനിയുന്നതെന്തൊ ഹ്രുത്തിലുണ്ടെന്ന്
കുനിയുന്ന മുഖമെന്തൊ ഒളിപ്പിച്ചു വച്ചൂന്ന്
കെണിയൊരുക്കിയാരൊ കാത്തിരിപ്പുണ്ടെന്ന്
കോതിയൊതുക്കിയ മുടിയിഴകള്‍ക്കിടയിലൂടെ
കടക്കണ്ണാല്‍ നോക്കിയവള്‍ മെല്ലെ പറഞ്ഞു പോല്‍!

മദേഴ്സ് ഡേ..

അമ്മ കുഞ്ഞിനോടു പറഞ്ഞു..
ഇന്നു മദേഴ്സ് ഡേ ആകുന്നു..
ഇന്നെങ്കിലും നീ എന്നോടു പാലു ചോദിക്കരുതേ..
* * *
ബാറെന്നെഴുതിയ ബോര്‍ഡിനു മുന്നില്‍
കാറിനു വേഗത കുറച്ച് സ്റ്റീഫന്‍
സുകുമാരനോടു ചോദിച്ചു
മദേഴ്സ് ഡേയായിട്ട് ഒന്നു കൂടണ്ടെ?
* * *
അമ്മയെന്ന വാക്കിനു തുല്യയായി
ഒരമ്മ പോലും ശേഷിക്കാത്ത ഭൂമിയില്‍
ഒരു മദേഴ്സ് ഡേയെങ്കിലുംമല്ലാതെ..
യെങ്ങിനെ നമ്മള്‍ അമ്മയെയോര്‍ക്കും?

നര

ശിരസ്സിലെ
നരച്ച മുടികള്‍
ഒന്നൊന്നായി പിഴുതിട്ട്
കറുത്തൊരു മുടിയുമായി
ഞാനിരുന്നു..

വര

ഒരു വര
അടുത്തൊരു വര
വരകലൊന്നിച്ചപ്പോള്‍
ഒരു കൊച്ചു വര പിറന്നു.
പിന്നെയെപ്പഴാന്നറിയില്ല..
കൊച്ചുവരയെ തനിച്ചാക്കി
മുതിര്‍ന്ന വരകള്‍
എങ്ങോ പോയി..

വിരഹം

ഭാര്യയ്ക്കു..
നീ മുറിച്ചു കളഞ്ഞ നരച്ച മുടിയൊക്കെ
വീണ്ടും കിളുര്‍ത്തു വന്നിരിക്കുന്നു..
നീ മറച്ചു വച്ച കണ്ണീരൊക്കെയെന്‍ കിടക്ക നനയ്ക്കുന്നു..
നീ പറയാന്‍ മറന്ന കിന്നാരമൊക്കെയെന്‍
സ്വപ്നത്തില്‍ മുഴങ്ങുന്നു..
നീ നനച്ചലിയിച്ചൊരെന്‍ നെഞ്ചിപ്പഴും
ഈറനായ് വിറയ്ക്കുന്നു..
നിന്‍ ദു:ഖങ്ങള്‍, പ്രയാസങ്ങള്‍..
നെരിപ്പോടായ് നീറുന്നു..
എനിക്കു നിന്നെ കാണാതെ വയ്യ...

ഉരുള്‍

സ് നേഹം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
അലിയുന്ന് മഞ്ഞ്
കോപം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
നുരയുന്ന മഞ്ഞ്
ദുഖം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
ഉരുള്‍ പൊട്ടി
ഉലയുന്ന മഞ്ഞ്..

നര

തലയില്‍ നര
താടിയില്‍ നര
താഴെ നെച്ചത്തു നര
തരിക്കും നെഞ്ചിനുള്ളിലും നര
തകര്‍ന്ന മനസ്സിനു നര
തലയ്ക്കു കീഴെ ചുളിയും നെറ്റിയ്ക്കും നര
തേജസ്സ് ഒഴിഞ്ഞ ദ്രുഷ്ടിക്കു നര
തെറ്റിപ്പതിക്കും കിനാവിനു നര
തീക്കുണ്‍0മാകുന്ന മോഹഭംഗത്തിനു നര
നരകളില്‍ തുടങ്ങുന്ന
നരകളില്‍ തുടരുന്ന
നരകളിലൊടുങ്ങുന്ന
നരയത്രെ ജീവിതം..

മുത്തുകള്‍(മിത്തുകള്‍)

ദുഖത്തിന്‍ മുത്തുകള്‍
കൊര്‍ത്തൊരു മാല പോല്‍
നീണ്ടു കിടക്കുന്ന് പാലം
കത്തുന്ന ഗോളമായ്
അങ്ങേത്തലയ്ക്കല്‍ന്നു
ചാരെയ്ക്കണയുന്ന സൂര്യന്‍..
സൂര്യന്റെ പാദങ്ങള്‍
മാലയിലമരവെ
മറ്റൊരു മുത്തായി
ഞാനും..

യാത്ര..

അനുഭവങ്ങള്‍
കണ്‍കോണിലൂറ്റിയ
ദുഖത്തെ
ചൂണ്ടു വിരലാല്‍
തൂത്തെറിഞ്ഞിട്ടു
ജീവിതത്തിനു നേരെ
ഞാനൊറ്റ നടപ്പു നടന്നു...
ഇവയെല്ലാം നുള്ള് എന്ന എന്റെ കവിതാ സമാഹാരത്തില്‍ നിന്നും...

Friday, January 5, 2007

മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യതകള്‍

“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്”
കറുപ്പു മൂടിയ ആകാശക്ഷ് കണ്ട് കാലാവസ്തക്കാരന്റെ പ്രവചനം മനസ്സിലോര്‍ത്തു വീട്ടിലേക്കു വലിഞ്ഞു നടക്കുകയായിരുന്നു ഞാന്‍.
എന്റെ അടുത്തു കൂടി ഒരു വലിയ ആഡംബര കാര്‍ പാഞ്ഞു പോയി.
“ഹോ...എന്തൊരു വലുപ്പം...!” എന്റെ മകന്‍, അതിശയം സ്പുരിക്കുന്ന മുഖത്തോടെ കാറിനേ നോക്കി.
അല്‍പ്പം അകലെയായി കാര്‍ പെട്ടെന്നു നിന്നു.
അതിന്റെ പിന്നിലെ സീറ്റില്‍ നിന്നും സില്‍ക് ജൂബ്ബ അണിഞ്ഞ ഒരു തടിച മനുഷ്യന്‍ പുറത്തേക്കിറങ്ങി.
അയാള്‍ ഫൂട്പാത്തിലേക്കു അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നതു കണ്ട ഞാന്‍ അങ്ങോട്ടു നോക്കി.
വിളറിയ ഒരു പിഞ്ഞാണത്തില്‍ രണ്ടു നാണയങ്ങള്‍ ഇട്ട് കിലുക്കി,അവിടെ , ഫൂട് പാത്തില്‍ ഒരു വ്രുദ്ധന്‍ കിടന്നിരുന്നു.
ധനാഡ്യന്‍ ആ ഭിക്ഷക്കാരനെ തന്നെ സശ്രദ്ധം നോക്കുകയായിരുന്നു, അതു കണ്ട് ഞാന്‍ നടത്തയുടെ വേഗം കൂട്ടി.
“അച്ചാ..ആ പണക്കാരന്റെ മനസ്സലിഞ്ഞ ലക്ഷണമുണ്ട്..ഹോ..ഭിക്ഷക്കാരന്റെ ഭാഗ്യം...”
വളഞ്ഞ വഴിയില്‍ ചിന്തിക്കണ്ട പ്രായമാവാഞ്ഞിട്ടാവാം നിഷ്ക്കളങ്കതയൊടെ എന്റെ മകന്‍ പറഞ്ഞു.
“ശരിയാ...വാടാ..നമുക്കങ്ങോട്ടു ചെല്ലാം..” എന്റെ വിരലില്‍ തൂങ്ങി, അവനെന്നോടൊപ്പം വന്നു.
ഇപ്പോള്‍ തടിയനായ മാന്യന്‍, ഭിക്ഷക്കാരന്റെ അടുത്തു കുനിഞ്ഞിരുന്ന് അയാളോടെന്തൊ ചോദിക്കയായിരുന്നു.. ഞാന്‍ കാതോര്‍ത്തു.
“എന്താ..തന്റെ പേര്..?”
“ചന്ദ്രനെന്നാണു മുതലാളീ..” അയാള്‍ ഭവ്യതയോടെ പറഞ്ഞു.
“ഭക്ഷണമൊക്കെ?”
ആകെ ബാക്കിയുണ്ടായിരുന്നിരിക്കാവുന്ന അഭിമാനത്തെ കരുതിയായിരിക്കണം, അയാളൊന്നു പരുങ്ങി.
അയാളുടെ മെലിഞ്ഞ എല്ലിന്‍ കൂടില്‍ നിന്നും പെറുക്കി എടുക്കാന്‍ പാകത്തിനു വാരിയെല്ലുകള്‍ തെലിഞ്ഞു.
ധനാഡ്യന്‍ തന്റെ പോക്കറ്റില്‍ നിന്നും പഴ്സ് എടുക്കുന്നത് ഭിക്ഷക്കാരനും ഞാനും എന്റെ മോനും കണ്ടു.
“ഒരു...ആയിരത്തില്‍ കൂടുതല്‍ കൊടുക്കുമൊച്ചാ‍...?” മകനു ജിജ്ഞാസ അടക്കാനായില്ല.
“ഖല്ലന്‍...എന്തു സ്ലിമ്മാ..! നല്ല ഡയട്ടിങ്ങാ അല്ല്യൊ?..ദാ എന്റെ വിസിട്ടിങ് കാര്‍ഡാ..സൌകര്യമുള്ളപ്പൊ..വിളിച്ചു..വണ്ണം കുറയ്ക്കാനെന്നാ ഒക്കെയാ കഴിക്കുന്നതെന്ന് ഒന്നു പറഞ്ഞു തരണെ..!” വിസിറ്റിങ്ങ് കാര്‍ഡ് ഭിക്ഷക്കാരന്റെ പാത്രത്തിലിട്ട് തടിയന്‍ ധനാഡ്യന്‍ തിരികെ കാറില്‍ കയറി.
ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ ഭിക്ഷക്കാരനും എന്റെ മകനും എന്റെ മുഖത്തേക്കു നോക്കി..
“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത കാണുന്നുണ്ട്...” ആകാശത്തേക്കു നോക്കി ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു...............
(ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്.)

Thursday, January 4, 2007

സദ്ദാം....മാപ്പ്

വലിയൊരു കത്തിയാല്‍ ബുഷിന്റെ ചിത്രത്തില്‍
വടുക്കള്‍ വീഴ്ത്തുന്ന പയ്യന്‍
ഒരു നിമിഷത്തിന്റെ വലിയൊരു നടുക്കത്തില്‍
ഞാനെന്ന ധാര്‍ഷ്ട്യം അവനോട് ചോദിച്ചു
പയ്യാ നിനക്കെന്താ മുഴുത്ത ഭ്രാന്താണോ?
കണ്ണീര്‍ ഉണങ്ങാത്ത കവിളില്‍, നിരാശയില്‍
സദ്ദാമിന്‍ അവസാ‍ന പുഞ്ചിരി തെളിയിച്ച്
തീക്ഷ്ണ നയനങ്ങളാല്‍ അവനെന്നെ നോക്കി
ബുഷിനോ എനിക്കോ ഭ്രാന്തെന്നറിയാത്ത സുഹൃത്തേ
നിനക്കാണ്, നിങ്ങള്‍ക്കാണ് അഹമെന്ന ഭ്രാന്ത്.