Time Pass

Saturday, March 17, 2007

ആഴം

അസ്തമിച്ച സൂര്യനുപേക്ഷിച്ചു പോയ രക്തക്കറയുടെ ശേഷിപ്പുകള്‍ ചക്രവാളത്തില്‍ മായാതെ കിടന്നിരുന്നു.
തിരക്കില്‍ വീര്‍പ്പു മുട്ടിയ വീഥിയിലൂടെ നിര്‍വികാരത അനിവാര്യതയാക്കിയ മുഖഭാവത്തോടെ യാത്രികര്‍ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരുന്നു.
അകലെ കാണപ്പെട്ട വലിയ നക്ഷത്ര ഹോട്ടലിന്റെ ചാരത്ത് നീന്തല്‍ കുളത്തിനരികെ ചെറിയൊരു ആള്‍ക്കൂട്ടം കാണാമായിരുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അങ്ങോട്ടേക്കു നടന്നു.
കാഴ്ച്ചയില്‍ മലയാളിയെന്നു തോന്നുന്ന ഒരാള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഈ നക്ഷത്ര ഹോട്ടലിന്റെ പുതുതായി പണിത, ഏറ്റവും വലുതും ആഴമേറിയതുമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനമാണിന്ന്...”
ഉദ്യാനത്തില്‍ മദ്യ ഗ്ലാസ്സുകള്‍ കൈയില്‍ തിരുകി , ഇരിക്കയും സംസാരിക്കയും ചെയ്തിരുന്നവര്‍ അയാള്‍ പറയുന്നതിനു കാതോര്‍ക്കാന്‍ നിശ്ശബ്ദരായി.
“ മനോഹരമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്രത്യേക മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്”ഹോട്ടലിന്റെ ഉടമയെന്നു തോന്നിച്ച അയാള്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല.
“ഈ നീന്തല്‍ കുളത്തിന്റെ അടിയില്‍ ചരടുകളാല്‍ ബന്ധിക്കപ്പെട്ട ഒരു പെട്ടിയില്‍ 15 പവന്റെ ഒരു സ്വര്‍ണ്ണ മാല ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്..ധൈരമുള്ളവര്‍ക്കു ചാടി ആ ആഭരണം സ്വന്തമാക്കാം..”
നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു വെളുത്തു ചുവന്ന ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.
“ഇതാ..ധൈര്യശാലിയായ ഒരു യുവാവ് കടന്നു വന്നിരിക്കുന്നു....ചാടിക്കോളു..റെഡി ..വണ്‍...ടു....”

Thursday, March 1, 2007

മെട്രോ

മീറ്റിങ്ങുകള്‍ ..സെമിനാറുകള്‍..ഡിസ്കഷനുകള്‍...പാര്‍ട്ടികള്‍..തിരക്കില്‍ നിന്നും തിരക്കിലേക്ക്...
നിന്നു തിരിയാന്‍ സമയമില്ല..എത്ര ലക്ഷമാണ് ബാങ്കിലേക്കൊഴുകുന്നതെന്നു നോക്കാന്‍ പോലും സമയമില്ല...
ഹോ..മറ്റൊരു ദിവസത്തിന്റെ അവസാനമെത്തിയതില്‍ ആശ്വസിച്ചു, നെടുവീര്‍പ്പിട്ട് ഞാന്‍ കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്ത് എ സി ഓണ്‍ ചെയ്ത് അല്‍പ്പനേരമിരുന്നു.
നേരെ ക്ലബ്ബില്‍ പോയി രണ്ടു ലാര്‍ജ്ജടിച്ച് ഫ്ലാറ്റില്‍ ചെന്ന് പോപ്പി മോനെയും ശൂശുമോളെയും ഓമനിച്ചെന്നു വരുത്തി ചൂടു വെള്ളം നിറച്ച ടബ്ബില്‍ അല്‍പ്പം കിടക്കണം...ഞാന്‍ തീരുമാനിച്ചു.
നഗര വീഥിയിലും തിരക്ക്...അവിടെയും ഇവിടെയും ചറ പറാന്നു നീങ്ങുന്ന ജനങ്ങള്‍...
എന്നെപ്പോലെ തിരക്കുള്ള വി ഐ പി കള്‍ക്കു തടസ്സമായി റോഡു മുറിച്ചു കടക്കുന്ന, ചിരിക്കുന്ന, കരയുന്ന, പൊതു ജനം...എനിക്കറപ്പു തോന്നി..
പ്രഥാന വീഥിയില്‍ നിന്നും ചെറിയൊരു എളുപ്പ വഴിയിലേക്കു കയറുമ്പോള്‍ പതിയെ റോഡു മുറിച്ചു കടക്കുന്ന ഒരു മെലിഞ്ഞ മദ്ധ്യ വയസ്കനെ ഞാന്‍ കണ്ടു.
ഓരോന്നാലോചിച്ച് പരിസര ബോധമില്ലാതെ നടക്കുന്ന ഇവരേയൊക്കെ എന്തു ചെയ്യുമെന്നാലോചിച്ച് കാര്‍ മുന്നോട്ടെടുക്കുമ്പോഴാണ് അയാളുടെ മുഖം കണ്ടു നല്ല പരിചയം ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.
കാര്‍ അല്പം മുന്നോട്ട് പോയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഫീസ്സില്‍ നിന്നു റിട്ടയര്‍ ചെയ്തു പോയ അലിയാണോ? അതൊ ഡ്രൈവര്‍ കുട്ടന്‍പിള്ളയുടെ പിതാവാണൊ? ആര്‍ക്കറിയാം...? ഞാന്‍ കാര്‍ വീണ്ടും മുമ്പോട്ടെടുക്കുവാനാഞ്ഞു.
എന്തോ ഒരു സംശയ നിവാരണം വരുത്തല്‍ അനിവാര്യമാണെന്നു തീരുമാനിച്ച ഞാന്‍ കാര്‍ നിര്‍ത്തി.
കൈയ്യിലൊരു മുഷിഞ്ഞ പ്ലാസ്റ്റിക് ബാഗുമായി പതിയെ നടന്നു വരുന്ന മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്റെ മുഖത്തു നോക്കി ഞാന്‍ വിളിച്ചു....
“എക്സ് ക്യൂസ് മി...താങ്കളെ എവിടെയോ കണ്ടു മറന്ന പോലെ..ആരാണ്..താങ്കള്‍..?”
“ഓര്‍ക്കാന്‍ വഴിയില്ല ..” ഞരമ്പുകളും വിയര്‍പ്പുചാലുകളും ഇടകലര്‍ന്ന മുഖത്തെ തീക്ഷ്ണമായ രണ്ടു കണ്ണുകളാല്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു....
“ഞാന്‍...ഞാന്‍ നിന്റെ..പിതാവാണ്...”