Time Pass

Sunday, January 21, 2007

പകലിന്റെ കനവുകള്‍


കനത്ത വെയില്‍ തിളക്കം നല്‍കിയിരുന്ന ടാറിട്ട നിരത്തിന് അരുകില്‍ ആല്‍ മരത്തിനു ചുവട്ടിലായി ഞാന്‍ നിന്നു.
ബസ് വരാന്‍ സമയമായിട്ടുണ്ടാവുമൊ, അതോ പോയിട്ടുണ്ടാവുമൊ, അതോ ഇനി വരാതിരുന്നേക്കുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു.
നിരത്തിന്റെ വശം ചേര്‍ന്നു പതിയെ നടന്നു വന്നിരുന്ന യുവതിയെ ഞാന്‍ കണ്ടിരുന്നില്ല.
എന്നെ കടന്നു പോകവെ തിരിഞ്ഞ് എന്റെ മുഖത്തേക്കവള്‍ നോക്കി.
“നന്ദുവല്ലേ..?”
“അതേ” തെല്ലമ്പരപ്പോടെ ഞാന്‍ തലയാട്ടി.
“നന്ദുവിനെന്നേ മനസ്സിലായില്ലേ?” അതു ചോദിക്കുമ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു.
“ആര്‍ദ്ര..1 ഓ..എത്ര നാളായി കണ്ടിട്ട്..! വര്‍ഷങ്ങള്‍!!” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയത്തിലെ നായികയായിരുന്നു ആര്‍ദ്ര.
“എവിടെയായിരുന്നു നന്ദു...ഇത്ര നാള്‍..?” പരിഭവത്തിന്റെ ഈണമുണ്ടായിരുന്നു ആ ചോദ്യത്തിന്.
“ജ്യേഷ്ടനുണ്ടാക്കി വച്ച കുറെ കടങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു..“ ഞാന്‍ മറുപടി പറഞ്ഞു.
“ഞാന്‍ കുറെ തിരഞ്ഞിരുന്നു..”
ഞാന്‍ മറുപടി പറഞ്ഞില്ല. പ്രണയകാലത്തെ മധുരിമ എന്റെ വാക്കുകള്‍ക്കു നഷ്ടം വന്നിരുന്നു.
“ഒന്ന് ഓര്‍ക്കുവാന്‍ പോലും ശ്രമിക്കാതെ..ഇത്ര നാള്‍..എങ്ങിനെ കഴിഞ്ഞൂ..നന്ദൂന്..?”
“നീയെന്നേ തിരഞ്ഞിരുന്നൂന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ..?”നിര്‍വികാരത അനിവാര്യതയാക്കി മാറ്റിയ മുഖാവരണമണിഞ്ഞ് അരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.
“വിവാഹമൊക്കെ?” അറച്ചറച്ചാണ് അവള്‍ അതു ചോദിച്ചത്.
പ്രസരിപ്പു കൈമോശം വന്ന മുഖത്തോടെ ചക്രവാളം ഞങ്ങളെ നോക്കി നിന്നു.
“മറ്റൊരു വിവാഹം ..ഞാനാഗ്രഹിച്ചില്ല....നീയോ...?”
ആ നീ എന്ന വിളിയിലേ അതിരു കടന്നിരിക്കാവുന്ന സ്വാതന്ത്ര്യം അവള്‍ക്കിഷ്ടമായേക്കില്ല എന്നു ഞാന്‍ ഭയന്നു.
“ഇല്ല്യ...” ഇത്തവണ എന്തൊ കളഞ്ഞു പോയതു പോലെ താഴേക്കു നോക്കിയണത് അവള്‍ പറഞ്ഞത്.
എന്തു പറയണം എന്നറിയാതെ വിങ്ങുന്ന മനസ്സുമായി നിന്ന ഞങ്ങളുടെ മുന്നില്‍ അപരിചിത ഭാവത്തില്‍ ബസ്സു വന്നു നിന്നു.
നിരത്തിലെ പൊടിയാകെ പൊങ്ങി പറക്കുന്ന തിരക്കിലായിരുന്നു.
“കയറണുണ്ടോ..?” കണ്ടക്ടര്‍ ഞങ്ങളെ മാറി മാറി നോക്കി.
“എന്നാല്‍ പിന്നേ...?” ഞാന്‍ അവളെ നോക്കി.
“ആയിക്കോട്ടെ....’ ഒന്നു നിര്‍ത്തി അവള്‍ തുടര്‍ന്നു....” ഇനിയുള്ള യാത്ര..?”
“ബസ്സിലാവാമെന്നു കരുതി..“ പറഞ്ഞയുടന്‍ അതു സന്ദര്‍ഭത്തിനു ചേരാത്ത ഒരു തമാശയായി അവള്‍ കരുതിയേക്കുമോ എന്നു ഞാന്‍ ഭയന്നു.
നീങ്ങിത്തുടങ്ങിയ ബസ്സിന്റെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കടക്കെ, മുന്വശത്തു കൂടെ അവളും ഉള്ളില്‍ കടന്നിട്ടുണ്ടാവും എന്നു ഞാന്‍ വെറുതെ നിനച്ചു..............
മനോരമ വാരിക-2004

11 comments:

Anonymous said...

"പ്രിയമില്ലെങ്കില്‍ നീയിതു വഴിയെ പിന്നെയുമെന്തിനു വന്നു.. " എന്ന പാട്ടോര്‍മിപ്പിച്ച്‌ പോസ്റ്റ്‌

Manu
brijviharam.blogspot.com

പ്രിയംവദ-priyamvada said...

ടിക്കറ്റ്‌ എടുത്തൊ എന്നു കണ്ടക്റ്റര്‍ ചോദിച്ചപ്പോല്‍ പുറകില്‍ എടുത്തോളും എന്നവള്‍ പറഞ്ഞും കാണും അല്ലെ നന്ദു?

Sapna Anu B.George said...

ഇതു കഥ തന്നെയാണല്ലെ നന്ദൂ?എവിടെയൊക്കെയൊ കൊണ്ടു.... ഒരു നൊമ്പരം. വളരെ നന്നായിരിക്കുന്നു, തുടരും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്. പ്രതീക്ഷിക്കട്ടെ????

വേണു venu said...

നല്ല ഭാഷ നന്ദു.:)

mydailypassiveincome said...

ഓ, ഇതൊരു സംഭവകഥയാണല്ലോ :)

നന്ദു കാവാലം said...

ആരെങ്കിലും ഈ പിന്മൊഴികള്‍ എവിടെയാണെന്നൊന്നു പറഞ്ഞു തരുമോ?

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

http://thanimalayalam.org/ ഇവിടെ നോക്കൂ.

Anonymous said...

http://groups.google.com/group/blog4comments/topics

Unknown said...

എന്തൊക്കെയോ സുഖമില്ലാത്ത ഓര്‍മ്മകള്‍ വരുന്നു. :-)

Visala Manaskan said...

പിന്മൊഴികള്‍ ഞാന്‍ ബുക്ക് മാര്‍ക്ക് ചെയ്ത് വച്ചിട്ടുണ്ടല്ലോ ചുള്ളാ..