Time Pass

Sunday, February 11, 2007

ആ-മുഖം

ആ-മുഖം
പോസ്റ്റുമാന്‍ നല്‍കിയ കത്തിലെ പരിചയമില്ലാത്ത കൈപ്പട നോക്കിക്കൊണ്ടു കത്തിന്റെ അരികുകള്‍ അവള്‍ ചൂണ്ടു വിരലാല്‍ അടര്‍ത്തി.
രണ്ടാമതൊന്നു കൂടി കത്തു വായിച്ച ശേഷമാണ് അവള്‍ക്കു കത്തെഴുതിയതാരാനെന്നു മനസ്സിലായത്.
അതയാളുടെ കത്തായിരുന്നു.
കേശവേട്ടന്‍ എന്നു വിളിച്ചു തുടങ്ങുമ്പൊഴേക്കും തന്നെ വിട്ടു പോയ തന്റെ ഭര്‍ത്താവിന്റെ..
ഇന്നു മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അപ്പു , തന്റെ വയറ്റില്‍ അവന്റെ വരവറിയുക്കുമ്പഴേക്കും പോയിക്കഴിഞ്ഞിരുന്നയാള്‍ടെ..
പത്താം തീയതി..അതായത് ഇന്ന് ഇങ്ങോട്ടു വരുന്നത്രെ..
യാന്ത്രികമായി കുറച്ചു വിഭവങ്ങള്‍ ചേര്‍ത്തൊരു ഊണു തയ്യാറാക്കാനവള്‍ ഒരുമ്പെട്ടു.
--------------------------------------------------------------------------------------
അകലെ നിന്നും നടന്നടുക്കുന്നയാള്‍ടെ മുഖം വ്യക്തമാകുന്നതെ ഉണ്ടായിരുന്നുള്ളു.
പടി കടന്നു വരുന്ന ഭര്‍ത്താവിനെ നോക്കി, കതകു ചാരി അവള്‍ നിന്നു.
ഉമ്മറത്തു ചാരു കസേരയില്‍ ഇരുന്ന്‍ തോര്‍ത്തു കൊണ്ടയാള്‍ വിയര്‍പ്പകറ്റി.
“നിനക്കു സുഖല്ലേ..?”അയാള്‍ തിരിഞ്ഞ് അവളെ നോക്കി.
“പരമ സുഖം ...ങ്ങക്കൊ?” അവള്‍ തിരികെ ചോദിച്ചു.
അയാള്‍ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു.
അകലെ കിണറ്റിന്‍ കരയില്‍ , വരണ്ടുണങ്ങിയിരുന്ന ചളുങ്ങിയ ഇരുമ്പു തൊട്ടിയും നനയ്ക്കുന്ന കല്ലും ആ കണ്ണുകളില്‍ പ്രതിഫലിച്ചു.
“ഒന്നും അങ്ങട്ട് കരുതീതു പോലെ ശരിയായില്യ. ചെയ്തതൊക്കെ തെറ്റി...”ആരോടെന്നില്ലാതെ അയാ‍ള്‍ പിറുപിറുത്തു.
“സുമിത്രക്കെത്ര കുട്ട്യോളാ..” തന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ തിരക്കാന്‍ തെല്ലു സങ്കോചം തോന്നി..അവള്‍ക്ക്.
“ഇല്ല്യ..ഒന്നൂണ്ടായില്ല്യ..കെട്ടു കഴിഞ്ഞു മുന്നു മാ‍സാ കഴിഞ്ഞപ്പോ...ഓളു പോയി...”
തല കുമ്പിട്ടിരുന്ന് കാലുകള്‍ അലസമായി ആട്ടിയിരുന്ന അയാളോട് അവള്‍ക്കു ദയ തോന്നി.
“വിസ്സിനസോ?”
“അതൊക്കെ ഓള്‍ടെ അനിയന്‍ ചെക്കന്‍ കൈക്കലാക്കി..ങാ..അതു പോട്ടെ..എന്റെ മോനെന്തിയേ?”
ആദ്യമായി അയാളുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ,നൊംബരത്തിന്റെ, വിരഹത്തിന്റെ ഈര്‍പ്പം പ്രത്യക്ഷമായി.
“ഇസ്കൂളില്‍ പോയിരിക്യാ..”
“എത്രേലാ അവന്‍..?”
“മൂന്നില്..” അതു പറഞ്ഞ് അവള്‍ അടുക്കളയിലേക്കു നടന്നു.പുറകെ അയാള്‍ എത്തുമായിരിക്കും എന്നവള്‍ കരുതി.
“ന്താപ്പൊ? ഞാന്‍ പോയിട്ട്..ഏഴു വര്‍ഷായെക്കണു..!”
ആരോടെന്നില്ലാതെയാണിത്തവണയും അതയാള്‍ പറഞ്ഞത്.
അയാള്‍ അകത്തേക്കു വരുന്നില്ലായെന്നുറപ്പായപ്പോള്‍ കഴുകിയ വാഴയില നിലത്തു‍ വിരിച്ച്, അവള്‍ ഉമ്മറത്തേക്കു തല നീട്ടി.
“ഊണു കാലായി...വന്നോളു..!”
ചക്കയുടെ പൂഞ്ഞിയും കുരുവും കൊണ്ടുള്ള തുവരനും,ഭരണിയില്‍ ബാക്കിയുണ്ടായിരുന്ന കാളനും,കൊഴിഞ്ഞു വീണ കണ്ണിമാങ്ങ അരിഞ്ഞതും കൂട്ടി, ചുവന്നുരുണ്ട കുത്തരിച്ചോരുളയാക്കി ഉരുട്ടി അയാള്‍ നിറയെ ഉണ്ടു.
കൈ കഴുകി, മുറ്റത്ത് അയയില്‍ കാറ്റിലനങ്ങി കിടന്നിരുന്ന കരിമ്പനടിച്ച തോര്‍ത്തിലെ അവളുടെ ഗന്ധത്തില്‍ തുടച്ച്, അയാല്‍ കോലായില്‍ കിടന്നിരുന്ന ചാരു കസാലയില്‍ ഇരുന്നു.
പനാമ സിഗരട്ടെടുത്ത്, അതിന്റെ ഒരറ്റം കസാ‍ലയുടെ കാലില്‍ രണ്ടു തവണ തട്ടി,കത്തിച്ചു വലിക്കേ, അയാളുടെ കണ്ണുകള്‍ പടിക്കലേക്കു നീണ്ടു.
“എപ്പളാ അവന്‍ വര്യാ?” അയാള്‍ അകത്തേക്കു നോക്കി.
“മൂന്നു മണ്യാവും..”
“ഹായ്..ഒരു മണിക്കൂറുണ്ടിനീ..” അസ്വസ്ഥതയോടെ അയാള്‍ കസാലയുടെ കാലില്‍ കാല്‍ കയറ്റി വച്ച് ധൃതിയില്‍ ആട്ടി.
അവള്‍ ചിന്തിക്കയായിരുന്നു.....ഒരു മണിക്കൂര്‍ അവനേ കാത്തിരിക്കാന്‍ അയാള്‍ക്കു ബുദ്ധി മുട്ട് ! .പീടികത്തിണ്ണയിലോ ബസ്സ് സ്റ്റോപ്പിലോ ഇരിക്കേണ്ടി വന്നതു പോലെ...
‘ങ്ങക്കെന്നെ കാണാനും സംസാരിക്കാനും ഇപ്പളും തീരെ ഇഷ്ട്ടല്യാ ല്യേ കേശവാ..“ ധൈര്യം സംഭരിച്ചവള്‍ ചോദിച്ചു.
‘കേശവാന്നാ നീയെന്നേ വിളിക്യാ? ഇദന്നെ നെന്റെ കൊഴപ്പം..’ ആത്മഗതം പോലെ അയാള്‍ പറഞ്ഞു.
“ഒരു തവണ കേശവേട്ടാന്നു ഞാന്‍ വിളി തുടങ്ങിയപ്പൊ നിങ്ങളു പോയി...നീക്ഷ് കേശവേട്ടാന്നു വിളിച്ചാ..ഓനെ കാണാനും കൂടി നിക്കാണ്ട് ങ്ങളു പിന്നേം പോയാലോ?”
നിഷ്കളങ്കതയില്‍ ചാലിച്ചതായിരുന്നു അവളുടെ സംശയം.
---------------------------------------------------------------------
അകലെ, പടി കടന്നു വരുന്ന, തന്റെ കൊച്ചു പ്രതിരൂപത്തെ അയാള്‍ കണ്ടു.
അവന്‍ കൂടെ വന്നാ...ഞാ‍ന്‍ കൊണ്ടോവും..നീ തടുക്കരുത്..!”
അടുത്തു വരുന്ന അപ്പൂന്റെ നേര്‍ക്കു കൈ നീട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനേ...!” മുഖമുയര്‍ത്തിയ അപ്പൂന്റെ, ഒട്ടിയ കവിളിനു മീതെ, കുഴിഞ്ഞ കണ്‍ തടങ്ങളില്‍, പ്രകാശിക്കുന്ന രണ്ടു കണ്ണുകള്‍ അയാള്‍ കണ്ടു.ആ പ്രകാശം തടുക്കാനാവാതെ ഒഴിഞ്ഞ്, കുനിഞ്ഞ്, അയാള്‍ തന്റെ ബാഗെടുത്തു.
“കുട്ടാ..ന്നെ മനസ്സിലായോ..നെനക്ക്..?”
അയാള്‍ അവന്റെ താടിയില്‍, താടിയെല്ലില്‍, മെല്ലെ പിടിച്ചു.
“ദാഡാ...നെനക്കായി കൊണ്ട്വന്നതാ..!”
ബാഗില്‍ നിന്നും മിട്ടായി എടുത്തയാള്‍ അവനു നേരെ നീട്ടി.
‘വാങ്ങിക്കോടാ..കാഡ്ബറീസ്സാ...”പകച്ചു നില്‍ക്കുന്ന അവനോടയാള്‍ പറഞ്ഞു.
“എന്നു വച്ചാലെന്താ?” ആദ്യമായി അവന്റെ ശബ്ദം അയാള്‍ കേട്ടു.
‘ന്ന്വച്ചാ...കാഡ്ബറീസ്സ്..ന്റെ ചോക്ലേറ്റ്...”
“ന്ന്വച്ചാലോ?”അപ്പൂന്റെ മുഖത്ത് അമ്പരപ്പു നിറഞ്ഞു.
ആ അമ്പരപ്പു മായും മുന്‍പേ തിരിഞ്ഞ് അവന്‍ അയാളെ നോക്കി.
മനസ്സിലാകാത്ത കാഡ്ബറീസ് എന്ന സാധനവും നീട്ടി നില്‍ക്കുന്ന അപരിചിതനെ അവന്‍ തുറിച്ചു നോക്കി.
“ങ്ങളാരാ?”
തന്നെ തന്നെ നോക്കി നില്‍ക്കുന്ന അപരിചിതന്റെ കണ്ണുകളില്‍ നിന്നും കുടു കുടാന്നു കണ്ണീര്‍ ഒഴുകിയിറങ്ങുന്നത് അവന്‍ കണ്ടു.
‘നെനക്കെന്നേ അറിയില്ലേ..?”തകര്‍ന്ന ഹൃദയത്തോടെ അയാള്‍ നിന്നു.
“പരിചയമില്ലാത്തോരോടൊന്നും മിണ്ടരുത്..അവരു തരുന്നതൊന്നും വാങ്ങരുത് എന്നു പറഞ്ഞിട്ട്..അംമ് ങ്ങന്യെ..നോക്കി നില്‍ക്യാ?അകത്തു കയറി വാതിലു പൂട്ടമ്മേ”
വിറയ്ക്കുന്ന ശബ്ദത്തില്‍ അതു പറഞ്ഞ്, തന്റെ എലുമ്പന്‍ ശരീരം ഉലച്ചുകൊണ്ടോടി അവന്‍ അകത്തു കയറി.
വേഗം തിരികെ അടുക്കളയിലേക്കു വന്ന്, ചുവന്ന കണ്ണുകളുമായി വിശ്രമിക്കുന്ന അടുപ്പിലേക്കു നോക്കി അവള്‍ നിന്നു. വേറൊന്നും ചെയ്യാനില്ലാഞ്ഞിട്ടെന്നോണ0 മൂടിക്കെട്ടി നിന്ന്, പെട്ടെന്നു പെയ്യുന്ന ഒരു മഴ പോലെ അവള്‍ പെയ്തിറങ്ങി....

വനിത മാസികയില്‍ പ്രസിദ്ധീകരിച്ചത്.

17 comments:

നന്ദു കാവാലം said...

ആമുഖം...വടക്കെവിടെയൊ മാത്രമല്ല...എവിടെ വേണമെങ്കിലും നടക്കാവുന്ന ഒരു കഥയാണ്.വായിച്ചിട്ട് വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും നല്‍കിയാ‍ലും......നന്ദു കാവാലം.

കുറുമാന്‍ said...

ഠേ.....തേങ്ങ എന്റെ വക.

കേശവനല്ല അയാള്‍ - കൊശവനെന്നാ ചേരുന്ന പേര്

Unknown said...

കഥ കൊള്ളാം നന്ദുവേട്ടാ. പക്ഷെ എന്നെയും പെരിങ്ങോടനെയും പോലെയുള്ള മെയില്‍ ഷവിനിസ്റ്റുകള്‍ക്ക് അത്ര പിടിയ്ക്കില്ല പ്രമേയം. (പെരിങ്സ് വരുമ്പോഴേയ്ക്ക് നാട് വിടട്ടെ) :-)

P Das said...

ഈ സൈസ് കോന്തന്മാരൊക്കെ ഇപ്പോഴും ഇഷ്ട്ടമ്പോലുണ്ട്..

കഥ നന്നായി :)

ഏറനാടന്‍ said...

നന്ദുവേട്ടാ താങ്കളുടെ ക്രാഫ്‌റ്റ്‌ നന്നായിരിക്കുന്നു. കഥ പറയുമ്പോളിങ്ങനെ പറയണം.

കേശവന്‍ കുറ്റക്കാരനാവാം. പക്ഷെ, ഒരു ചെറുതെറ്റിന്‌ സ്വന്തം കുഞ്ഞിനേയോ, എന്തിന്‌, ഒരു ഫോട്ടൊ പോലും കാണിച്ചുതരാതെ, പൈതലിന്റെ പേരുപോലും അറിയാന്‍ അവകാശമില്ലാതെ ജീവിക്കുന്ന പിതൃഹൃദയങ്ങളുടെ തേങ്ങലുകള്‍ ഒരുനിമിഷം ഓര്‍ത്തുപോയി.

സുല്‍ |Sul said...

നന്ദു, കഥ നന്നായിരിക്കുന്നു.

ചെറിയ തിരുത്തുകള്‍
പ0)ക്കുന്ന = paThikkunna പഠിക്കുന്ന

-സുല്‍

Prabith said...

ആമുഖം...കൊള്ളാം....

വല്യമ്മായി said...

:( കരയിച്ചു ശരിക്കും

സഞ്ചാരി said...

മനസ്സിന്റെ കോണില്‍ അറിയപ്പെടാത്തൊരു നൊന്‍പരം പോലെ
കഥ പറഞ്ഞു തന്ന രീതി വളരയധികമിഷ്ടപ്പെട്ടു.

ദിവാസ്വപ്നം said...

പൈങ്കിളിയാണെന്നൊരു മുന്-വിധിയോടെ ആണ് വായിച്ചതെങ്കിലും കഥ ഇഷ്ടപ്പെട്ടു; ഒടുവിലെ ട്വിസ്റ്റ് പ്രത്യേകിച്ചും. :)

ഇത്തരം കഥകള്‍ ഓരോന്ന് വായിക്കുമ്പോഴും മനസ്സിലെങ്കിലും ഓര്ക്കാറുണ്ട് : 'ഇതൊക്കെ ഇപ്പോഴും നടക്കുമോ' എന്ന്. പക്ഷേ, പിന്നീട് വാര്ത്തകളിലും മറ്റും ഇമ്മാതിരി സമ്ഭവങ്ങള്‍ കേള്ക്കുമ്പോള്‍ 'ശരിയായിരുന്നല്ലോ' എന്ന് തിരിച്ചറിയുകയും ചെയ്യുമ്.

റീനി said...

നന്ദു, എനിക്ക്‌ ഈ കഥ വളരെ ഇഷ്ടായി. വനിതയില്‍ ഈ കഥ വായിച്ച പല വനിതകളുടെയും മനസില്‍ ഈ കഥ പതിച്ചു കാണും, എനിക്ക്‌ ഉറപ്പാ.

വേണു venu said...

നന്ദു, കഥയിഷ്ടമായി.
അച്ഛനില്ലാത്ത ദുഃഖത്തോടൊപ്പം അവഹേളനങ്ങളിലേയ്ക്കു് കുരുന്നു ബാല്യങ്ങളെ തട്ടിയിടുന്ന കേശവന്‍‍മാരൊരിക്കലും സഹതാപം അര്‍ഹിക്കുന്നില്ല.

Anonymous said...

ഇത്തരം കൊശവന്മാരെ പല പേരിലും പല രൂപത്തിലും മുന്‍തലമുറയില്‍ കണ്ടിട്ടുണ്ട്.. ഇപ്പോള്‍ ഇത്തരക്കാര്‍ വളരെ കുറവാണു (എന്റെ ചുറ്റു വട്ടങ്ങളിലെങ്കിലും)

വളരെ നല്ല കഥ.

Madhavikutty said...

നന്ദു,കഥകള്‍ ഇതിലും ശക്തമാണു അനുഭവത്തില്‍..
ജീവിതത്തില്‍ ഇത് അടുത്ത മാനത്തില്‍ കടന്നിരിക്കുന്നു.(സ്തീകള്‍ ഇതിലും ശക്തവും നീതിപൂറ്വകവുമായ തീരുമാനങ്ങള്‍ എടുത്തു വരുന്നതു ഇപ്പോള്‍ സാധാരണയാണു??‍!!അല്ലേ)

Unknown said...

THIS ONE WAS SPECIAL .......U HAVE THE GIFT HABEEBI (EVEN IAM NOT GOOD
ENOUGH TO SAY THAT,,,,, BUT I DONT KNOW TO EXPRESS HOW MUCH I LOVE
THIS).

SP said...

An excellent potrayal of the lives of many a women, in our 100% 'literate' Keralam. Kudos to u Nandu.....!!!

Shameer said...

#A readable one#

But.......
While reading,
I feel like M T-ean images of characters are coming, standing in front of me
and declaring like # We are not children of Nandoo, not of you, we call M.T father#