Time Pass

Saturday, January 27, 2007

കുമിളകള്‍


രാത്രി പന്ത്രണ്ടു മണി.
കത്തി നിന്ന ഒരു പകലിന്റെ കത്തിയമരലില്‍ നിന്നുയര്‍ത്തെഴുന്നേറ്റ്, റൂമിലെത്തി, വിയര്‍ത്തു നനഞ്ഞ ബനിയനും മുഷിഞ്ഞു നാറിയ പാന്റും മാറ്റി ലുങ്കി ഉടുക്കവെ ഫോണ്‍ ശബ്ദിച്ചു.
“നാട്ടീന്നാണല്ലൊ...ഓ..അവളാണ്...എന്റെ പുതു മണവാട്ടി....വിവാഹത്തിന്റെ അഞ്ചിന്റന്നു പോന്നതല്ലേ?ആറു മാസം കഴിഞ്ഞിട്ടും പുതു മണവാട്ടി തന്നെ.”
“ഇവിടെ....മഴയാ....നല്ല തണുപ്പാ...എന്തു ചെയ്യുകാ അവിടെ..?”
പുറത്ത്, അര്‍ദ്ധ രാത്രിയിലും കത്തുന്ന ചൂടാണെന്നും മുറിക്കുള്ളില്‍ പേരിന് ശബ്ദം മാത്രമുണ്ടാക്കുന്ന ഏസിക്ക് എന്നേക്കാള്‍ പ്രാരബ്ധങ്ങളാണെന്നും എണ്ണം പ0)ക്കും പോലെ കറങ്ങുന്ന ഫാനിന് ആലസ്യമാണെന്നും അവളോട് ഞാന്‍ പറഞ്ഞില്ല.ഞാനിങ്ങനെയാണു പറഞ്ഞത്.
“ഞാന്‍..നിന്നെ ഓര്‍ത്തിരിക്ക്യാ..ഇവിടെയും മുറിയില്‍ തണുപ്പു തന്നെ..’
“ഉച്ചക്കു തുടങ്ങിയ മഴയാ.ഇവിടെ മുറിയില്‍ ഞാന്‍ മാത്രം...” രഹസ്യം പറയുമ്പോലെ അവള്‍ മൊഴിഞ്ഞു.
“നീ...ഫോണ്‍..ഒന്ന് ആ ജനാലയ്ക്കല്‍ കൊണ്ടു പോവോ..?” ഞാന്‍ ചോദിച്ചു.
എന്തിനാണ്..എന്നവള്‍ ചോദിച്ചില്ല. അവള്‍ ഫോണ്‍ ജനാലയ്ക്കരുകില്‍, പുറത്തേക്കു പിടിച്ചു.
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ മഴയുടെ സംഗീതം ഉയര്‍ന്നു. ഓടിന്‍ മുകളില്‍ വീണു തുള്ളിച്ചാടി താഴേയ്ക്ക് ഒഴുകുന്ന മഴവെള്ളം...നനഞ്ഞ ഓടിന്റെ മണം...താഴെ വൃത്താകൃതിയില്‍ വെള്ളം വരച്ച ചിത്രത്തില്‍ കുമിളകള്‍..പൊട്ടുന്തോറും വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ , ആര്‍ക്കോ വേണ്ടി..അതോ സ്വന്തം സന്തോഷത്തിനായോ ജനിച്ചു പൊലിയുന്ന കുമിളകള്‍...
അപ്പോഴെപ്പഴോ പതിയെ ഫോണിലൂടെ മഴയുടെ ഈര്‍പ്പം എന്നിലേക്കരിച്ചിറങ്ങുന്നതു ഞാനറിഞ്ഞു...ഇപ്പോള്‍..ദാ..അവളുടെ കൈവിരലുകള്‍..ഫോണിലൂടി എന്റെ നെഞ്ചിലേ രോമരാജികളില്‍...പതിയെ..എന്തോ തിരയും പോലെ..
മഴവെള്ളം ലക്ഷ്യമില്ലാതൊഴുകി..അറിയാതെ വെള്ളത്തില്‍ പെട്ടു പോയ കട്ടുറുമ്പ് പുല്‍ത്തുമ്പിലഭയം തേടി.
ഒറ്റപ്പെട്ടു പോയ, തണുത്തു വിറച്ച എലിക്കുഞ്ഞ് വളഞ്ഞൊഴുകിയ മഴവെള്ളത്തിനെതിരെ നീന്തിക്കൊണ്ടിരുന്നു.
മഴയുടെ തലൊടലില്‍ മനം കുളിര്‍ത്ത് പ്രകൃതി നനഞ്ഞു നിന്നു.
തണുപ്പിന്റെ പുതപ്പില്‍ അങ്ങേത്തലയ്ക്കല്‍ അവളും ചൂടിന്റെ മേട്ടില്‍ ഇങ്ങേത്തലയ്ക്കല്‍ ഞാനും എപ്പഴോ..ഉറങ്ങിപ്പോയിരുന്നു....
ചന്ദ്രിക ആഴ്ചപ്പതിപ്പ്...2006

Tuesday, January 23, 2007

അഞ്ജലി....



അഞ്ജലി ഒറ്റയ്ക്കായിരുന്നു താമസം.
അവളുടെ ഭര്‍ത്താവു മരിച്ചു പോയിരുന്നു.
അവളുടെ വീടിനു മുന്നില്‍ വലിയൊരു പുളിമരം നിന്നിരുന്നു.
അതിരാവിലെ കുളിച്ച്, തലമുടിയില്‍ ഈറന്‍ തോര്‍ത്തു ചുറ്റി, വെള്ള വസ്ത്രം ധരിച്ച് അവള്‍
ആ പുളിമരത്തിന്റെ കീഴില്‍ വന്ന് മുകളിലേക്കു നോക്കി നില്‍ക്കുമായിരുന്നു.
ആര്‍ക്കും തന്നെ അവള്‍ എന്തിനാണ് അങ്ങിനെ നില്‍ക്കുന്നതെന്ന് അറിയില്ലായിരുന്നു.
അവളുടെ തൊട്ടടുത്ത വീടാണ് ജോലിയില്‍ സ്ഥലം മാറ്റം കിട്ടി വന്ന എനിക്കു താമസിക്കാന്‍ കിട്ടിയത്.
ആ പുളിമരത്തിനു തെക്കും പടിഞ്ഞാറുമായി നിന്നിരുന്ന ആഞ്ഞിലിക്കും തമ്പകത്തിനും ഒരു പക്ഷെ അതേക്കുറിച്ചറിയാമായിരിക്കും എന്നു ഞാന്‍ കരുതി.
അവളുടെ വീടിനു പുറകില്‍ കൃഷി ഉപേക്ഷിക്കപ്പെട്ട പാടങ്ങളായിരുന്നു.

അവിടെ, ആകാശത്തിന്റെ നീല നിറത്തെയും അതില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടന്നിരുന്ന വെള്ളി മേഘങ്ങളെയും വരി വരിയായും അടക്കമില്ലാതെയും പറന്നു വന്നും പോയുമിരുന്ന പക്ഷിക്കൂട്ടങ്ങളെയും പ്രതിഫലിപ്പിച്ചു കൊണ്ട് വെള്ളം നിറഞ്ഞു കിടന്നിരുന്നു.

അവളുടെ വീടിന്റെ അടുക്കളയുടെ മുഖം എന്റെ വീടിന്റെ പുറകു വശത്തിനെതിര്‍വശത്തായിരുന്നു.

അടുക്കളയിലേക്കു കയറി നില്‍ക്കുന്ന കിണറിലേക്കു രാവിലെ കൃത്യം ആറു മണിക്ക്, ആദ്യത്തെ തൊട്ടി വെള്ളം അവള്‍ കോരുന്നതു കേട്ടാണു ഞാന്‍ ഉണര്‍ന്നിരുന്നത്.

അടുക്കളയിലവള്‍ ഓരോന്നു ചെയ്യുന്നത് ഞാനെന്റെ അടുക്കളയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി നില്‍ക്കുമായിരുന്നു.

അന്നൊരു ദിവസം, അവള്‍ വരച്ചതായിരിക്കണം എന്നു പറഞ്ഞ്, മതിലിന്നരികില്‍ നിന്നൊരു കടലാസ്സ് , പാലു കൊണ്ടു വരുന്ന പയ്യനെനിക്കെടുത്തു തന്നു.

അതില്‍ അടുക്കള വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു പുരുഷന്റെ പടമുണ്ടായിരുന്നു.

അന്നു മുതല്‍ ഒളിഞ്ഞു നോട്ടം നിര്‍ത്തി നേരെ തന്നെ ഞാന്‍ അവളെ നോക്കി തുടങ്ങി.

അവളാരെന്നു ഞാനൊ ഞാനാരെന്നവളോ ചോദിച്ചിരുന്നില്ല.

ആയിടയ്ക്ക് ചന്ദ്രനു പലപ്പോഴും പല മുഖങ്ങളായിരുന്നു, മനുഷ്യനെപ്പോലെ.

അര്‍ദ്ധ വൃത്താകൃതിയിലും കാല്‍ ഭാഗം മാത്രം കാട്ടിയും, പിന്നെ, പതിവ്രതയുടെ നെറ്റിയിലെ പൊട്ടു പോലെയും ചന്ദ്രന്‍ , അവളുടെ പുളിമരത്തിനിടയിലൂടെ മുറ്റത്തും, പാതി തുറന്നിട്ട ജാലകത്തിലൂടെ എന്റെ മുറിക്കുള്ളിലും നിലാവു പരത്തിയിരുന്നു.

അന്നൊരിക്കല്‍ ഒരു രാത്രിയില്‍ അവളെന്റെ മുറിയില്‍ കടന്നു വന്നു.

ആകാശത്തു തെളിഞ്ഞിരുന്ന പൂര്‍ണ്ണ ചന്ദ്രന്‍, നിലാവു നിര്‍ലോഭം വാരി ചൊരിഞ്ഞിരുന്നു.

അന്നാണ് ആദ്യമായി അവളെന്നോടു സംസാരിച്ചത്.

അവള്‍ക്കൊരു ഭര്‍ത്താവുണ്ടായിരുന്നത്രെ!

അയാള്‍ അവളെ നിസ്തുലം സ്നേഹിച്ചിരുന്നു പോലും.!

ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നു പറയാന്‍ എന്തുകൊണ്ടോ അവള്‍ മനുഷ്യര്‍ക്കു പകരം മൃഗങ്ങളെയാണ് സാ‍മ്യപ്പെടുത്തിയത്.

അവിടവിടെ മിന്നിയ മിന്നാമിനുങ്ങുകളെയും പാതി വഴിയില്‍ ജീവിതം ഹോമിച്ച്

കത്തിയമരുന്ന കൊള്ളിയാനുകളെയും വീക്ഷിക്കാതെ ഞാന്‍ അവളുടെ കഥ കേട്ടിരുന്നു.

അവളുടെ ഭര്‍ത്താവു ഒരു ദിവസം , നിറയെ കായ്ച്ചു നിന്നിരുന്ന പുളി മരത്തില്‍ പുളി പറിക്കാന്‍ കയറി.

അയാള്‍ പറിച്ച പുളികളൊക്കെയും അവള്‍ നീട്ടിയ വട്ടിയില്‍ വന്നു വീണു കൊണ്ടിരുന്നു.

അവളേ സന്തോഷിപ്പിക്കാനായി, അടങ്ങാത്ത വാശിയോടെ, കൂടുതല്‍ കൂടുതല്‍ ഉയങ്ങളിലേക്കു കയറി കയറി പോയി.

അവള്‍ നീട്ടിയിരുന്ന വട്ടിയിലേക്കു ഉയരെ നിന്നും കൈവിട്ടു, ശിഖരങ്ങളിലൊക്കെ തട്ടി.ചതഞ്ഞ്, ഒരു പഴുത്ത പുളി പോലെ അയാള്‍ വന്നു വീണതു പെട്ടെന്നായിരുന്നു.

അതു പറയവെ അവളുടെ കണ്ണുകള്‍ കോളു കൊണ്ട സമുദ്രം പോലെ കാണപ്പെട്ടു.

അവളുടെ മനസ്സിലിനുള്ളിലിരമ്പിയിരുന്ന തിരമാലകളായിരുന്നില്ല എന്റെ ശ്രദ്ധ കവര്‍ന്നത്.

അനുസൃതം ഉയര്‍ന്നു താഴുന്ന, വിയര്‍പ്പു തുള്ളികള്‍ മൊട്ടിട്ടു തുടങ്ങിയ അവളുടെ നെഞ്ചിനരികെ, തോളില്‍ കൈ വച്ചു ഞാന്‍ അവളേ സമാധാനിപ്പിച്ചു.

അഭിനയം എന്നത് നഗരം എനിക്കു പഠിപ്പിച്ചു തന്ന ഒരു ക്രൂര വിനോദമായിരുന്നു.

അവള്‍ ജീവിക്കയും ഞാന്‍ അഭിനയിക്കയും ചെയ്ത ആ രാത്രിയുടെ അവസാനം അതി ശക്തമായ ഇടി മുഴക്കമുണ്ടായി.

ആകാശം കറുത്തിരുളുകയും അതി ശക്തമായ മിന്നല്‍ പിണരുകള്‍ ഇരുളില്‍ നിന്നും പിറവിയെടുക്കുകയും ചെയ്തു.

അഞ്ജലി ഞെട്ടി ഉണരുകയും, തന്റെ ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയുടുക്കുകയും ചെയ്തു.

അജ്ഞാതമായ അര്‍ത്ഥമേതോ ഉള്‍ക്കൊള്ളുന്ന ഒരു നോട്ടം എന്റെ നേരെയെറിഞ്ഞ് അവള്‍ വേഗം പുറത്തേക്കോടി.

ആ വലിയ പുളിമരത്തിന്റെ ചുവട്ടിലേക്കവള്‍ ഓടിച്ചെല്ലുന്നതും , പുളിമരത്തിനടിയില്‍ മുകളിലേക്കു നോക്കി അവള്‍ നില്‍ക്കുന്നതും , പെട്ടെന്ന് ശക്ത്യായി വീശിയ ഒരു കാറ്റില്‍, അസാമാന്യ വലുപ്പത്തിലുള്ള ഒരു പുളി, അവളുടെ മേലേക്ക് ആഞ്ഞു പതിക്കുന്നതും ഞെട്ടലോടെ ഞാന്‍ കണ്ടു.

ആ പുളിക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് അവള്‍ കിടന്നു.

അപ്പോഴും തോരാതെ തകര്‍ത്തു പെയ്തിരുന്ന മഴയിലേക്ക് ഒരു ഉള്‍പ്രേരണയാലെന്ന പോലെ ഞാന്‍ ഇറങ്ങി നിന്നു.

ആകാശത്തിന്റെ അനന്തതയില്‍ നിന്നും പെയ്തിറങ്ങിയ മഴത്തുള്ളികള്‍ എന്റെ മനസ്സിലെ മാലിന്യങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞു.

അങ്ങിനെ, ഞാന്‍ ദുഖത്തെ കുറിച്ചറിയാന്‍ തുടങ്ങി.

അരണ്ട വെളീച്ചത്തില്‍, കണ്ണീരും മഴത്തുള്ളികളും കൂടിച്ചേര്‍ന്നൊഴുകുന്നതു നോക്കി നില്‍ക്കവേ, എന്റെ കണ്ണുകളീലാ‍ദ്യമായി നനവു പടരുന്നതു ഞാന്‍ അറിഞ്ഞു.
അഞ്ജലിയുടെ, പരന്നൊഴുകിയ രക്തത്തില്‍ അങ്ങിനെ എന്റെ കണ്ണീരും കൂടി കലര്‍ന്നു.
(അലച്ചു തല്ലിയൊഴുകുന്ന മഴ വെള്ളം ഇങ്ങിനെ എത്രയെത്ര വിതുമ്പലുകളുടെ ആകെത്തുകയായിരിക്കും?)
(ഇതിലേ എല്ലാ വരികളും അ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.)
അഞ്ജലി--- ദുബായ് കൈരളി കലാകേന്ദ്രം 2003ല്‍ ജി സി സി യില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി.എന്റെ മനസ്സില്‍ തട്ടി പോറലേല്‍പ്പിച്ച് ഇന്നും സങ്കടപ്പെടുത്തുന്നു ...ഈ രചന.

Sunday, January 21, 2007

പകലിന്റെ കനവുകള്‍


കനത്ത വെയില്‍ തിളക്കം നല്‍കിയിരുന്ന ടാറിട്ട നിരത്തിന് അരുകില്‍ ആല്‍ മരത്തിനു ചുവട്ടിലായി ഞാന്‍ നിന്നു.
ബസ് വരാന്‍ സമയമായിട്ടുണ്ടാവുമൊ, അതോ പോയിട്ടുണ്ടാവുമൊ, അതോ ഇനി വരാതിരുന്നേക്കുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു.
നിരത്തിന്റെ വശം ചേര്‍ന്നു പതിയെ നടന്നു വന്നിരുന്ന യുവതിയെ ഞാന്‍ കണ്ടിരുന്നില്ല.
എന്നെ കടന്നു പോകവെ തിരിഞ്ഞ് എന്റെ മുഖത്തേക്കവള്‍ നോക്കി.
“നന്ദുവല്ലേ..?”
“അതേ” തെല്ലമ്പരപ്പോടെ ഞാന്‍ തലയാട്ടി.
“നന്ദുവിനെന്നേ മനസ്സിലായില്ലേ?” അതു ചോദിക്കുമ്പോള്‍ അവള്‍ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കിയിരുന്നു.
“ആര്‍ദ്ര..1 ഓ..എത്ര നാളായി കണ്ടിട്ട്..! വര്‍ഷങ്ങള്‍!!” ഞാന്‍ അത്ഭുതം മറച്ചു വച്ചില്ല.
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയത്തിലെ നായികയായിരുന്നു ആര്‍ദ്ര.
“എവിടെയായിരുന്നു നന്ദു...ഇത്ര നാള്‍..?” പരിഭവത്തിന്റെ ഈണമുണ്ടായിരുന്നു ആ ചോദ്യത്തിന്.
“ജ്യേഷ്ടനുണ്ടാക്കി വച്ച കുറെ കടങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു..“ ഞാന്‍ മറുപടി പറഞ്ഞു.
“ഞാന്‍ കുറെ തിരഞ്ഞിരുന്നു..”
ഞാന്‍ മറുപടി പറഞ്ഞില്ല. പ്രണയകാലത്തെ മധുരിമ എന്റെ വാക്കുകള്‍ക്കു നഷ്ടം വന്നിരുന്നു.
“ഒന്ന് ഓര്‍ക്കുവാന്‍ പോലും ശ്രമിക്കാതെ..ഇത്ര നാള്‍..എങ്ങിനെ കഴിഞ്ഞൂ..നന്ദൂന്..?”
“നീയെന്നേ തിരഞ്ഞിരുന്നൂന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ..?”നിര്‍വികാരത അനിവാര്യതയാക്കി മാറ്റിയ മുഖാവരണമണിഞ്ഞ് അരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു.
“വിവാഹമൊക്കെ?” അറച്ചറച്ചാണ് അവള്‍ അതു ചോദിച്ചത്.
പ്രസരിപ്പു കൈമോശം വന്ന മുഖത്തോടെ ചക്രവാളം ഞങ്ങളെ നോക്കി നിന്നു.
“മറ്റൊരു വിവാഹം ..ഞാനാഗ്രഹിച്ചില്ല....നീയോ...?”
ആ നീ എന്ന വിളിയിലേ അതിരു കടന്നിരിക്കാവുന്ന സ്വാതന്ത്ര്യം അവള്‍ക്കിഷ്ടമായേക്കില്ല എന്നു ഞാന്‍ ഭയന്നു.
“ഇല്ല്യ...” ഇത്തവണ എന്തൊ കളഞ്ഞു പോയതു പോലെ താഴേക്കു നോക്കിയണത് അവള്‍ പറഞ്ഞത്.
എന്തു പറയണം എന്നറിയാതെ വിങ്ങുന്ന മനസ്സുമായി നിന്ന ഞങ്ങളുടെ മുന്നില്‍ അപരിചിത ഭാവത്തില്‍ ബസ്സു വന്നു നിന്നു.
നിരത്തിലെ പൊടിയാകെ പൊങ്ങി പറക്കുന്ന തിരക്കിലായിരുന്നു.
“കയറണുണ്ടോ..?” കണ്ടക്ടര്‍ ഞങ്ങളെ മാറി മാറി നോക്കി.
“എന്നാല്‍ പിന്നേ...?” ഞാന്‍ അവളെ നോക്കി.
“ആയിക്കോട്ടെ....’ ഒന്നു നിര്‍ത്തി അവള്‍ തുടര്‍ന്നു....” ഇനിയുള്ള യാത്ര..?”
“ബസ്സിലാവാമെന്നു കരുതി..“ പറഞ്ഞയുടന്‍ അതു സന്ദര്‍ഭത്തിനു ചേരാത്ത ഒരു തമാശയായി അവള്‍ കരുതിയേക്കുമോ എന്നു ഞാന്‍ ഭയന്നു.
നീങ്ങിത്തുടങ്ങിയ ബസ്സിന്റെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കടക്കെ, മുന്വശത്തു കൂടെ അവളും ഉള്ളില്‍ കടന്നിട്ടുണ്ടാവും എന്നു ഞാന്‍ വെറുതെ നിനച്ചു..............
മനോരമ വാരിക-2004

Monday, January 15, 2007

ജീവിതത്തിലെ ഗര്‍ത്തങ്ങള്‍..


ജീവിതം കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്...ദിവാകരേട്ടന്‍ ചൂടു ചായ , മുന്‍പില്‍ നടുക്കത്തെ പല്ലിന്റെ വിടവിലൂടെ ഊതിക്കൊണ്ടു പറഞ്ഞു.ശരിയാ..കുറെ നേരം ഒരു കയറ്റം കയറിയാല്‍ ഒരു ഇറക്കം ഉറപ്പ്...അച്ചായന്‍ പല്ലിന്റെ പോടുകള്‍ക്കിടയിലെ ആഹാര ബാക്കികള്‍ കത്തിയ തീപ്പെട്ടിക്കൊള്ളിയുടെ അറ്റം കൊണ്ടു കുത്തി ചോര വരുത്തിക്കൊണ്ടിരുന്നു.“എന്റെ ജീവിതത്തില്‍ മാത്രം കയറ്റങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളു...ബീഡിയുടെ ഒരറ്റം വിരലുകളാല്‍ ഒന്നമര്‍ത്തി ഞെരുടിക്കൊണ്ട് മാരാര്‍ജി പിറുപിറുത്തു.“ഒരു കയറ്റം കയറി തീരുമ്പോള്‍ അടുത്തതു നിന്നങ്ങനെ വെല്ലു വിളിക്കും..അതു കയറുമ്പൊ..അടുത്തതു....” മാരാര്‍ജിയുടെ ശബ്ദത്തിനു ചെറിയൊരു മാറ്റം വന്നതായി ഞങ്ങള്‍ക്കു തോന്നി. മറ്റൊന്നും പറയാനില്ലാതിരുന്നതിനാലും, മറുപടി പറയാനുള്ള ജീവിത പരിചയം കമ്മിയായിരുന്നതിനാലും ടെലിവിഷന്റെ സ്വിച്ചമര്‍ത്തി ഞങ്ങളൊരു സീരിയല്‍ കാണാനാരംഭിച്ചു.

Thursday, January 11, 2007

കര്‍മ്മം ആന്ഡ് ധര്‍മ്മം

എഴുതുക എന്നതു എന്റെ കര്‍മ്മം
വായിക്കുക എന്നതു താങ്കളുടെ ദുഷ്ക്കര്‍മ്മം
എഴുതുക എന്നതു എന്റെ വിധി
അതു
വായിച്ചു മരിക്കുക എന്നതു താങ്കളുടെ ദുര്‍വിധി
സഹിക്കുക തന്നെ അല്ലെ?

Wednesday, January 10, 2007

premam

മരം ചുറ്റാന്‍ മരമില്ല,
ഉണ്ടേലോടാന്‍ ചെരുപ്പില്ല,
പാടാന്‍ തൊണ്ടയില്ല..
കരയാന്‍ കണ്ണീരുമില്ല..
ഞാനെന്നാ ഒരു മെട്രൊ മാന്‍ ആയതു?

Saturday, January 6, 2007

‘നുള്ള്‘ എന്ന കവിതാ സമാഹാരത്തില്‍ നിന്നും..

വട്ടം

വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന ജീവിതം..
നീളത്തില്‍ ചവിട്ടുമ്പോള്‍ വട്ടത്തിലാകുന്ന മാനുഷര്‍..

പെണ്ണ്

കനപ്പെട്ടതെന്തൊ മനസ്സിലുണ്ടെന്ന്
കിനിയുന്നതെന്തൊ ഹ്രുത്തിലുണ്ടെന്ന്
കുനിയുന്ന മുഖമെന്തൊ ഒളിപ്പിച്ചു വച്ചൂന്ന്
കെണിയൊരുക്കിയാരൊ കാത്തിരിപ്പുണ്ടെന്ന്
കോതിയൊതുക്കിയ മുടിയിഴകള്‍ക്കിടയിലൂടെ
കടക്കണ്ണാല്‍ നോക്കിയവള്‍ മെല്ലെ പറഞ്ഞു പോല്‍!

മദേഴ്സ് ഡേ..

അമ്മ കുഞ്ഞിനോടു പറഞ്ഞു..
ഇന്നു മദേഴ്സ് ഡേ ആകുന്നു..
ഇന്നെങ്കിലും നീ എന്നോടു പാലു ചോദിക്കരുതേ..
* * *
ബാറെന്നെഴുതിയ ബോര്‍ഡിനു മുന്നില്‍
കാറിനു വേഗത കുറച്ച് സ്റ്റീഫന്‍
സുകുമാരനോടു ചോദിച്ചു
മദേഴ്സ് ഡേയായിട്ട് ഒന്നു കൂടണ്ടെ?
* * *
അമ്മയെന്ന വാക്കിനു തുല്യയായി
ഒരമ്മ പോലും ശേഷിക്കാത്ത ഭൂമിയില്‍
ഒരു മദേഴ്സ് ഡേയെങ്കിലുംമല്ലാതെ..
യെങ്ങിനെ നമ്മള്‍ അമ്മയെയോര്‍ക്കും?

നര

ശിരസ്സിലെ
നരച്ച മുടികള്‍
ഒന്നൊന്നായി പിഴുതിട്ട്
കറുത്തൊരു മുടിയുമായി
ഞാനിരുന്നു..

വര

ഒരു വര
അടുത്തൊരു വര
വരകലൊന്നിച്ചപ്പോള്‍
ഒരു കൊച്ചു വര പിറന്നു.
പിന്നെയെപ്പഴാന്നറിയില്ല..
കൊച്ചുവരയെ തനിച്ചാക്കി
മുതിര്‍ന്ന വരകള്‍
എങ്ങോ പോയി..

വിരഹം

ഭാര്യയ്ക്കു..
നീ മുറിച്ചു കളഞ്ഞ നരച്ച മുടിയൊക്കെ
വീണ്ടും കിളുര്‍ത്തു വന്നിരിക്കുന്നു..
നീ മറച്ചു വച്ച കണ്ണീരൊക്കെയെന്‍ കിടക്ക നനയ്ക്കുന്നു..
നീ പറയാന്‍ മറന്ന കിന്നാരമൊക്കെയെന്‍
സ്വപ്നത്തില്‍ മുഴങ്ങുന്നു..
നീ നനച്ചലിയിച്ചൊരെന്‍ നെഞ്ചിപ്പഴും
ഈറനായ് വിറയ്ക്കുന്നു..
നിന്‍ ദു:ഖങ്ങള്‍, പ്രയാസങ്ങള്‍..
നെരിപ്പോടായ് നീറുന്നു..
എനിക്കു നിന്നെ കാണാതെ വയ്യ...

ഉരുള്‍

സ് നേഹം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
അലിയുന്ന് മഞ്ഞ്
കോപം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
നുരയുന്ന മഞ്ഞ്
ദുഖം
ഉരുകുന്ന മഞ്ഞാണ്
ഉരുകുന്തോറും
ഉരുള്‍ പൊട്ടി
ഉലയുന്ന മഞ്ഞ്..

നര

തലയില്‍ നര
താടിയില്‍ നര
താഴെ നെച്ചത്തു നര
തരിക്കും നെഞ്ചിനുള്ളിലും നര
തകര്‍ന്ന മനസ്സിനു നര
തലയ്ക്കു കീഴെ ചുളിയും നെറ്റിയ്ക്കും നര
തേജസ്സ് ഒഴിഞ്ഞ ദ്രുഷ്ടിക്കു നര
തെറ്റിപ്പതിക്കും കിനാവിനു നര
തീക്കുണ്‍0മാകുന്ന മോഹഭംഗത്തിനു നര
നരകളില്‍ തുടങ്ങുന്ന
നരകളില്‍ തുടരുന്ന
നരകളിലൊടുങ്ങുന്ന
നരയത്രെ ജീവിതം..

മുത്തുകള്‍(മിത്തുകള്‍)

ദുഖത്തിന്‍ മുത്തുകള്‍
കൊര്‍ത്തൊരു മാല പോല്‍
നീണ്ടു കിടക്കുന്ന് പാലം
കത്തുന്ന ഗോളമായ്
അങ്ങേത്തലയ്ക്കല്‍ന്നു
ചാരെയ്ക്കണയുന്ന സൂര്യന്‍..
സൂര്യന്റെ പാദങ്ങള്‍
മാലയിലമരവെ
മറ്റൊരു മുത്തായി
ഞാനും..

യാത്ര..

അനുഭവങ്ങള്‍
കണ്‍കോണിലൂറ്റിയ
ദുഖത്തെ
ചൂണ്ടു വിരലാല്‍
തൂത്തെറിഞ്ഞിട്ടു
ജീവിതത്തിനു നേരെ
ഞാനൊറ്റ നടപ്പു നടന്നു...
ഇവയെല്ലാം നുള്ള് എന്ന എന്റെ കവിതാ സമാഹാരത്തില്‍ നിന്നും...

Friday, January 5, 2007

മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യതകള്‍

“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്”
കറുപ്പു മൂടിയ ആകാശക്ഷ് കണ്ട് കാലാവസ്തക്കാരന്റെ പ്രവചനം മനസ്സിലോര്‍ത്തു വീട്ടിലേക്കു വലിഞ്ഞു നടക്കുകയായിരുന്നു ഞാന്‍.
എന്റെ അടുത്തു കൂടി ഒരു വലിയ ആഡംബര കാര്‍ പാഞ്ഞു പോയി.
“ഹോ...എന്തൊരു വലുപ്പം...!” എന്റെ മകന്‍, അതിശയം സ്പുരിക്കുന്ന മുഖത്തോടെ കാറിനേ നോക്കി.
അല്‍പ്പം അകലെയായി കാര്‍ പെട്ടെന്നു നിന്നു.
അതിന്റെ പിന്നിലെ സീറ്റില്‍ നിന്നും സില്‍ക് ജൂബ്ബ അണിഞ്ഞ ഒരു തടിച മനുഷ്യന്‍ പുറത്തേക്കിറങ്ങി.
അയാള്‍ ഫൂട്പാത്തിലേക്കു അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്നതു കണ്ട ഞാന്‍ അങ്ങോട്ടു നോക്കി.
വിളറിയ ഒരു പിഞ്ഞാണത്തില്‍ രണ്ടു നാണയങ്ങള്‍ ഇട്ട് കിലുക്കി,അവിടെ , ഫൂട് പാത്തില്‍ ഒരു വ്രുദ്ധന്‍ കിടന്നിരുന്നു.
ധനാഡ്യന്‍ ആ ഭിക്ഷക്കാരനെ തന്നെ സശ്രദ്ധം നോക്കുകയായിരുന്നു, അതു കണ്ട് ഞാന്‍ നടത്തയുടെ വേഗം കൂട്ടി.
“അച്ചാ..ആ പണക്കാരന്റെ മനസ്സലിഞ്ഞ ലക്ഷണമുണ്ട്..ഹോ..ഭിക്ഷക്കാരന്റെ ഭാഗ്യം...”
വളഞ്ഞ വഴിയില്‍ ചിന്തിക്കണ്ട പ്രായമാവാഞ്ഞിട്ടാവാം നിഷ്ക്കളങ്കതയൊടെ എന്റെ മകന്‍ പറഞ്ഞു.
“ശരിയാ...വാടാ..നമുക്കങ്ങോട്ടു ചെല്ലാം..” എന്റെ വിരലില്‍ തൂങ്ങി, അവനെന്നോടൊപ്പം വന്നു.
ഇപ്പോള്‍ തടിയനായ മാന്യന്‍, ഭിക്ഷക്കാരന്റെ അടുത്തു കുനിഞ്ഞിരുന്ന് അയാളോടെന്തൊ ചോദിക്കയായിരുന്നു.. ഞാന്‍ കാതോര്‍ത്തു.
“എന്താ..തന്റെ പേര്..?”
“ചന്ദ്രനെന്നാണു മുതലാളീ..” അയാള്‍ ഭവ്യതയോടെ പറഞ്ഞു.
“ഭക്ഷണമൊക്കെ?”
ആകെ ബാക്കിയുണ്ടായിരുന്നിരിക്കാവുന്ന അഭിമാനത്തെ കരുതിയായിരിക്കണം, അയാളൊന്നു പരുങ്ങി.
അയാളുടെ മെലിഞ്ഞ എല്ലിന്‍ കൂടില്‍ നിന്നും പെറുക്കി എടുക്കാന്‍ പാകത്തിനു വാരിയെല്ലുകള്‍ തെലിഞ്ഞു.
ധനാഡ്യന്‍ തന്റെ പോക്കറ്റില്‍ നിന്നും പഴ്സ് എടുക്കുന്നത് ഭിക്ഷക്കാരനും ഞാനും എന്റെ മോനും കണ്ടു.
“ഒരു...ആയിരത്തില്‍ കൂടുതല്‍ കൊടുക്കുമൊച്ചാ‍...?” മകനു ജിജ്ഞാസ അടക്കാനായില്ല.
“ഖല്ലന്‍...എന്തു സ്ലിമ്മാ..! നല്ല ഡയട്ടിങ്ങാ അല്ല്യൊ?..ദാ എന്റെ വിസിട്ടിങ് കാര്‍ഡാ..സൌകര്യമുള്ളപ്പൊ..വിളിച്ചു..വണ്ണം കുറയ്ക്കാനെന്നാ ഒക്കെയാ കഴിക്കുന്നതെന്ന് ഒന്നു പറഞ്ഞു തരണെ..!” വിസിറ്റിങ്ങ് കാര്‍ഡ് ഭിക്ഷക്കാരന്റെ പാത്രത്തിലിട്ട് തടിയന്‍ ധനാഡ്യന്‍ തിരികെ കാറില്‍ കയറി.
ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ ഭിക്ഷക്കാരനും എന്റെ മകനും എന്റെ മുഖത്തേക്കു നോക്കി..
“മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത കാണുന്നുണ്ട്...” ആകാശത്തേക്കു നോക്കി ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു...............
(ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്.)

Thursday, January 4, 2007

സദ്ദാം....മാപ്പ്

വലിയൊരു കത്തിയാല്‍ ബുഷിന്റെ ചിത്രത്തില്‍
വടുക്കള്‍ വീഴ്ത്തുന്ന പയ്യന്‍
ഒരു നിമിഷത്തിന്റെ വലിയൊരു നടുക്കത്തില്‍
ഞാനെന്ന ധാര്‍ഷ്ട്യം അവനോട് ചോദിച്ചു
പയ്യാ നിനക്കെന്താ മുഴുത്ത ഭ്രാന്താണോ?
കണ്ണീര്‍ ഉണങ്ങാത്ത കവിളില്‍, നിരാശയില്‍
സദ്ദാമിന്‍ അവസാ‍ന പുഞ്ചിരി തെളിയിച്ച്
തീക്ഷ്ണ നയനങ്ങളാല്‍ അവനെന്നെ നോക്കി
ബുഷിനോ എനിക്കോ ഭ്രാന്തെന്നറിയാത്ത സുഹൃത്തേ
നിനക്കാണ്, നിങ്ങള്‍ക്കാണ് അഹമെന്ന ഭ്രാന്ത്.