Time Pass

Tuesday, January 23, 2007

അഞ്ജലി....



അഞ്ജലി ഒറ്റയ്ക്കായിരുന്നു താമസം.
അവളുടെ ഭര്‍ത്താവു മരിച്ചു പോയിരുന്നു.
അവളുടെ വീടിനു മുന്നില്‍ വലിയൊരു പുളിമരം നിന്നിരുന്നു.
അതിരാവിലെ കുളിച്ച്, തലമുടിയില്‍ ഈറന്‍ തോര്‍ത്തു ചുറ്റി, വെള്ള വസ്ത്രം ധരിച്ച് അവള്‍
ആ പുളിമരത്തിന്റെ കീഴില്‍ വന്ന് മുകളിലേക്കു നോക്കി നില്‍ക്കുമായിരുന്നു.
ആര്‍ക്കും തന്നെ അവള്‍ എന്തിനാണ് അങ്ങിനെ നില്‍ക്കുന്നതെന്ന് അറിയില്ലായിരുന്നു.
അവളുടെ തൊട്ടടുത്ത വീടാണ് ജോലിയില്‍ സ്ഥലം മാറ്റം കിട്ടി വന്ന എനിക്കു താമസിക്കാന്‍ കിട്ടിയത്.
ആ പുളിമരത്തിനു തെക്കും പടിഞ്ഞാറുമായി നിന്നിരുന്ന ആഞ്ഞിലിക്കും തമ്പകത്തിനും ഒരു പക്ഷെ അതേക്കുറിച്ചറിയാമായിരിക്കും എന്നു ഞാന്‍ കരുതി.
അവളുടെ വീടിനു പുറകില്‍ കൃഷി ഉപേക്ഷിക്കപ്പെട്ട പാടങ്ങളായിരുന്നു.

അവിടെ, ആകാശത്തിന്റെ നീല നിറത്തെയും അതില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടന്നിരുന്ന വെള്ളി മേഘങ്ങളെയും വരി വരിയായും അടക്കമില്ലാതെയും പറന്നു വന്നും പോയുമിരുന്ന പക്ഷിക്കൂട്ടങ്ങളെയും പ്രതിഫലിപ്പിച്ചു കൊണ്ട് വെള്ളം നിറഞ്ഞു കിടന്നിരുന്നു.

അവളുടെ വീടിന്റെ അടുക്കളയുടെ മുഖം എന്റെ വീടിന്റെ പുറകു വശത്തിനെതിര്‍വശത്തായിരുന്നു.

അടുക്കളയിലേക്കു കയറി നില്‍ക്കുന്ന കിണറിലേക്കു രാവിലെ കൃത്യം ആറു മണിക്ക്, ആദ്യത്തെ തൊട്ടി വെള്ളം അവള്‍ കോരുന്നതു കേട്ടാണു ഞാന്‍ ഉണര്‍ന്നിരുന്നത്.

അടുക്കളയിലവള്‍ ഓരോന്നു ചെയ്യുന്നത് ഞാനെന്റെ അടുക്കളയുടെ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി നില്‍ക്കുമായിരുന്നു.

അന്നൊരു ദിവസം, അവള്‍ വരച്ചതായിരിക്കണം എന്നു പറഞ്ഞ്, മതിലിന്നരികില്‍ നിന്നൊരു കടലാസ്സ് , പാലു കൊണ്ടു വരുന്ന പയ്യനെനിക്കെടുത്തു തന്നു.

അതില്‍ അടുക്കള വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കുന്ന ഒരു പുരുഷന്റെ പടമുണ്ടായിരുന്നു.

അന്നു മുതല്‍ ഒളിഞ്ഞു നോട്ടം നിര്‍ത്തി നേരെ തന്നെ ഞാന്‍ അവളെ നോക്കി തുടങ്ങി.

അവളാരെന്നു ഞാനൊ ഞാനാരെന്നവളോ ചോദിച്ചിരുന്നില്ല.

ആയിടയ്ക്ക് ചന്ദ്രനു പലപ്പോഴും പല മുഖങ്ങളായിരുന്നു, മനുഷ്യനെപ്പോലെ.

അര്‍ദ്ധ വൃത്താകൃതിയിലും കാല്‍ ഭാഗം മാത്രം കാട്ടിയും, പിന്നെ, പതിവ്രതയുടെ നെറ്റിയിലെ പൊട്ടു പോലെയും ചന്ദ്രന്‍ , അവളുടെ പുളിമരത്തിനിടയിലൂടെ മുറ്റത്തും, പാതി തുറന്നിട്ട ജാലകത്തിലൂടെ എന്റെ മുറിക്കുള്ളിലും നിലാവു പരത്തിയിരുന്നു.

അന്നൊരിക്കല്‍ ഒരു രാത്രിയില്‍ അവളെന്റെ മുറിയില്‍ കടന്നു വന്നു.

ആകാശത്തു തെളിഞ്ഞിരുന്ന പൂര്‍ണ്ണ ചന്ദ്രന്‍, നിലാവു നിര്‍ലോഭം വാരി ചൊരിഞ്ഞിരുന്നു.

അന്നാണ് ആദ്യമായി അവളെന്നോടു സംസാരിച്ചത്.

അവള്‍ക്കൊരു ഭര്‍ത്താവുണ്ടായിരുന്നത്രെ!

അയാള്‍ അവളെ നിസ്തുലം സ്നേഹിച്ചിരുന്നു പോലും.!

ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നു പറയാന്‍ എന്തുകൊണ്ടോ അവള്‍ മനുഷ്യര്‍ക്കു പകരം മൃഗങ്ങളെയാണ് സാ‍മ്യപ്പെടുത്തിയത്.

അവിടവിടെ മിന്നിയ മിന്നാമിനുങ്ങുകളെയും പാതി വഴിയില്‍ ജീവിതം ഹോമിച്ച്

കത്തിയമരുന്ന കൊള്ളിയാനുകളെയും വീക്ഷിക്കാതെ ഞാന്‍ അവളുടെ കഥ കേട്ടിരുന്നു.

അവളുടെ ഭര്‍ത്താവു ഒരു ദിവസം , നിറയെ കായ്ച്ചു നിന്നിരുന്ന പുളി മരത്തില്‍ പുളി പറിക്കാന്‍ കയറി.

അയാള്‍ പറിച്ച പുളികളൊക്കെയും അവള്‍ നീട്ടിയ വട്ടിയില്‍ വന്നു വീണു കൊണ്ടിരുന്നു.

അവളേ സന്തോഷിപ്പിക്കാനായി, അടങ്ങാത്ത വാശിയോടെ, കൂടുതല്‍ കൂടുതല്‍ ഉയങ്ങളിലേക്കു കയറി കയറി പോയി.

അവള്‍ നീട്ടിയിരുന്ന വട്ടിയിലേക്കു ഉയരെ നിന്നും കൈവിട്ടു, ശിഖരങ്ങളിലൊക്കെ തട്ടി.ചതഞ്ഞ്, ഒരു പഴുത്ത പുളി പോലെ അയാള്‍ വന്നു വീണതു പെട്ടെന്നായിരുന്നു.

അതു പറയവെ അവളുടെ കണ്ണുകള്‍ കോളു കൊണ്ട സമുദ്രം പോലെ കാണപ്പെട്ടു.

അവളുടെ മനസ്സിലിനുള്ളിലിരമ്പിയിരുന്ന തിരമാലകളായിരുന്നില്ല എന്റെ ശ്രദ്ധ കവര്‍ന്നത്.

അനുസൃതം ഉയര്‍ന്നു താഴുന്ന, വിയര്‍പ്പു തുള്ളികള്‍ മൊട്ടിട്ടു തുടങ്ങിയ അവളുടെ നെഞ്ചിനരികെ, തോളില്‍ കൈ വച്ചു ഞാന്‍ അവളേ സമാധാനിപ്പിച്ചു.

അഭിനയം എന്നത് നഗരം എനിക്കു പഠിപ്പിച്ചു തന്ന ഒരു ക്രൂര വിനോദമായിരുന്നു.

അവള്‍ ജീവിക്കയും ഞാന്‍ അഭിനയിക്കയും ചെയ്ത ആ രാത്രിയുടെ അവസാനം അതി ശക്തമായ ഇടി മുഴക്കമുണ്ടായി.

ആകാശം കറുത്തിരുളുകയും അതി ശക്തമായ മിന്നല്‍ പിണരുകള്‍ ഇരുളില്‍ നിന്നും പിറവിയെടുക്കുകയും ചെയ്തു.

അഞ്ജലി ഞെട്ടി ഉണരുകയും, തന്റെ ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയുടുക്കുകയും ചെയ്തു.

അജ്ഞാതമായ അര്‍ത്ഥമേതോ ഉള്‍ക്കൊള്ളുന്ന ഒരു നോട്ടം എന്റെ നേരെയെറിഞ്ഞ് അവള്‍ വേഗം പുറത്തേക്കോടി.

ആ വലിയ പുളിമരത്തിന്റെ ചുവട്ടിലേക്കവള്‍ ഓടിച്ചെല്ലുന്നതും , പുളിമരത്തിനടിയില്‍ മുകളിലേക്കു നോക്കി അവള്‍ നില്‍ക്കുന്നതും , പെട്ടെന്ന് ശക്ത്യായി വീശിയ ഒരു കാറ്റില്‍, അസാമാന്യ വലുപ്പത്തിലുള്ള ഒരു പുളി, അവളുടെ മേലേക്ക് ആഞ്ഞു പതിക്കുന്നതും ഞെട്ടലോടെ ഞാന്‍ കണ്ടു.

ആ പുളിക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് അവള്‍ കിടന്നു.

അപ്പോഴും തോരാതെ തകര്‍ത്തു പെയ്തിരുന്ന മഴയിലേക്ക് ഒരു ഉള്‍പ്രേരണയാലെന്ന പോലെ ഞാന്‍ ഇറങ്ങി നിന്നു.

ആകാശത്തിന്റെ അനന്തതയില്‍ നിന്നും പെയ്തിറങ്ങിയ മഴത്തുള്ളികള്‍ എന്റെ മനസ്സിലെ മാലിന്യങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞു.

അങ്ങിനെ, ഞാന്‍ ദുഖത്തെ കുറിച്ചറിയാന്‍ തുടങ്ങി.

അരണ്ട വെളീച്ചത്തില്‍, കണ്ണീരും മഴത്തുള്ളികളും കൂടിച്ചേര്‍ന്നൊഴുകുന്നതു നോക്കി നില്‍ക്കവേ, എന്റെ കണ്ണുകളീലാ‍ദ്യമായി നനവു പടരുന്നതു ഞാന്‍ അറിഞ്ഞു.
അഞ്ജലിയുടെ, പരന്നൊഴുകിയ രക്തത്തില്‍ അങ്ങിനെ എന്റെ കണ്ണീരും കൂടി കലര്‍ന്നു.
(അലച്ചു തല്ലിയൊഴുകുന്ന മഴ വെള്ളം ഇങ്ങിനെ എത്രയെത്ര വിതുമ്പലുകളുടെ ആകെത്തുകയായിരിക്കും?)
(ഇതിലേ എല്ലാ വരികളും അ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.)
അഞ്ജലി--- ദുബായ് കൈരളി കലാകേന്ദ്രം 2003ല്‍ ജി സി സി യില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടി.എന്റെ മനസ്സില്‍ തട്ടി പോറലേല്‍പ്പിച്ച് ഇന്നും സങ്കടപ്പെടുത്തുന്നു ...ഈ രചന.

30 comments:

ബിന്ദു said...

ഇതിനെറ്റ് കളറൊന്നു മാറ്റുമൊ? കണ്ണിനു ഭയങ്കര ബുദ്ധിമുട്ടാണ്ടുക്കുന്നു.
നല്ല കഥ. ബുദ്ധിമുട്ടിയിട്ടാണെങ്കിലും വായിച്ചു.:)ഇവിടെ ആദ്യായിട്ടാ‍ണ്. ബാക്കിയുള്ളവ കൂടി വായിക്കട്ടെ.
qw_er_ty

Sapna Anu B.George said...

ഇതാണു നന്ദൂ സ്നേഹം, നിസ്വാര്‍ഥമായ സ്നേഹം

നന്ദു കാവാലം said...

ഉത്തരവ്..! ദാ കളര്‍ മാറ്റിക്കഴിഞ്ഞു. നിങ്ങളൊക്കെയില്ലെങ്കില്‍ എനിക്കെന്തു എഴുത്താണ്?!

എം.എച്ച്.സഹീര്‍ said...

നന്ദു കഥ കണ്ടു. കുറച്ചു കൂടി ഒതുക്കി പറയാമായിരുന്നു.മരണം.ഒരു പുളി വീഴ്ചപോലെ അത്ര ലഘവമാണോ...മൊത്തം ഒരു ചന്തം ഉണ്ട്‌....

Unknown said...

നന്ദുവേട്ടാ,
ഇത് വരെ നന്ദുവേട്ടന്‍ പോസ്റ്റ് ചെയ്തതില്‍ എനിയ്ക്ക് എറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. ശരിക്കും മനസ്സിനെ നൊമ്പരപ്പടുത്തി.

സു | Su said...

അഞ്ജലിയുടെ കഥ ആസ്വദിച്ചു.

അതിനിടയില്‍ എപ്പോഴോ ഒന്ന് നൊന്തു.

അത് സാരമാക്കാതെ വായന തുടര്‍ന്നു.

അവസാനമായപ്പോള്‍, അമ്പരന്നു.

അതാണല്ലോ അതിന്റെ ഒരു രസം?

അല്ലേ?

(അ കഥയ്ക്ക് അ മറുപടി എഴുതാന്‍ അനുവാദമില്ലേ?)

നിലാവ്.... said...

അഞ്ജലി
വലളരെ നല്ല കഥ , നല്ല വിവരണം ,പഴുത്ത പുളിയിലൂടെയുള്ള വിവരണം nice yaaaaar.

നന്ദു കാവാലം said...

സു വിന്റെ കുറിപ്പു വായിച്ചു.
സൂത്രത്തില്‍ ഞാന്‍ ചിരിച്ചു.
സുഖമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍
സുന്ദരമായൊരു അനുഭൂതി!

mydailypassiveincome said...

നന്ദുവേട്ടന്റെ അഞ്ജലി വളരെ വളരെ നന്നായിരിക്കുന്നു. എല്ലാ ലൈനിന്റെ ആദ്യവും അ-യില്‍ തുടങ്ങിയതു മാത്രമല്ല കഥയുടെ രസം അല്പം പോലും ചോരാതെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും പോരട്ടെ ഇത്തരം കഥകള്‍ :)എന്നാലും അവസാനം ആ വലിയ പുളി വീഴുമെന്ന് വിചാരിച്ചില്ല ;)

ഇട്ടിമാളു അഗ്നിമിത്ര said...

അഞ്ജലിക്ക് അറിയാമായിരുന്നിരിക്കും അവസാനം അടുത്തെത്തിയെന്നും
അതിങ്ങനെ ആവുമെന്നും .. അസ്സലായിരിക്കുന്നു

(സൂ വിന്റെ കമന്റ് കണ്ടപ്പോള്‍ എനിക്കും ഒരു മോഹം .. ഒരു അ കമന്റ് ഇടാന്‍ .. ഒത്തില്ലല്ലേ?)

നന്ദു കാവാലം said...

തെറ്റുകള്‍(ജീവിതത്തില്‍ വന്നു ഭവിച്ചവയല്ല) ..കഥയില്‍ വന്ന തെറ്റുകള്‍ മിക്കവാറും തിരുത്തിയിട്ടുണ്ട്. കമന്റുകള്‍ക്കു വളരെ നന്ദി...

പ്രിയംവദ-priyamvada said...

പാപത്തിന്റെ ശമ്പളം മരണമത്രെ..ബൈബിള്‍ വചനമല്ലെ അതു ?പക്ഷെ എന്തെ ശിക്ഷ്‌ സ്ത്രീക്കു മാത്രം? രാജെഷ്‌ വര്‍മയുടെ കഥയിലും അങ്ങിനെയല്ലെ ?ഇവിടെ
പ്രതിഷേധിക്കാന്‍ ആരും ഇല്ലെ? ഇട്ടി മാളു എങ്കിലും ? കുമാരിന്റെ ഫോട്ടൊയില്‍ കണ്ട ബോട്ടില്‍ കയറി കാവാലത്തു പോയി ശക്തി"മത്തായി" പ്രതിഷേധിക്കാന്‍ ആണെങ്കില്‍ പുരുഷപ്രജകളും ധാരാളം കാണും.

നന്ദു.. അകാരം കഥ നല്ലതാട്ടൊ ..IV ശശിയെ ഓര്‍മവന്നൊ ന്നൊരു സംശയം.

Anonymous said...

കഥ നന്നായിട്ടുണ്ട്‌. പക്ഷെ " അ" കാരത്തില്‍ തുടങ്ങാന്‍ വാശി പിടിച്ചതുകൊണ്ടാണെന്നു തൊന്നുന്നു മിക്ക വാചകങ്ങളും അവസാനിച്ഛിരിക്കുന്നതു "ഉ" കാരത്തിലാണു. പോയിരുന്നു,നിന്നിരുന്നു,നില്‍ക്കുമായിരുന്നു,അറിയില്ലയിരുന്നു, എന്നിങ്ങനെ....ത്തുടര്‍ച്ചയായി "ഉ" കാരത്തില്‍ അവസാനിച്ചതു വയനസുഖം അല്‍പം കുറച്ചതൊഴിച്ചാല്‍ അഞ്ഞലി ഗംഭീരം

ഏറനാടന്‍ said...

നേരില്‍ കാണുമ്പോഴും ഫോണിലൂടേയും ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന നന്ദുവേട്ടന്‍ കദനകഥകളില്‍ കൂടി ഞങ്ങളെ ആര്‍ദ്രതയില്‍ ആക്കി. ശരിക്കും പിടഞ്ഞുപോയ്‌ ഹൃദയം വിതുമ്പിപോയ്‌

നന്ദു കാവാലം said...

പാപത്തിന്റെ ശമ്പളം മരണമത്രെ..ബൈബിള്‍ വചനമല്ലെ അതു ?പക്ഷെ എന്തെ ശിക്ഷ്‌ സ്ത്രീക്കു മാത്രം? രാജെഷ്‌ വര്‍മയുടെ കഥയിലും അങ്ങിനെയല്ലെ ?ഇവിടെ
പ്രതിഷേധിക്കാന്‍ ആരും ഇല്ലെ? ഇട്ടി മാളു എങ്കിലും ? ഇതു പ്രിയംവദയുടെ വരികള്‍. ബൈബിളില്‍ ...കര്‍തതാവു നല്ലവരെ വേഗം തിരികെ വിളിക്കുന്നു എന്നും പറയുന്നതായി ആരൊ പറഞ്ഞു. അഞ്ജലി നല്ലവളല്ലെ...പൊക്കോട്ടെ ഈ നരകത്തില്‍ നിന്നും..

നന്ദു കാവാലം said...

അനിമോളെ..കഥയുടെ പേരു ആഞ് ഞിലി എന്നല്ല..അതൊരു മരമാകുന്നു. വൃക്ഷം എന്നും പറയാ. അ..ഉ.എ..ഇ..നോക്കുന്നതിനിടക്കു എന്റെ നായികയുടെ പേരും മാറ്റിയൊ? വണക്കം .സുഖമല്ലെ?

Anonymous said...

നാഗരികത എന്ന നരകീയതയെ വ്യക്തമായി വരച്ചു കാട്ടിയ കുറിപ്പുകള്‍. എത്ര നല്ല കഴിവുള്ള എഴുത്തുകാരാണു ബ്ലോഗിലൂടെ പൂത്തു വിരിയുന്നത്!


ഇതു നന്ദുന്റെ വരികള്‍ . ..എനിക്കു ചിരി വന്നു .നാണികുട്ട്യും വന്നു.പിന്നെ സന്തോഷും വന്നു.ഇങ്ങനെ പറയാതെ കുഞ്ഞെ എന്നു പറയണമ്മെന്നു ഓര്‍ത്തു..എന്നാലും ഒരു ചമ്മല്‍...ഡാങ്ക്യുട്ടോ..ഞാന്‍ ഒരു വയനക്കാരി മാത്രം.

ഇതു ഞാന്‍ വെരുതെ ഫെമ്മിനിസ്റ്റാവന്‍ പറ്റുമൊ എന്നു നോക്കിയതല്ലെ..ക്ഷമിക്കനിയാ. പല കഥകളിലും (ജീവിതത്തിലും) കൂട്ടു പ്രതി ശിക്ഷിക്കപീടുന്നില്ല..നമ്മുടെ mind set ഇന്റെ പ്രശനമണൊ ഇതു?

priyamvada

രാജേഷ് ആർ. വർമ്മ said...

പ്രിയംവദയോ നന്ദുവോ മറ്റോ എന്നെ വിളിച്ചോ? പാപത്തിന്റെ ശമ്പളമായി പെണ്ണിനു മരണം കിട്ടുന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ടോ?

Anonymous said...

മരണം മാത്രമല്ലോ ശിക്ഷ ..ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും.

priyamvada

Anonymous said...

അഞ്ജലി......
ദുഷ്ടന്മാര്‍, അവളെ കൊന്നു കളഞ്ഞോ ?

Anonymous said...

അഞ്ജലി......
ദുഷ്ടന്മാര്‍, അവളെ കൊന്നു കളഞ്ഞോ ?

Visala Manaskan said...

കഥ, നൊമ്പരന്‍!!!!

വാമൊഴിയായി കേട്ടതായിരുന്നിട്ടും വായിച്ചപ്പോള്‍ ബോറടിച്ചില്ല. ഇഷ്ടമായി.

നന്ദുവേട്ടന്റെ മനസ്സ് കഥകളുടെയും കവിതയുടെയും ഒരു പത്തായം തന്നെയാണ് എന്ന് തോന്നിയെനിക്ക്. വേണ്ട പ്രോത്സാഹനം കിട്ടുന്നില്ല എന്ന ആ സത്യം ബ്ലോഗില്‍ കൂടെ തീരുമെന്നും പ്രത്യാശിക്കുന്നു.

ആശംസകള്‍.

കുറുമാന്‍ said...

അവള്‍ ജീവിക്കയും ഞാന്‍ അഭിനയിക്കയും ചെയ്ത ആ രാത്രിയുടെ അവസാനം അതി ശക്തമായ ഇടി മുഴക്കമുണ്ടായി - വായിച്ച് വന്നപ്പോള്‍ ശരിക്കും ഇടിവെട്ടിയതുപോലായി നന്ദുവേട്ടാ......

വളരെ നല്ല കഥ. ഫോണ്ടിന്റെ വലുപ്പം അല്പം കുറച്ച്, ലെഫ്റ്റ് അലൈന്‍ ചെയ്താല്‍ കൂടുതല്‍ നന്നാകില്ലെ?

Kaippally said...

എന്റെ ചില തംശയങ്ങള്‍:
"അസാമാന്യ വലുപ്പത്തിലുള്ള ഒരു പുളി, അവളുടെ മേലേക്ക് ആഞ്ഞു പതിക്കുന്നതും ഞെട്ടലോടെ ഞാന്‍ കണ്ടു."

എങ്കിലും എത്ര വലുപ്പം കാണും?
പുളി വന്നു പെറത്ത് വീണ ആരെങ്കിലും ചാവുമോ?

ചെട്ട ഇത്രയും കഷ്ടപെട്ട് "അ"യില്‍ എഴുതിയത് എന്തിനു്? മറ്റ് അക്ഷരങ്ങള്‍ ചോവ്വല്ലാത്തതുകൊണ്ടാണോ?

ഡാങ്സ്

പട്ടേരി l Patteri said...

അ യുടെ
അനന്തസാദ്യതകള്‍
അഞ്ജലിയിലൂടെ
അറിഞ്ഞു....

നന്ദു കാവാലം said...

അനിയാ..അങ്ങിനെ ഒരു പുളിയില്ല. അതു ഭാ‍വനയല്ലേ..ഒടുക്കത്തെ ഭാവനയല്ലെ എനിക്ക്...നല്ല സമയമാണെങ്കില്‍ കൈപ്പള്ളിയുടെ ആ ചുള്ളന്‍ താടി വീണാലും പരേതനാകും!

നന്ദു കാവാലം said...

വര്‍മ്മാജി....ഞാന്‍ നിഷ്കളങ്കനാണ്. പ്രിയം വദ ശൊന്നേന്‍ ഞാന്‍ കേട്ടേന്‍.പ്രിയംവദക്കുട്ട്യേ..അനിയനോ..? ഞാനോ...വിശാലമനസ്ക്കനോടു ചോദിക്കൂ എന്റെ പ്രായം..ഓന്‍ ശൊല്ലും. പ്രായം ഇവിടെഴുതി എന്റെ ബെയ്ട്റ്റ് കളയണില്ല.

ബിന്ദു said...

ഹിഹി.. ഭാവനയോ? ഞാന്‍ പുളി എന്നു കണ്ടപ്പോള്‍ പുളിമരം ആയിരിക്കും എന്നാണ് വിചാരിച്ചത്. :)

നന്ദു കാവാലം said...

കുറുമാന്‍ജീ..സത്യത്തില്‍ എനിക്കീ ടെക്നിക്കൊന്നും അറിയില്ല....വിശാലമനസ്ക്കന്റെ വഴികാട്ടലാ എന്നെ ഇവിടെ വരെ എത്തിച്ചത്..അദ്യത്തോടു ഞാന്‍ ചോദിക്കട്ടെ..ട്ടോ..

Madhavikutty said...

“....അഭിനയം എന്നത് നഗരം എനിക്കു പഠിപ്പിച്ചു തന്ന ഒരു ക്രൂര വിനോദമായിരുന്നു....
അങ്ങിനെ, ഞാന്‍ ദുഖത്തെ കുറിച്ചറിയാന്‍ തുടങ്ങി....“
ലളിതവും ആഴമുള്ളതും.നന്നായിരിക്കുന്നു.