Time Pass

Thursday, February 1, 2007

അരുന്ധതീ വിലാപം

എത്രയും പ്രീയപ്പെട്ട അങ്ങേയ്ക്ക്...
മരുഭൂമിയില്‍ അങ്ങേയ്ക്ദ് സുഖമാണോ?
ഓര്‍ക്കുന്നുണ്ടാവുമൊ എന്നെ?
ആല്‍ വൃക്ഷവും പാലമരവും കനത്ത നിഴല്‍ വീഴ്ത്തിയിരുന്ന കാവിലും, പച്ച നിറം പടര്‍ത്തി നിശ്ചലം കിടക്കും കുളത്തിന്റെ അങ്ങേക്കരയിലെ മറപ്പുരയ്ക്കുള്ളിലും പിന്നെ..യാത്ര പോലും പറയാതെ ചുവന്ന വര പോലെ അകലേയ്ക്കു കോറിയിട്ട മണ്‍ നിരത്തിലൂടെ , തോളില്‍, പുറകിലോട്ടു ചാഞ്ഞു വീണുലയുന്ന ബാഗുമായി അങ്ങു നടന്നു നീങ്ങിയ പുലരിയിലും മാത്രമല്ലെ നമ്മള്‍ തമ്മില്‍ കണ്ടിട്ടുള്ളു?
ആകെയുള്ളതെല്ലാം നല്‍കി, സഹോദരിമാരുടെ മംഗല്യം കഴിക്കുമ്പോള്‍, മണിയറയിലേക്കൊരു ഗ്ലാസ്സുമായി അവരെ അയയ്ക്കുമ്പോഴൊക്കെയും ഞാന്‍ അങ്ങയെ ഓര്‍ക്കുമായിരുന്നു.
യൌവനം എന്നെ തൊട്ടുണര്‍ത്തി അടക്കം പറയുമായിരുന്നു..”സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണു കുട്ടീ”-ന്ന്
അങ്ങാശിച്ചതായ ജീവിത കര്‍മ്മങ്ങളൊക്കെയും എന്റെ ധനത്താല്‍ നേടുമ്പൊഴും..
അങ്ങാശിച്ച സുഖങ്ങളൊക്കെയും എന്റെ മെയ്യില്‍ കവരുമ്പൊഴും ഞാന്‍ കൊതിച്ചിരുന്നു...
അങ്ങൊരിക്കല്‍ എന്നെപ്പോലെയൊരു മനുഷ്യ ഹൃദയം നേടുമെന്നും സ്ത്രീയെന്ന ധനം ഞാ‍നാണെന്ന് ഉള്ളറിവു നേടുമെന്നും.
ജോലി കിട്ടിയെന്ന് അങ്ങ് അങ്ങയുടെ അമ്മയ്ക് എഴുതിയ കത്തിലും , തുടര്‍ന്ന് വരാതാവും വരെ വന്നിരുന്ന കത്തുകളിലും ജീവിതം ജീവിച്ചു തീര്‍ക്കാന്‍ തുകയൊന്നും കണ്ടില്ലെന്ന് അങ്ങയുടെ അമ്മ വിങ്ങുമ്പോഴും , ആ കത്തിലെവിടെയോ, ന്നെക്കുറിച്ചൊരു വരി, അവര്‍ വായിക്കാന്‍ മറന്ന്, കിടപ്പുണ്ടാവുമെന്ന് ഞാന്‍ നിനച്ചിരുന്നു.
ന്റെതായിരുന്ന എല്ലാം ഞാനങ്ങേക്കു നല്‍കി കഴിഞ്ഞിരുന്നതിനാലും അതു കവരുവാന്‍ അങ്ങു കാട്ടിയ കൌശലം എനിക്കിഷ്ടപ്പെട്ടിരുന്നതിനാലും, നിയൊരാള്‍ക്കു നല്‍കുവാന്‍ എന്നില്‍ യാതൊന്നും ബാക്കിയില്ലത്തതിനാലും ഞാനങ്ങയേ കാത്തിരിക്കുകയാണ്.
ഈയിടെ കൂടി, മനസ്സിലേ ചിത്രത്തിലെ, ചിലന്തി, വല നെയ്ത മറ-വിയിലൂടെ അങ്ങെന്നേ നോക്കുന്നതായി എനിക്കു തോന്നിയിരുന്നു.
ചക്രവാളത്തില്‍ നിന്നും പടരുന്ന, ചുവപ്പു നിറത്തിനിടയിലൂടെ പറന്നടുക്കുന്ന കിളിക്കൂട്ടങ്ങളോടും, കറുത്തിരുണ്ട ആകാശത്തു നിന്നും പ്രത്യാശയുടെ കിരണങ്ങളായി തെളിഞ്ഞു മറയുന്ന കൊള്ളിയാനുകളോടും അങ്ങയേക്കുറിച്ചന്വേഷിച്ചു മടുത്തതിനാലാണ് ഞാനീ കത്തയക്കുന്നത്.
പുതുമഴയുടെ ഗന്ധം ശരീരത്തെ ഉത്തെജിപ്പിക്കുമ്പോള്‍, നഷ്ടപ്പെടുന്ന പ്രായത്തിന്റെ ...ഗദ്ഗദങ്ങളറിയുമ്പോള്‍, അങ്ങെയ്ക്ക്, ഈ കത്ത്, എഴുതാതിരിക്കാനാവില്ലെന്നു ഞാന്‍ തീര്‍ച്ചയാക്കുകയായിരുന്നു.
ഈ കത്ത് അങ്ങേയ്ക്കു കിട്ടിയിരിക്കുന്നുവെന്നും(അധികം ) വൈകാതെ എനിക്കയി അങ്ങ് യാത്ര തിരിക്കുമെന്നും പ്രതീക്ഷിച്ചു കത്തു ചുരുക്കട്ടെ...
മറക്കരുതേ...
സമയം കടന്നു പൊയ് ക്കോണ്ടിരിക്കയാണ്.....പ്രായവും...

(ഈ കത്തിനു ഞാനെന്തു മറുപടിയാണെഴുതുക?)
നുള്ള് ..കവിതാ സമാഹാരത്തില്‍ നിന്നും.......

2 comments:

Madhavikutty said...

അഭിനയം എന്നത് നഗരം പഠിപ്പിച്ചു തന്ന ഒരു ക്രൂര വിനോദമായിരുന്നു...അല്ലേ..
മറുപടി ഒന്നും എഴുതേണ്ട..
അങ്ങനെ ദുഖത്തെക്കുറിച്ച് അറിയാന്‍ തുടങ്ങട്ടെ!

mydailypassiveincome said...

ഓ, കഷ്ടമായിപ്പോയല്ലോ. സമയം അങ്ങനെ കടന്നുപോയിട്ടും അത് ഇപ്പോള്‍ ഒരു ചെറിയ കത്തില്‍ ഒതുക്കിയത് ശരിയായില്ല ;) ഇനി മറുപടിയും പോരട്ടെ ..