Time Pass

Thursday, September 20, 2007

വെളുപ്പ്

“നിന്റെ വീടെവിടെയാ?”ബ്രോക്കര്‍ വാസുവിന് മുന്നൂറ് രൂപ കൊടുത്ത് പറഞ്ഞു വിട്ട ശേഷം മുറിയുടെ കതക് ഉള്ളില്‍ നിന്നടച്ചു കൊണ്ട് ഞാനവളോ‍ടു ചോദിച്ചു
അവള്‍ ഏതോ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു .ബനിയന്‍ ഊരി കട്ടിലില്‍ ഇടവേ ബനിയന്റെ തൂവെള്ള നിറത്തിനു നേരെ എതിര്‍ നിറമുള്ള എന്റെ ശരീരത്തിലെ ഇല്ലാ‍ത്ത മസിലുകള്‍ ഒന്നു പെരുപ്പിക്കാന്‍ ഞാന്‍ വ്രുഥാ ശ്രമിച്ചു
‘നിക്കാണെങ്കില്‍ സംസ്ക്കാരവും ആഭിജാത്യവും ഇല്ലാത്തവരുമായി ബന്ധപ്പെടുന്നതു പോയിട്ടു സംസാരിക്കുന്നതു പോലും ഇഷ്ടമല്ല” ഒരു സിഗരട്ട് കത്തിച്ച് , പുക അവളുടെ നേരെ ഊതിക്കൊണ്ട് ഞാന്‍ പറഞ്ഞു
വെറുതെ എന്നെ ഒന്നു നോക്കിയ ശേഷം അവള്‍ എനിക്കു പുറം തിരിഞ്ഞു നിന്ന് ചുരിദാര്‍ ഊരി അയയില്‍ വിരിച്ചു
എല്ലുകള്‍ തെളിഞ്ഞതെങ്കിലും അവളുടെ വെളുത്ത ശരീരത്തെ ഞാന്‍ തെല്ലു അസൂയയോടെ നോക്കി
‘സംവരണമാണെങ്കിലും അല്ലെങ്കിലും പ്രീഡിഗ്രി പാസ്സായ ഉടന്‍ തന്നെ എനിക്കു ജോലി കിട്ടി നല്ല ശമ്പളവും കിട്ടുന്നുണ്ട്’
പതിയെ അവളുടെ അരികെ ചെന്ന് അവളെ ഞാനെന്റെ കരവലയത്തിലാക്കി
‘എന്റെ കൂടെ ഒരു രാത്രി കഴിയാന്‍ വന്ന നിന്നോട് വിദ്യാഭ്യാസത്തെ പറ്റിയും കുടുംബ മഹിമയെ പറ്റിയും ഒക്കെ ഞാനെന്തിനു പറയണം?’
ചിരിച്ചു കൊണ്ട് ഞാന്‍ സിഗരെട്ട് തറയില്‍ ഇട്ട് ചവിട്ടി അരച്ചു
“പത്താം ക്ലാസ്സ് വരെയെങ്കിലും പഠിക്കാന്‍ ശ്രമിച്ചോ നീ?”
വെറുതേ ഞാന്‍ ചോദിച്ചു
“ഉവ്വ ശ്രമിച്ചു” അവള്‍ പറഞ്ഞു
“തുടര്‍ന്നു പഠിക്കായിരുന്നില്ലേ? ഈ ഗതി വരില്ലായിരുന്നല്ലോ? ഞാന്‍ ചിരിച്ചു
‘തുടര്‍ന്നും പഠിച്ചു’ അവള്‍ മൊഴിഞ്ഞു
“പ്രീഡിഗ്രി തോറ്റപ്പോ നിര്‍ത്തിക്കാണും” ഞാന്‍ ആത്മഗതം പോലെ പറഞ്ഞു
ഞാന്‍ കിതച്ചു തുടങ്ങിയിരുന്നു
“ഇല്ല എം എസ്സ് സിക്കു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് ,എം എസ്സ് ഡബ്ലിയുവിനു സെക്കന്‍ഡ് ക്ലാസ്സുണ്ട് ,കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്തു“
“ പക്ഷെ ജോലിയൊന്നും കിട്ടിയില്ല ഞാ‍നൊരു സവര്‍ണ്ണയാണ്”
അവജ്ഞ നിറഞ്ഞ ഒരു ചിരി അവള്‍ എന്റെ നേരെ എറിഞ്ഞു
അതു കാ‍ണാതെയിരിക്കാന്‍ ഞാന്‍ മുഖം ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു

Tuesday, September 18, 2007

നാളെ

ഇന്നലെ ഞാനൊരു വര വരച്ചു
വെറുമൊരു നിമിഷത്തിന്‍ അക്ഷര പകുതിയില്‍
ഇന്നലെത്തന്നെ അതു മായ്ച്ചു കളഞ്ഞു
ഇന്നു നീയൊരു വര വരച്ചു
ഇന്നലെയ്ക്കും നാളെയ്ക്കും ഇടയില്‍ പിറന്നൊരു
ഇന്നിന്റെ വരയെ ഞാന്‍ തൂത്തു കളഞ്ഞു
നാളെയൊരു വരയായി പടരാന്‍ തോന്നുമ്പോള്‍
നല്ലൊരു വരയാകാന്‍ ഞാനില്ല നീയില്ല
നന്മ പകര്‍ന്നൊരു ഇന്നിനേം ഇന്നലേം
നിര്‍ലജ്ജം നി‍ഷ്കരുണം മായ്ച്ചവരല്ലെ നാം?

Tuesday, September 11, 2007

പൂഴി

പാഴായ വരികളും
പാഴായ വരകളും
പാഴായ വര്‍ണ്ണവും
പാഴായ സ്വപ്നവും
പാഴായ ദിനങ്ങളും
പാഴായ ചായവും
പാഴായ മോഹവും
പാഴായ ഭൂവിതില്‍
പഴിയായി ഞാനും.......

Saturday, July 21, 2007

ബിസി, പ്രശ്ന പരിഹാരം- രണ്ടു കവിതകള്‍.

ബിസി
ഹേ......അപരിചിതാ....!
ആരോ എന്നെ വിളിച്ചു
ഞാന്‍ ചുറ്റും നോക്കി
ദേ...ഇവിടെ.....
വല്ലപ്പോഴുമെങ്കിലും
ഉള്ളിലേക്കു നോക്കണേ....
(അതെന്റെ മനസ്സായിരുന്നു)
പ്രശ്ന പരിഹാരം
ഉറങ്ങുന്നോന് ഉണരുമെന്ന പ്രശ്നം
ഉണര്‍ന്നവനു ഉണര്‍ന്നതിന്റെ പ്രശ്നം
ഉണരാത്തവനു ഉണര്‍ന്നാലുള്ള പ്രശ്നം
ഉറക്കമേ വരാ‍ത്തവനു അതൊരു പ്രശ്നം
ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിനായി
ഒരു പൊതു താല്പര്യ ഹര്‍ജ്ജി പോയേക്കും

Wednesday, July 18, 2007

പോക്ക് -നുറുങ്ങ് കവിത

വാക്ക് എന്ന വാക്ക്
നോക്ക് എന്ന വാക്ക്
പോലെ
വായിക്കുമ്പൊ വിക്കില്ല
രണ്ടക്ഷരമേ ഉള്ളുവെങ്കിലും
വാക്കാല്‍ പറയാവുന്നതിനതിരില്ല
വായില്‍ കൊള്ളാത്തതു പറയാനും
വീണ്‍ വാക്കു പറയാനും
വിട്ടു വീഴ്ച്ച ചെയ്യാനും
രണ്ടക്ഷരം
വാ-ക്ക്!

Thursday, July 12, 2007

കാവാലം

ദൂരെ ദൂരെയായ് കായലിനപ്രത്ത്॥
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ചമലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം

മുണ്ടും നേര്യതും ഉടുത്തുള്ള പെണ്ണുങ്ങള്‍
തോര്‍ത്തു ധരിച്ചുള്ളോരാണുങ്ങളും
പാടത്തു പണികളും പശുവിനെ മേയ്ക്കലും
വായന ശാലയില്‍ ചര്‍ച്ചകളും

ദുരേ ദൂരേയായ് കാണുന്നൊ കാണുന്നോ
കാവാലമെന്നൊരെന്‍ ഗ്രാമത്തിനെ...

പാടത്തു വരമ്പുകള്‍
വരമ്പിന്മേല്‍ തവളകള്‍
തവളയ്ക്കു പിന്നിലായ്
പരുങ്ങുന്ന ചേരകള്‍

പച്ചില കൊഴിക്കുന്ന
ആല്‍മരം സാക്ഷിയായ്
നിദ്രയേ പൂകുന്ന
പ്രായത്തില്‍ മൂത്തവര്‍

തോട്ടിലെ പായലില്‍
തെളിയുന്ന മീനുകള്‍
ഇഴയുന്ന നീര്‍ക്കോലി
പുരകിലായ് പുളവനും

തോടിനു മുകളിലായ്
തെങ്ങിന്‍ തടി പാലങ്ങള്‍
താഴെയായ് കെട്ട്വള്ളം
തുഴയുന്ന ചെറുമികള്‍

തെച്ചിപ്പൂ മാലകള്‍
കോര്‍ത്തൊരു സന്ധ്യകള്‍
വിളക്കുകള്‍, പിന്നിലായ്
തെളിയുന്ന ദൈവങ്ങള്‍

ഈറനുടുത്തൊരു
ഗ്രാമീണ പെണ്‍കൊടി
അവളുടെ തുളസിതന്‍
ഗന്ധമായ് കേശവും

മുനിയുന്ന തെളിയുന്ന
മങ്ങുന്ന വിളക്കുകള്‍
പാ0ങ്ങള്‍ പഠിക്കവെ
വിശക്കുന്ന പയ്യന്മാര്‍

പുഴുങ്ങിയ നെല്ലിന്റെ
മണം വാര്‍ക്കും മുറീകളില്‍
തൊട്ടിലില്‍ കിടന്നോണ്ടു
കാറുന്ന കുഞ്ഞുങ്ങള്‍

മിറ്റത്തു ചട്ടിയില്‍
പിടയ്ക്കുന്ന ബ്രാലുകള്‍
അടുത്തായി വാലാട്ടി
കുറുകുന്ന പൂച്ചകള്‍

കമുകിന്റെ പാളയില്‍
അനിയനെ ഇരുത്തീട്ടു
മുറ്റത്തു വലിച്ചോണ്ടു
നടക്കുന്ന ചേച്ചിമാര്‍

പൊക്കത്തില്‍ നില്‍ക്കുന്ന
മാങ്ങകള്‍ കല്ലേറില്‍
വീഴ്ത്തീട്ടു മുളകുമായ്
തട്ടുന്ന ബാലന്മാര്‍

പൂവാലിം പാഞ്ചാലീം
വാലാട്ടി നില്‍ക്കുന്ന
തക്കത്തില്‍ പാലു
കവരുന്നോരമ്മമാര്‍

ദൂരെ ദൂരെയായ് കായലിനപ്രത്ത്
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ച മലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം!