Time Pass

Monday, July 23, 2007

നുള്ള്: പോക്ക് -നുറുങ്ങ് കവിത

നുള്ള്: പോക്ക് -നുറുങ്ങ് കവിത
puthiya kurachu kavithakal post cheythittundu. arum kandathayi thonnunnilla.

Saturday, July 21, 2007

ബിസി, പ്രശ്ന പരിഹാരം- രണ്ടു കവിതകള്‍.

ബിസി
ഹേ......അപരിചിതാ....!
ആരോ എന്നെ വിളിച്ചു
ഞാന്‍ ചുറ്റും നോക്കി
ദേ...ഇവിടെ.....
വല്ലപ്പോഴുമെങ്കിലും
ഉള്ളിലേക്കു നോക്കണേ....
(അതെന്റെ മനസ്സായിരുന്നു)
പ്രശ്ന പരിഹാരം
ഉറങ്ങുന്നോന് ഉണരുമെന്ന പ്രശ്നം
ഉണര്‍ന്നവനു ഉണര്‍ന്നതിന്റെ പ്രശ്നം
ഉണരാത്തവനു ഉണര്‍ന്നാലുള്ള പ്രശ്നം
ഉറക്കമേ വരാ‍ത്തവനു അതൊരു പ്രശ്നം
ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിനായി
ഒരു പൊതു താല്പര്യ ഹര്‍ജ്ജി പോയേക്കും

Wednesday, July 18, 2007

പോക്ക് -നുറുങ്ങ് കവിത

വാക്ക് എന്ന വാക്ക്
നോക്ക് എന്ന വാക്ക്
പോലെ
വായിക്കുമ്പൊ വിക്കില്ല
രണ്ടക്ഷരമേ ഉള്ളുവെങ്കിലും
വാക്കാല്‍ പറയാവുന്നതിനതിരില്ല
വായില്‍ കൊള്ളാത്തതു പറയാനും
വീണ്‍ വാക്കു പറയാനും
വിട്ടു വീഴ്ച്ച ചെയ്യാനും
രണ്ടക്ഷരം
വാ-ക്ക്!

Thursday, July 12, 2007

കാവാലം

ദൂരെ ദൂരെയായ് കായലിനപ്രത്ത്॥
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ചമലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം

മുണ്ടും നേര്യതും ഉടുത്തുള്ള പെണ്ണുങ്ങള്‍
തോര്‍ത്തു ധരിച്ചുള്ളോരാണുങ്ങളും
പാടത്തു പണികളും പശുവിനെ മേയ്ക്കലും
വായന ശാലയില്‍ ചര്‍ച്ചകളും

ദുരേ ദൂരേയായ് കാണുന്നൊ കാണുന്നോ
കാവാലമെന്നൊരെന്‍ ഗ്രാമത്തിനെ...

പാടത്തു വരമ്പുകള്‍
വരമ്പിന്മേല്‍ തവളകള്‍
തവളയ്ക്കു പിന്നിലായ്
പരുങ്ങുന്ന ചേരകള്‍

പച്ചില കൊഴിക്കുന്ന
ആല്‍മരം സാക്ഷിയായ്
നിദ്രയേ പൂകുന്ന
പ്രായത്തില്‍ മൂത്തവര്‍

തോട്ടിലെ പായലില്‍
തെളിയുന്ന മീനുകള്‍
ഇഴയുന്ന നീര്‍ക്കോലി
പുരകിലായ് പുളവനും

തോടിനു മുകളിലായ്
തെങ്ങിന്‍ തടി പാലങ്ങള്‍
താഴെയായ് കെട്ട്വള്ളം
തുഴയുന്ന ചെറുമികള്‍

തെച്ചിപ്പൂ മാലകള്‍
കോര്‍ത്തൊരു സന്ധ്യകള്‍
വിളക്കുകള്‍, പിന്നിലായ്
തെളിയുന്ന ദൈവങ്ങള്‍

ഈറനുടുത്തൊരു
ഗ്രാമീണ പെണ്‍കൊടി
അവളുടെ തുളസിതന്‍
ഗന്ധമായ് കേശവും

മുനിയുന്ന തെളിയുന്ന
മങ്ങുന്ന വിളക്കുകള്‍
പാ0ങ്ങള്‍ പഠിക്കവെ
വിശക്കുന്ന പയ്യന്മാര്‍

പുഴുങ്ങിയ നെല്ലിന്റെ
മണം വാര്‍ക്കും മുറീകളില്‍
തൊട്ടിലില്‍ കിടന്നോണ്ടു
കാറുന്ന കുഞ്ഞുങ്ങള്‍

മിറ്റത്തു ചട്ടിയില്‍
പിടയ്ക്കുന്ന ബ്രാലുകള്‍
അടുത്തായി വാലാട്ടി
കുറുകുന്ന പൂച്ചകള്‍

കമുകിന്റെ പാളയില്‍
അനിയനെ ഇരുത്തീട്ടു
മുറ്റത്തു വലിച്ചോണ്ടു
നടക്കുന്ന ചേച്ചിമാര്‍

പൊക്കത്തില്‍ നില്‍ക്കുന്ന
മാങ്ങകള്‍ കല്ലേറില്‍
വീഴ്ത്തീട്ടു മുളകുമായ്
തട്ടുന്ന ബാലന്മാര്‍

പൂവാലിം പാഞ്ചാലീം
വാലാട്ടി നില്‍ക്കുന്ന
തക്കത്തില്‍ പാലു
കവരുന്നോരമ്മമാര്‍

ദൂരെ ദൂരെയായ് കായലിനപ്രത്ത്
കാവാലമെന്നൊരു ഗ്രാമമുണ്ട്
പച്ച മനുഷ്യരും പച്ച മലയാളവും
പച്ചപ്പും തെച്ചിയുമുള്ള ഗ്രാമം!

Sunday, April 15, 2007

ആഴം രണ്ട്ടാം ഭാഗം

അനൌണ്‍സ് മെന്റിനവസാനം ആ യുവാവ് നീന്തല്‍ക്കുളത്തിലെ ജലപ്പരപ്പിലേക്കു കുതിച്ചു ചാടി।
കൈയടികള്‍ നിലയ്ക്കുന്നതിനു മുന്‍പു തന്നെ ജലപ്പരപ്പില്‍ അയാളുടെ വിളറി വെളുത്ത ചുവന്ന മുഖം ദൃശ്യമായി।കിതച്ചിരുന്ന അയാളുടെ മുഖത്ത് നിരാശയും ജീവന്‍ തിരിക ലഭിച്ചതിലുള്ള സന്തോഷവും ഒരുമിച്ചു തെളിഞ്ഞു।
അയാള്‍ കരയില്‍ കയറുമ്പോഴേക്കു തന്നെ, സമൂഹത്തില്‍ പ്രശസ്തനും മാന്യനുമായ ഒരാ‍ള്‍ കോട്ടും റ്റൈയും അഴിച്ച് രംഗത്തെത്തിയിരുന്നു।
അദ്ദേഹവും ജലപ്പരപ്പിലേക്കു ചാടി।
നിമിഷ നേരത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ അനുയായികള്‍ അതോ സുരക്ഷാ ഉദ്യോഗസ്ഥരോ, നീന്തല്‍ കുളത്തിലേക്കു ചാടുകയും താമസിയാതെ ആ പ്രധാന വ്യക്തിയെ രക്ഷിച്ചു കൊണ്ടു വരികയും ചെയ്തു।
നേരം കടന്നു പോകും തോറും മത്സരത്തിന്റെ രസം നശിച്ചു കൊണ്ടിരുന്നു।ഒരാള്‍ പോലും ഒരു മിനിറ്റു പോലും ആഴമേറിയ ആ ജലാശയത്തില്‍ ചിലവഴിക്കാതെ തിരികെ വന്നു കൊണ്ടിരുന്നു।
ആളൊഴിയവെ പെട്ടെന്നു ഞാന്‍ എന്നെ പറ്റി,എന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയേ പറ്റി,എന്റെ നിസ്സഹായാവസ്ഥയെ പറ്റി ഓര്‍ത്തു....ഞാന്‍ വരുന്നതും കാത്ത്॥വീട്ടില്‍ എത്ര പേര്‍...നിസ്സാരം കടുകു മുതല്‍ ഉടന്‍ വേണ്ട മരുന്നു വരെ എന്തെല്ലാം ആവശ്യങ്ങള്‍!...പത്തു പവന്‍ കിട്ടിയാല്‍ ഒരിക്കലും വിരിയാത്ത പുഞ്ചിരി തന്റെ കുടുംബാംഗങ്ങളുടെ മുഖങ്ങളില്‍ കാണാന്‍ കഴിയും...ആദ്യമായി അമ്മാവന്‍ ഉറക്കെ പറയും....ഓ॥”അനന്തിരവന്‍ കുടുംബത്തിലേക്കു വരുമാനം കൊണ്ടുവന്നിരിക്കുന്നു....’
“സര്‍..ഞാനൊന്നു ശ്രമിച്ചോട്ടെ?” ഒരു മാന്യന്റെ അടുത്തു ചെന്നു ഞാന്‍ പതിയെ ചോദിച്ചു।
അയാള്‍ എന്നെ അടിമുടി നോക്കി.
‘കോട്ടും റ്റൈയും ഒന്നുമില്ല അല്ലേ?”
വെള്ളത്തില്‍ ചാടാന്‍ കോട്ടെന്തിനാ എന്നു ചോദിക്കാതെ ഞാന്‍ വിനയത്തോടെ പറഞ്ഞു..”തിരക്കിനിടയില്‍ എടുത്തില്ല....!”
ആളൊഴിഞ്ഞു തുടങ്ങിയിരുന്നു.ചാടുന്നവര്‍ അപകടത്തില്‍ പെട്ടാല്‍ രക്ഷിച്ച് ചികിത്സിക്കാന്‍ തയ്യാറായി നിന്നവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയിരുന്നു.
“ഉം ശരി ..ശ്രമിച്ചു നോക്കിക്കോളോ”‍ അയാള്‍ എന്നേ നോക്കാതെ പറഞ്ഞു.
നീന്തലറിയോ എന്നാരും ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ പതിയെ, മുഷിഞ്ഞ ഷര്‍ട്ടും പാന്റും അഴിച്ച് വച്ച് ഞാ‍ന്‍ നീന്തല്‍ കുളത്തിലേക്കിറങ്ങി.
ഇരുട്ടി തുടങ്ങിയിരുന്നു.ആഴത്തില്‍ ഒന്ന് ശ്വാസമെടുത്ത് വെള്ളത്തിലേക്കൂളിയിടുമ്പോള്‍ എന്റെ ലക്ഷ്യം സ്വര്‍ണം മാത്രമായിരുന്നു.
താഴെ, ചങ്ങലയില്‍ പൊതിഞ്ഞ പെട്ടി തുറക്കുമ്പോള്‍ പുറത്തേക്കു വീടാനിനി ഇല്ലാത്ത വിധം ശ്വാസം ഞാന്‍ നിശ്വസിച്ചു കഴിഞ്ഞിരുന്നു.
ചങ്ങലയില്‍ നിന്നും വിമുക്തമാക്കപ്പെട്ട സ്വര്‍ണ്ണമാല, തണുത്ത ജലത്തില്‍ വിറച്ചിരുന്ന എന്റെ കൈയ്യില്‍ ഇരുന്നു തിളങ്ങി..
‘മോനേ..നീ ഒരു കുടുംബത്തെ രക്ഷിച്ചു...’ അമ്മയുടെ ശബ്ദം ഞാന്‍ കേട്ടു.
“അവന്‍.....ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ..അവന്‍ നല്ല മനസ്സുള്ളവനാ” അമ്മ അച്ചനോടു അഭിമാനത്തോടെ പറയുന്നതു ഞാന്‍ കേട്ടു.
തിരികെ മുകളിലേക്ക് ഉയരാന്‍ ആഞ്ഞ എന്റെ കാലില്‍ ഭാരിച്ച ചങ്ങല ചുറ്റിയതു ഞാന്‍ കണ്ടു
34വയസ്സായി നിന്റെ പെങ്ങള്‍ക്ക്.ആദ്യം അവളുടെ കല്യാണം നടത്തണം.എന്നിട്ടു മതി എന്റെ കണ്ണ് ഓപ്പറേഷനൊക്കെ....” അമ്മൂമ്മ തന്റെ തൊലി പോലെ ചുളുങ്ങിയ വെറ്റിലയുടെ ഞെട്ട് അടര്‍ത്തി മാറ്റുകയായിരുന്നു.
സ്വര്‍ണ്ണം....കയ്യില്‍...മുകളിലേക്കുയരാന്‍ പറ്റുന്നില്ല...ശ്വാസം നിലയ്ക്കുന്നു...ഞാന്‍ പിടഞ്ഞുകൊണ്ടിരുന്നു.
കൂടുതല്‍ കൂടുതല്‍ കുരുങ്ങിക്കൊണ്ടിരുന്ന ചങ്ങലയില്‍, തണുത്ത ജലത്തില്‍ , എന്റെ കണ്ണില്‍ നിന്നുമടര്‍ന്ന രണ്ടു തുള്ളി കണ്ണുനീര്‍ കൂടി കലര്‍ന്നു...
“ ഓ!ഇനി അവന്‍ അപ്രത്തു കൂടിയെങ്ങാനും സ്വര്‍ണ്ണവുമായി കടന്നു കാ‍ണും...”
മുകളില്‍ എന്നെ കാത്തു മടുത്ത മാന്യന്‍ പതിയെ തിരിഞ്ഞു നടന്നു....

Saturday, March 17, 2007

ആഴം

അസ്തമിച്ച സൂര്യനുപേക്ഷിച്ചു പോയ രക്തക്കറയുടെ ശേഷിപ്പുകള്‍ ചക്രവാളത്തില്‍ മായാതെ കിടന്നിരുന്നു.
തിരക്കില്‍ വീര്‍പ്പു മുട്ടിയ വീഥിയിലൂടെ നിര്‍വികാരത അനിവാര്യതയാക്കിയ മുഖഭാവത്തോടെ യാത്രികര്‍ തലങ്ങും വിലങ്ങും നടന്നുകൊണ്ടിരുന്നു.
അകലെ കാണപ്പെട്ട വലിയ നക്ഷത്ര ഹോട്ടലിന്റെ ചാരത്ത് നീന്തല്‍ കുളത്തിനരികെ ചെറിയൊരു ആള്‍ക്കൂട്ടം കാണാമായിരുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അങ്ങോട്ടേക്കു നടന്നു.
കാഴ്ച്ചയില്‍ മലയാളിയെന്നു തോന്നുന്ന ഒരാള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഈ നക്ഷത്ര ഹോട്ടലിന്റെ പുതുതായി പണിത, ഏറ്റവും വലുതും ആഴമേറിയതുമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനമാണിന്ന്...”
ഉദ്യാനത്തില്‍ മദ്യ ഗ്ലാസ്സുകള്‍ കൈയില്‍ തിരുകി , ഇരിക്കയും സംസാരിക്കയും ചെയ്തിരുന്നവര്‍ അയാള്‍ പറയുന്നതിനു കാതോര്‍ക്കാന്‍ നിശ്ശബ്ദരായി.
“ മനോഹരമായ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം പ്രമാണിച്ച് ഒരു പ്രത്യേക മത്സരം നടത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്”ഹോട്ടലിന്റെ ഉടമയെന്നു തോന്നിച്ച അയാള്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല.
“ഈ നീന്തല്‍ കുളത്തിന്റെ അടിയില്‍ ചരടുകളാല്‍ ബന്ധിക്കപ്പെട്ട ഒരു പെട്ടിയില്‍ 15 പവന്റെ ഒരു സ്വര്‍ണ്ണ മാല ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്..ധൈരമുള്ളവര്‍ക്കു ചാടി ആ ആഭരണം സ്വന്തമാക്കാം..”
നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു വെളുത്തു ചുവന്ന ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.
“ഇതാ..ധൈര്യശാലിയായ ഒരു യുവാവ് കടന്നു വന്നിരിക്കുന്നു....ചാടിക്കോളു..റെഡി ..വണ്‍...ടു....”

Thursday, March 1, 2007

മെട്രോ

മീറ്റിങ്ങുകള്‍ ..സെമിനാറുകള്‍..ഡിസ്കഷനുകള്‍...പാര്‍ട്ടികള്‍..തിരക്കില്‍ നിന്നും തിരക്കിലേക്ക്...
നിന്നു തിരിയാന്‍ സമയമില്ല..എത്ര ലക്ഷമാണ് ബാങ്കിലേക്കൊഴുകുന്നതെന്നു നോക്കാന്‍ പോലും സമയമില്ല...
ഹോ..മറ്റൊരു ദിവസത്തിന്റെ അവസാനമെത്തിയതില്‍ ആശ്വസിച്ചു, നെടുവീര്‍പ്പിട്ട് ഞാന്‍ കാറില്‍ കയറി സ്റ്റാര്‍ട്ടു ചെയ്ത് എ സി ഓണ്‍ ചെയ്ത് അല്‍പ്പനേരമിരുന്നു.
നേരെ ക്ലബ്ബില്‍ പോയി രണ്ടു ലാര്‍ജ്ജടിച്ച് ഫ്ലാറ്റില്‍ ചെന്ന് പോപ്പി മോനെയും ശൂശുമോളെയും ഓമനിച്ചെന്നു വരുത്തി ചൂടു വെള്ളം നിറച്ച ടബ്ബില്‍ അല്‍പ്പം കിടക്കണം...ഞാന്‍ തീരുമാനിച്ചു.
നഗര വീഥിയിലും തിരക്ക്...അവിടെയും ഇവിടെയും ചറ പറാന്നു നീങ്ങുന്ന ജനങ്ങള്‍...
എന്നെപ്പോലെ തിരക്കുള്ള വി ഐ പി കള്‍ക്കു തടസ്സമായി റോഡു മുറിച്ചു കടക്കുന്ന, ചിരിക്കുന്ന, കരയുന്ന, പൊതു ജനം...എനിക്കറപ്പു തോന്നി..
പ്രഥാന വീഥിയില്‍ നിന്നും ചെറിയൊരു എളുപ്പ വഴിയിലേക്കു കയറുമ്പോള്‍ പതിയെ റോഡു മുറിച്ചു കടക്കുന്ന ഒരു മെലിഞ്ഞ മദ്ധ്യ വയസ്കനെ ഞാന്‍ കണ്ടു.
ഓരോന്നാലോചിച്ച് പരിസര ബോധമില്ലാതെ നടക്കുന്ന ഇവരേയൊക്കെ എന്തു ചെയ്യുമെന്നാലോചിച്ച് കാര്‍ മുന്നോട്ടെടുക്കുമ്പോഴാണ് അയാളുടെ മുഖം കണ്ടു നല്ല പരിചയം ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.
കാര്‍ അല്പം മുന്നോട്ട് പോയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഫീസ്സില്‍ നിന്നു റിട്ടയര്‍ ചെയ്തു പോയ അലിയാണോ? അതൊ ഡ്രൈവര്‍ കുട്ടന്‍പിള്ളയുടെ പിതാവാണൊ? ആര്‍ക്കറിയാം...? ഞാന്‍ കാര്‍ വീണ്ടും മുമ്പോട്ടെടുക്കുവാനാഞ്ഞു.
എന്തോ ഒരു സംശയ നിവാരണം വരുത്തല്‍ അനിവാര്യമാണെന്നു തീരുമാനിച്ച ഞാന്‍ കാര്‍ നിര്‍ത്തി.
കൈയ്യിലൊരു മുഷിഞ്ഞ പ്ലാസ്റ്റിക് ബാഗുമായി പതിയെ നടന്നു വരുന്ന മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്റെ മുഖത്തു നോക്കി ഞാന്‍ വിളിച്ചു....
“എക്സ് ക്യൂസ് മി...താങ്കളെ എവിടെയോ കണ്ടു മറന്ന പോലെ..ആരാണ്..താങ്കള്‍..?”
“ഓര്‍ക്കാന്‍ വഴിയില്ല ..” ഞരമ്പുകളും വിയര്‍പ്പുചാലുകളും ഇടകലര്‍ന്ന മുഖത്തെ തീക്ഷ്ണമായ രണ്ടു കണ്ണുകളാല്‍ എന്നെ നോക്കി അയാള്‍ പറഞ്ഞു....
“ഞാന്‍...ഞാന്‍ നിന്റെ..പിതാവാണ്...”