
മെയിലില്‍ വന്ന ഈ ചിത്രം കണ്ടപ്പോള്‍ എഴുതിപ്പോയത്........
മഴ പിന്നെയും ചന്നം പിന്നം ചാറിക്കൊണ്ടിരുന്നു
കണ്ടാല്‍ ആരോടോ ഉള്ള നീരസം തീര്‍ക്കാനാണ് മഴ ഇങ്ങിനെ ചാറുന്നതെന്നു തോന്നും
കുഞ്ഞുടുപ്പും കുട്ടി ഫ്രോക്കും പിഞ്ഞിപ്പോയതിനാല് മഴത്തുള്ളികള്‍ക്ക് യാതൊരു വിഷമവും കൂടാതെ അവളുടെ പതു പതാന്നുള്ള കൈയിലും കാല് വെണ്ണയിലുമൊക്കെ ഈര്‍പ്പം പടര്‍ത്താന്‍ കഴിഞ്ഞു.
ആയിരം കാലുള്ള ഒരു അട്ട പതിയെ അവളുടെ നേരെ ഇഴഞ്ഞു വരുന്നുണ്ടായിരുന്നു
ഒരു നിമിഷം അവളുടെ തണുത്ത കാല് വെണ്ണയില്‍ തൊട്ട ശേഷം അട്ട അറപ്പോടെ തിരിഞ്ഞു നടന്നു.
പുരോഗതിയുടെ പാതയില്‍ കൂടി അതിവേഗം മുന്നേറുന്ന ഒരു രാജ്യത്ത് പിന്നിക്കീറിയ തുണിയുമുടുത്ത് ഒരു ശിശു...അട്ട പിറു പിറുത്തതായി അവള്‍ക്കു തോന്നി.
നിരത്തിലൂടെ വലിയ മനുഷ്യര്‍ തിരക്കിട്ടു നടന്നു കൊണ്ടിരുന്നു.
വലിയ മനുഷ്യര്‍ ഒരു വീടിനത്ര വലുപ്പമുള്ള കാറുകളിലും ചെറിയ മനുഷ്യര്‍ മൂന്നു നാലു പേര് ചേര്‍ന്ന് കുടകള്ക്കടിയിലും ചേര്‍ന്നിരുന്ന് മഴത്തുള്ളികളില്‍ നിന്നും രക്ഷ നേടിയിരുന്നു
അപ്പുറത്തെവിടെയോ ഒരു മറവില്‍ നിന്നും , നരച്ച സാരി വലിച്ചു താഴ്ത്തിട്ടു നഗ്നത മറച്ചു കൊണ്ട് അമ്മ വരുന്നുണ്ടായിരുന്നു
അമ്മയുടെ മുകളില്‍ നിന്നും കുറ്റി ബീഡി കടിച്ചു പിടിച്ച് ഒരു തടിയന് ചെന്ന് കാറ്റത്ത് വീണു കിടന്ന സൈക്കിള്‍ പൊക്കിയെടുത്ത് ഉരുട്ടിക്കൊണ്ടു പോയി
ഹോ ആ തടിയന് മനുഷ്യന് അമ്മയെ ഞെക്കി കൊല്ലാത്തതു ഭാഗ്യം...അവളോര്‍ത്തു
കിതച്ചു കൊണ്ട് അവളുടെ അടുത്തേക്കു വന്ന അമ്മ പതിയെ അവളുടെ അടുത്തിരുന്ന് നനഞ്ഞു കുതിര്‍ന്ന അന്‍പതു രൂപ നോട്ട് എടുത്തു നിവര്‍ത്തി നോക്കി.
ഒരു ഇരുപത് വയസ്സു വരുമായിരുന്നു ആ അമ്മയ്ക്ക്.
എന്തൊക്കെ പറഞ്ഞാലും അമ്മയുടെ ചൂട്..പകുതി ആ തടിയന് കട്ടെടുത്തതാണെങ്കിലും ആ ചൂടു പറ്റി മഴയത്തവളിരുന്നു.
പുതിയ നിറമുള്ള ഉടുപ്പുകളും പുത്തന്‍ പേപ്പറിന്റെ ഗന്ധമുള്ള നോട്ടു ബുക്കുകളുമായി കുട്ടികള്‍ അവള്‍ക്കു മുന്നിലൂടെ നടന്നു പോയി.
ചില കുട്ടികള്‍ തീരാത്ത തങ്ങളുടെ ആഗ്രഹങ്ങള്‍ ധനികരായ അച്ചനമ്മദാരുടെ മുന്നില്‍ അവതരിപ്പിച്ച്, തല്ലു മേടിച്ചു കൊണ്ടിരുന്നു.
ഇവിടെ മഴയത്ത്...നിരത്തിനു ചാരത്ത്,കുട പോയിട്ട് ചൂടുള്ള ഒരു വസ്ത്രം പോലുമില്ലാതെ ഇരിക്കുന്ന തനിക്കോ യാതൊരു ആവശ്യങ്ങളോ പരാതിയോ ഇല്ല..അവള് ചിന്തിച്ചു.
പെട്ടെന്നുരുണ്ടു കൂടീയ കറുത്ത മേഘങ്ങള്‍ ചുറ്റുമാകെ ഇരുട്ടാക്കിയിരുന്നു.
ഹെഡ് ലൈറ്റിട്ടു വന്ന കാറുകള്‍ ഗതാഗത കുരുക്കില്‍ പെട്ട് ഹോണടിച്ച് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
ഇവരൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ഈ ലോകം എന്നെ നശിച്ചു പോയേനെ...ഹോ എത്ര തിരക്കിട്ടാ ഇവര്‍ ഭൂമിയെ പരിപാലിക്കുന്നേ” അവള് അത്ഭുതപ്പെട്ടു.
അടുത്തു വന്നു നിന്ന ഒരു കാറിനടുത്തേക്ക് അവളെ വാരിയെടുത്ത് അമ്മ നടന്നു.
മഴത്തുള്ളികള്‍ തല വിധി പോലെ വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ വെയ്ത കണ്ണാടി ജനാലയ്ക്ക് ഇപ്പുറം നീട്ടിയ കൈയ്യുമായി അവര്‍ നിന്നു.
കാറിനകത്തേക്കു നോക്കിയ അവള് കണ്ടത് അവളുടെ കൊച്ചു കണ്ണുകള്‍ക്കുള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളായിരുന്നു.
കാറിനുള്ളിലെ തണുപ്പില്‍ വിറച്ച്, തനിക്കുള്ളത്ര പോലും വസ്ത്രമില്ലാത്ത ഉള്ളത് തനിക്കുള്ളതിനേക്കാള്‍ കീറിപ്പറിഞ്ഞ ഒരു യുവതി.
അവള്‍ക്കരികെ , നരച്ച തലമുടീ “ഡൈയില്‍ മുക്കി, പ്രായത്തെ ഭീഷണിപ്പെടുത്തി തിരികെ വിളീച്ച ഒരു അമ്മാവന് കോട്ടും റ്റൈയ്യും ഇട്ട് ഇരിക്കുന്നു.
താഴ്ന്നു വന്ന ഗ്ലാസ്സിലൂടെ അവരുടെ മുഖത്തെ ഗൌരവം അവള് കണ്ടു.
“ഇവരേതു ഗ്രഹത്തിലേതാ അമ്മേ..?” അവള് ചോദിച്ചു.
“ശ്...മനുഷ്യരു തന്നാടീ....” അമ്മ മന്ത്രിച്ചു
“അവരെന്താ നമ്മളെ കണ്ടിട്ട് ചിരിക്കാത്തെ...?” അവളൂടെ സംശയം തീര്‍ന്നില്ല.
“അവര്‍ അങ്ങിനെ ചിരിക്കില്ലെടീ...ഞാന്‍ കുറച്ചു മുന്‍പു ചെയ്ത കാര്യം തന്ന ആ പെണ്ണും ചെയ്യുന്നേ..പക്ഷെ ഞാന്‍ ചെയ്യുമ്പോ അതു വ്യഭിചാരമെന്നും അവള് ചെയ്യുമ്പോ അതു സാമൂഹ്യ സേവനമെന്നും മാറ്റി വിളിക്കുമെന്നേ ഉള്ളു.
ആരോടെന്നില്ലാതെ അമ്മ പിറുപിറുത്തു.
അതേതായാലും അവള്‍ക്കു മനസ്സിലായില്ല.
“പാവം ആ പെണ്ണിട്ടിരിക്കുന്ന വേഷം കണ്ടില്ലേ അമ്മേ...എത്ര ചെറുതാ...നമുക്കിതെങ്കിലുമുണ്ട്...വല്ലതും അവര്‍ക്കു കൊടുക്കമ്മേ..”
അവളുടെ പിഞ്ചു കൈവിരലുകള്ക്കിടയിലിരുന്ന അന്‍പതു പൈസ തണുപ്പില്‍ വിറയ്ക്കുന്ന ഉള്ളം കൈയ്യില്‍ വച്ച് ആ കുഞ്ഞ് കാറിലിരുന്ന യുവതിക്കു നേരെ നീട്ടി.