പതിവു പോലെ ജോലി കഴിഞ്ഞു മടങ്ങിയെത്തി,സായിപ്പമ്മാരുടെ വള്ളിനിക്കറു പോലെ വളഞ്ഞു കിടന്ന കസേരയില്‍ ചാഞ്ഞിരുന്ന് പത്രങ്ങളും മാസികകളും മറ്റും വായിക്കാനൊരുങ്ങുകയായിരുന്നു ഞാന്‍.
അകത്തെ മുറിയില്‍, ടീവിയില്‍, പണ്ട് അമേരിക്കയില്‍ പല മദാമ്മമാരുടെ പേരില്‍ മാറി മാറി ജന്മമെടുത്ത ചുഴലിക്കാറ്റുകള്‍ പോലെ സീരിയലുകള്‍ ജന്മമെടുത്ത് കരച്ചില് പൊഴിച്ച് മരണമടഞ്ഞുകൊണ്ടിരുന്നു.
“കീഴായിക്കോണം ക്ഷേത്രത്തില്‍ കൊടിയേറിയിട്ട് ദിവസം നാലായി...”
സാധനങ്ങള്‍ ലോറിയില്‍ നിന്നിറക്കിയിട്ട് , നാറുന്ന തോര്‍ത്തു കൊണ്ട് തലേലൊരു കെട്ടും കെട്ടി ഭീഷണി സ്വരത്തില്‍ തുക പറയുന്ന യൂണിയന് കാരനെപ്പോലെ മുമ്പില്‍ വന്നു നിന്ന് മകന് പറഞ്ഞു.
“അമ്മയും നീയും ഇളയവനും കൂടങ്ങു പോയാപ്പോരെ..?”
അവനെ ബഹുമാനത്തോടെ നോക്കി ഭവ്യതയോടെ ഞാന്‍ ചോദിച്ചു.
ഇങ്ങിനെയെങ്കിലും അമ്പലത്തിലൊന്നു കേറിയെന്നു വച്ച് ഉള്ള ക്നാര്ക്കുദ്യോഗം പോകാനൊന്നും പോകൂന്നില്ലെന്ന് അമ്മ പറഞ്ഞു...
നിസ്സംഗതയോടെയാണവനതു പറഞ്ഞതെങ്കിലും അമ്മയുടെ കെയറോഫില്‍ എനിക്കിട്ട് ഒന്നല്ല രണ്ടു താങ്ങു തരാന്‍ കഴിഞ്ഞതില്‍ ലഭിച്ച നിര്‍വ്രുതി അവന് ആസ്വദിക്കുന്നുണ്ടായിരുന്നു.
“ശരി ശരി..ഇന്നു പോയേക്കാം...”
വായിക്കാന്‍ തുറന്ന പത്ര താളു മടക്കി ഞാന്‍ എഴുന്നേറ്റു.
-----------------------------------------
ഊടു വഴി നിറയെ അമ്പലത്തിലേക്കുള്ള ആളുകളായിരുന്നു.
പഴയ സ്റ്റൈലില്‍ പിച്ചിപ്പൂവും തലയില്‍ ചൂടി, സാരിയുടെ അറ്റം തലയില്‍ മൂടി,സ്ത്രീകളും, പൌഡര്‍ വാങ്ങാന്‍ കെല്പ്പൂള്ളവരാണെന്നു കാണിക്കാന്‍,കഴുത്തിലും മറ്റും ബാര്‍ബര്‍ ഷാപ്പു കാരന് തലമുടി വെട്ടിക്കഴിഞ്ഞു തൂവുന്നതുപോലെ പൌഡറും പൂശി മുണ്ടു മുറൂക്കിയുടുത്ത് ആണുങ്ങളും കലപിലാ ബഹളം വച്ചു ഇരുവരുടെയും കൈയ്യില്‍ തൂങ്ങി കൂടെ പിള്ളേരും നടന്നിരുന്ന കാലം ബഹുദൂരം കാറ്റില്‍ പറന്നു പോയിരുന്നു.
എന്നോ വാങ്ങി, ആരൊക്കെയോ ധരിച്ച്, എന്നോ കഴുകി ആര്‍ക്കോ വേണ്ടി ധരിച്ച ജീന്‍സ് ....കുനിയുമ്പോള്‍ പുറകില്‍
അണ്ടര്‍വെയര്‍ പുറത്തു കാണത്തക്ക വിധം താഴ്തി അതുടുത്ത്,കോപ്രായങ്ങളെഴുതിയ കുപ്പായമണിഞ്ഞ് , ആക്രിക്കാരെ പോലെ ആണ്പിള്ളേരും ഭ്രാന്തികളെപ്പോലെ പെണ്പിള്ളേരും പരസ്പരം മൊബൈല്‍ ഫോണിലൂടെ മെസ്സേജയച്ച് നടവ്ദ്വ്ഗ്.
എനിക്കാണെങ്കില്‍ ദൈവ വിശ്വാസമൊക്കെ ഉണ്ടെങ്കിലും ഉത്സവം ഒക്കെ പോലുള്ള തിരക്കു പിടിച്ച സമയങ്ങളില്‍ , ദൈവവും തിരക്കിലായിരിക്കുമ്പോള്‍.....”ഇയാള്‍ക്ക് ഉത്സവത്തിന്റെ സമയത്തെങ്കിലും ഒന്നു സിനിമക്കോ മറ്റോ ഒന്നു പൊക്കൂടെ?ഇങ്ങോട്ടെന്തിനാ കെട്ടിയെടുക്കുന്നേ?എന്നു ദൈവത്തെക്കൊണ്ടു എന്തിനാ ചോദിപ്പിക്കുന്നേ എന്നു കരുതിയും പിന്നെ ഉത്സവ പറമ്പിലെ തിരക്കും പോക്കറ്റടിം പിടിവലീം ഒക്കെ എന്തിനാ കാണുന്നേ എന്നു കരുതിയും ഞാന്‍ പോകതിരിക്കയായിരുന്നു.
പുളിച്ച കള്ളഗ് നാറുന്ന വായുമായി ലുങ്കി മടക്കി ഉടുത്ത് നിന്നു പെണ് പിള്ളേരുടെ താമര തണ്ടു പോലത്തെ കൈത്തണ്ടയില്‍
തിരുമ്മു കാരന് എണ്ണയിട്ടു തിരുമ്മും പോലെ വളയുടെ സൈസു പരീക്ഷിക്കുന്ന വള വില്പനക്കാരായ വില്ലമ്മാരെയും ഒരു തോര്‍ത്തു മുണ്ട് അലസമായി നെഞ്ചില്‍ പുതച്ച്, ആമസോണ്‍ കാടു പോലെ നെഞ്ചിലും കക്ഷത്തിലും വളര്‍ന്നു നില്ക്കുന്ന രോമവും കാണിച്ച്, ദേവസ്വം ബോര്‍ഡു മെംബറെന്ന ജാടയുമായി മുറൂക്കി തുപ്പി നില്ക്കുന്ന ഒതേനന്മാരെയും ഒക്കെ കാണാതിരിക്കാമല്ലൊ ഇത്യാദി സദുദ്ദേശ ചിന്തകള്‍ താറുമാറായല്ലൊ എന്നു ചിന്തിച്ച് ഞാന്‍ കുടുംബത്തോടൊപ്പം കാലു നീട്ടി വലിച്ചു വച്ചു നടന്നു.
ഉത്സവത്തിന്റെ പ്രധാന അറ്റ്രാക്ഷനായ തായമ്പക തുടങ്ങിയതോടെ ജനങ്ങളില്‍ നിന്നും ആരവമുയര്‍ന്നു.തായമ്പകയുടെ ലഹരിയില്‍ ആറാടാന്‍ ആരധകരും അതിനിടയിലൂടെ അത്യാവശ്യം പോക്കറ്റടിയും പഞ്ചാരത്തലോടലുമൊക്കെ തായമ്പക കാഴ്ച്ചകളിലുള്പ്പെടുത്താനുറച്ച് ചില വിരുതന്മാരും അങ്ങോട്ടു നീങ്ങി.
സ്ത്രീകളുടെ സെക്ഷനില്‍ ഭാര്യയും ഇളയവനും,ഞാനൊറ്റയ്ക്കു പുരുഷന്മാരുടെ ഇടയിലും പിന്നെ മൂത്തവന് ഒറ്റയ്ക്കു മാറി അകലെയായും നിന്നു തായമ്പകയില്‍ പങ്കു ചേര്‍ന്നു.
ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി
എന്റെ ഭാര്യയുടെ തൊട്ടു പുറകില്‍ അവളുടെ തോളില്‍ കൈയിട്ടൊരു സ്ത്രി..അവരുടെ കൈ...എന്റെ ഭാര്യയുടെ കഴുത്തിലെ (അവള് വിവാഹത്തിനു മുമ്പ് അവളുടെ വീട്ടില്‍ നിന്നിട്ടു കൊണ്ടു വന്ന ) സ്വര്ണ്ണമാലയിലേക്കു നീങ്ങുന്നതു പോലെ...
എന്റെ നെഞ്ചിടിപ്പു കൂടി..തായമ്പക പൊടീ പൊടിക്കവെ..അവളുടെ മാലയും ഇസ്ക്കി മുങ്ങാനിടയുള്ള ആ സ്ത്രീയെ ചുറ്റിപ്പറ്റിയായി എന്റെ ചിന്തകള്‍
പതിയെ ഞാന്‍ വീണ്ടും തിരിഞ്ഞു ഭാര്യയെ നോക്കി.ഇത്തവണ അതിലും ഞെട്ടിപ്പിക്കുന്ന ഒരു രംഗം എന്നെ കാത്തു നിന്നിരുന്നു.എന്റെ ഇളയ പുത്രന്റെ കൈയിലെ സീക്കോ ഫൈവ് വാച്ചില്‍ കൈ വച്ച് അലമ്പു നോട്ടവും പ്രാക്രുത വേഷവുമുള്ള ഒരു പയ്യന് നില്ക്കുന്നു...
ദൈവമേ ഞാന്‍ അടുത്തൊന്നും വിളീക്കാത്ത അത്മാര്‍ത്ഥതയോടെ ദൈവത്തെ വിളിച്ചു.
ഒരു ദിവസം തന്നെ ഭാര്യയുടെ സ്വര്‍ണ്ണമാലയും മകന്റെ വാച്ചും നഷ്ടമായാല്‍?..ശ്രീകോവില്‍ നോക്കി ഒരേ സമയം ഞാന്‍ നവരസങ്ങള്‍ കാട്ടി നിന്നു.
ഇതൊന്നും ശ്രധിക്കാതെ അന്തം വിട്ടു നിന്നു തായമ്പക ആസ്വദിക്കയാണ് ഭാര്യ.
പത്തു മുപ്പത്തഞ്ചു വയസ്സായെന്നോ ഓരോന്നും നഷ്ടപ്പെടുത്താന്‍ എളുപ്പവും നേടാന്‍ ബുദ്ധിമുട്ടുമാണെന്നും ഓര്‍ക്കാത്ത മണ്ടി ..ഞാന്‍ പല്ലിറുമ്മി..
സമയം കടന്നു പോകും തോറും വലിയ നഷ്ടമെന്തോ വരാന്‍ പോകുന്നെന്ന ഭയം എന്നെ മൂടല്‍ മഞ്ഞു പോലെ മൂടിക്കൊണ്ടിരുന്നു.
ഭാര്യയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ഞാന്‍ മുഖം കൊണ്ടും കൈ കൊപലതരം ആംഗ്യങ്ങള്‍ കാട്ടി.
പക്ഷെ അതു ഭാര്യ കണ്ടില്ലെന്നു മാത്രമല്ല കഷ്ടകാലത്തിന് അവളുടെ മുന്നില്‍ നിന്ന ഒരു കോമളാംഗിയാണ് എന്റെ ചേഷ്ടകള്‍ കണ്ടത്.
നൂട്ടന്റെ തിയറി ശരിയാണെന്നു തെളിയിച്ചു കൊണ് അപ്പോള്‍ തന്നെ ഞാന്‍ മാത്രം കാണാനായി, ശബ്ദമില്ലാതെ ഒരു “ഭാ..”ന്നൊരു ആട്ട് എനിക്കു മടക്ക തപാലില്‍ തന്നെ ലഭിക്കയും ചെയ്തു.
കുറച്ചു കഴിഞ്ഞാണ് ഇളയവന് എന്റെ കോപ്രായങ്ങള്‍ കണ്ടത്.”അഛനിതെന്തു പറ്റി എന്നവന് തിരികെ ആംഗ്യം കാട്ടി
മാല...മാല..എന്നു ഞാന്‍ അമ്മയേ ചൂണ്ടി അവനെ ആംഗ്യത്തിലൂടെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് “നിന്റ്റെ കൈയിലെ വാച്ച്...” എന്ന് ആംഗ്യം കാട്ടിയെങ്കിലും സമയം ചോദിച്ചതാണെന്നു കരുതി അവന് ഒരു കൈയിലെ 5 വിരലും മറ്റെ കൈയിലെ 4 വിരലും നിവര്‍ത്തി , 9 മണിയായി എന്നു എന്നെ അറിയിച്ചു.
സമയം കടന്നു പോകും തോറും ഞാന്‍ വിയര്‍ത്ത് പരവശനായിക്കൊണ്ടിരുന്നു
വീണ്ടുമൊരു ബുദ്ധി മനസ്സില്‍ കണ്ടെത്തി , അപകട സൂചന ഭാര്യക്കു നല്കാന് ഒരുങ്ങവേ അവള് എന്നെ നോക്കി “പോകാം” എന്നു ആംഗ്യം കാട്ടി.
“ഹോ..സമാധാനമായി” എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ പതിയെ തിരക്കില്‍ നിന്നും പുറത്തിറങ്ങി.
“അഛനിതെന്നാത്തിന്റ്റെ കേടാ”“ആ സ്ത്രീയുടെ വായിലിരിക്കുന്നതു കേട്ടപ്പോ സമാധാനമായില്ലെ?” “ ഞങ്ങടെ കൂടെ പഠിക്കുന്ന സീനയുടെ അമ്മ പറഞ്ഞതു നേരാ..അഛനാളു ശരിയല്ല...”
അടുത്തെത്തിയ് പാടെ ഇളയവനും ഇതെല്ലാം കണ്ട് മിണ്ടാതെ നില്ക്കയായിരുന്നു എന്നെനിക്കു വൈകി മാത്രം മനസ്സിലായ മൂത്തവനും രോഷം കൊണ്ടു.
പാതാളത്തിലേക്കു ചവിട്ടേറ്റു താഴാനൊരുങ്ങുന്ന മഹാബലിയേ പോലെ ഞാന്‍ ഭാര്യയെ നോക്കി നിന്നു.
“ഇങ്ങേരേം കൊണ്ട് പല സ്ഥലത്തും പോകാന്‍ പറ്റില്ലെന്നറിയാം..അമ്പലത്തിലും ദുഷ്ച്ചിന്തയുമായി വന്നു കേറുമെന്നാരു കണ്ടു..?”
സ്വാമിയുടെ നഗ്നപൂജക്കു വിധേയയായി കിടക്കുന്ന സ്വന്തം ഭാര്യയഉടെ വീഡിയോ, പോലീസ്സുകാര്ക്കൊപ്പമിരുന്നു കണ്ട ഡി വൈ എസ്സ് പി യേ പോലെ വെറുപ്പോടെ ഭാര്യ എന്നെ നോക്കി.
“നിങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞെങ്കില്‍ ഞാനൊന്നു പറഞ്ഞോട്ടെ..”
ഹരികൃഷ്ണണ്‍ സ്വാമിയുടെ കൂടെ നിന്ന ചിത്രം വന്ന പത്രം നോക്കി നില്ക്കുന്ന ദേവസ്വം മന്ത്രിയേപ്പോലെ ഞാന്‍ വിനീതനായി.
“അമ്മ തായമ്പക കണ്ടു നിന്നപ്പോ..അടുത്ത് നിന്ന സ്ത്രീ അമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ പതിയെ ശ്രമിക്കുന്നതു ഞാന്‍ കണ്ടു.അതേ സമയം തന്നെ ഇളയവന് അഖില്‍ കൈയ്യില്‍ ധരിചിരുന്ന വാച്ച് അടുത്തു നിന്നിരുന്ന പയ്യന് ഊരാന്‍ നോക്കുന്നതും.....അത് നിങ്ങളെ അറിയിക്കാനാ ഞാനിതൊക്കെ ചെയ്തത്...നിങ്ങളൊക്കെ എന്നെ തെറ്റിദ്ധരിച്ചു..”
ഞാന്‍ ഗദ്ഗദ കണ്ഠനായി.
“ങാ അതൊക്കെ പോട്ടെ..അഛാ ഒരു പത്തു രൂപ തരൂ..”മൂത്തവന് ഏതോ കടയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
പഴ്സില്‍ നിന്നും രൂപയെടുക്കാന്‍ ഞാന്‍ പോക്കറ്റില്‍ കൈയ്യിട്ടു.
“അയ്യോ പേഴ്സു പോയി....” ഞാന്‍ അലറി
“അഛാ കൈയ്യിലേ വാച്ചെവിടെ?”ഇളയവന് എണ്ടെ കൈയ്യില്‍ വാച്ചു കിടന്നിരുന്നിടത്തു തടവി.
അസ്ത പ്രജ്ഞനായി നിന്ന ഞാന്‍ പതിയെ ഷര്‍ട്ടിലെ പോക്കറ്റിലേക്കു കണ്ണോടിച്ചു.
കഥകളും കവിതകളും കുത്തിക്കുറിക്കാനായീ അമ്മാവന് എനിക്കു സമ്മാനിച്ച എന്റെ പ്രിയപ്പെട്ട പാര്‍ക്കര്‍ പേനയും അപ്രത്യക്ഷമായിരുന്നു.
“വല്ലവരുടേം സാധനങ്ങള്‍ പോകുന്നോയെന്നു നോക്കി നിന്ന നേരത്ത് സ്വന്തം കാര്യം നോക്കിയിരുന്നെങ്കില്‍....!”
ജനഗണമന പാടും പോലെ ഒരേ സ്വരത്തില്‍ എന്നെ നോക്കി പുഛത്തോടെ പറയുന്ന ഭാര്യയേയും മക്കളേയുമാണ് ബോധം നഷ്ടപ്പെടും മുന്‍പ് ഞാന്‍ അവസാനമായി കണ്ടത്...............................................................................