Time Pass

Sunday, September 23, 2007

സങ്കടന്‍

ഒരിക്കല്‍ ഒരു പോക്കു പോണം

തപ്പി നടക്കണം എന്നെ അവരൊക്കെ

തള്ളി പറഞ്ഞവര്‍, ഇരുട്ടടി അടിച്ചവര്‍

മാറിനിന്നവര്‍,മറുകണ്ടം ചാടിയോര്‍

കരയിച്ചോര്‍, ചിരിച്ചോര്‍

ആരും കണ്ടു പിടിക്കരുത്

ഒരിക്കലും,

ഞാന്‍ മരിച്ചു പോയെന്ന സത്യം

Thursday, September 20, 2007

വെളുപ്പ്

“നിന്റെ വീടെവിടെയാ?”ബ്രോക്കര്‍ വാസുവിന് മുന്നൂറ് രൂപ കൊടുത്ത് പറഞ്ഞു വിട്ട ശേഷം മുറിയുടെ കതക് ഉള്ളില്‍ നിന്നടച്ചു കൊണ്ട് ഞാനവളോ‍ടു ചോദിച്ചു
അവള്‍ ഏതോ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു .ബനിയന്‍ ഊരി കട്ടിലില്‍ ഇടവേ ബനിയന്റെ തൂവെള്ള നിറത്തിനു നേരെ എതിര്‍ നിറമുള്ള എന്റെ ശരീരത്തിലെ ഇല്ലാ‍ത്ത മസിലുകള്‍ ഒന്നു പെരുപ്പിക്കാന്‍ ഞാന്‍ വ്രുഥാ ശ്രമിച്ചു
‘നിക്കാണെങ്കില്‍ സംസ്ക്കാരവും ആഭിജാത്യവും ഇല്ലാത്തവരുമായി ബന്ധപ്പെടുന്നതു പോയിട്ടു സംസാരിക്കുന്നതു പോലും ഇഷ്ടമല്ല” ഒരു സിഗരട്ട് കത്തിച്ച് , പുക അവളുടെ നേരെ ഊതിക്കൊണ്ട് ഞാന്‍ പറഞ്ഞു
വെറുതെ എന്നെ ഒന്നു നോക്കിയ ശേഷം അവള്‍ എനിക്കു പുറം തിരിഞ്ഞു നിന്ന് ചുരിദാര്‍ ഊരി അയയില്‍ വിരിച്ചു
എല്ലുകള്‍ തെളിഞ്ഞതെങ്കിലും അവളുടെ വെളുത്ത ശരീരത്തെ ഞാന്‍ തെല്ലു അസൂയയോടെ നോക്കി
‘സംവരണമാണെങ്കിലും അല്ലെങ്കിലും പ്രീഡിഗ്രി പാസ്സായ ഉടന്‍ തന്നെ എനിക്കു ജോലി കിട്ടി നല്ല ശമ്പളവും കിട്ടുന്നുണ്ട്’
പതിയെ അവളുടെ അരികെ ചെന്ന് അവളെ ഞാനെന്റെ കരവലയത്തിലാക്കി
‘എന്റെ കൂടെ ഒരു രാത്രി കഴിയാന്‍ വന്ന നിന്നോട് വിദ്യാഭ്യാസത്തെ പറ്റിയും കുടുംബ മഹിമയെ പറ്റിയും ഒക്കെ ഞാനെന്തിനു പറയണം?’
ചിരിച്ചു കൊണ്ട് ഞാന്‍ സിഗരെട്ട് തറയില്‍ ഇട്ട് ചവിട്ടി അരച്ചു
“പത്താം ക്ലാസ്സ് വരെയെങ്കിലും പഠിക്കാന്‍ ശ്രമിച്ചോ നീ?”
വെറുതേ ഞാന്‍ ചോദിച്ചു
“ഉവ്വ ശ്രമിച്ചു” അവള്‍ പറഞ്ഞു
“തുടര്‍ന്നു പഠിക്കായിരുന്നില്ലേ? ഈ ഗതി വരില്ലായിരുന്നല്ലോ? ഞാന്‍ ചിരിച്ചു
‘തുടര്‍ന്നും പഠിച്ചു’ അവള്‍ മൊഴിഞ്ഞു
“പ്രീഡിഗ്രി തോറ്റപ്പോ നിര്‍ത്തിക്കാണും” ഞാന്‍ ആത്മഗതം പോലെ പറഞ്ഞു
ഞാന്‍ കിതച്ചു തുടങ്ങിയിരുന്നു
“ഇല്ല എം എസ്സ് സിക്കു ഫസ്റ്റ് ക്ലാസ്സ് ഉണ്ട് ,എം എസ്സ് ഡബ്ലിയുവിനു സെക്കന്‍ഡ് ക്ലാസ്സുണ്ട് ,കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി എടുത്തു“
“ പക്ഷെ ജോലിയൊന്നും കിട്ടിയില്ല ഞാ‍നൊരു സവര്‍ണ്ണയാണ്”
അവജ്ഞ നിറഞ്ഞ ഒരു ചിരി അവള്‍ എന്റെ നേരെ എറിഞ്ഞു
അതു കാ‍ണാതെയിരിക്കാന്‍ ഞാന്‍ മുഖം ബെഡ് ഷീറ്റിനടിയില്‍ ഒളിപ്പിച്ചു

Tuesday, September 18, 2007

നാളെ

ഇന്നലെ ഞാനൊരു വര വരച്ചു
വെറുമൊരു നിമിഷത്തിന്‍ അക്ഷര പകുതിയില്‍
ഇന്നലെത്തന്നെ അതു മായ്ച്ചു കളഞ്ഞു
ഇന്നു നീയൊരു വര വരച്ചു
ഇന്നലെയ്ക്കും നാളെയ്ക്കും ഇടയില്‍ പിറന്നൊരു
ഇന്നിന്റെ വരയെ ഞാന്‍ തൂത്തു കളഞ്ഞു
നാളെയൊരു വരയായി പടരാന്‍ തോന്നുമ്പോള്‍
നല്ലൊരു വരയാകാന്‍ ഞാനില്ല നീയില്ല
നന്മ പകര്‍ന്നൊരു ഇന്നിനേം ഇന്നലേം
നിര്‍ലജ്ജം നി‍ഷ്കരുണം മായ്ച്ചവരല്ലെ നാം?

Tuesday, September 11, 2007

പൂഴി

പാഴായ വരികളും
പാഴായ വരകളും
പാഴായ വര്‍ണ്ണവും
പാഴായ സ്വപ്നവും
പാഴായ ദിനങ്ങളും
പാഴായ ചായവും
പാഴായ മോഹവും
പാഴായ ഭൂവിതില്‍
പഴിയായി ഞാനും.......